ഹോങ്കോംഗ്: ഹോങ്കോംഗ് തര്‍ക്കത്തില്‍ ഇടപെടുന്ന വിദേശരാജ്യങ്ങള്‍ക്ക് ശക്തമായ താക്കീത് നല്‍കി ചൈന. ആഗോള സാമ്പത്തിക കേന്ദ്രമായ ഹോങ്കോംഗിനെ കളിപ്പാവയായി ഉപയോഗിക്കുന്നത് തുടര്‍ന്നാല്‍ പാഠം പഠിപ്പിക്കുമെന്ന് ചൈന പറഞ്ഞു. വ്യാഴാഴ്ച പുറത്തുവന്ന ചൈനയുടെ ഈ പ്രസ്താവന ചൈനയും പാശ്ചാത്യരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയിരിക്കുകയാണ്.
ചൈനയുടെ ഹോങ്കോംഗ് ഓഫീസ് ഡയറക്ടറായ ലുവോ ഹ്യൂനിങ്ങാണ് വിദേശരാജ്യങ്ങള്‍ക്ക് താക്കീത് നല്‍കുന്ന പ്രസ്താവന നടത്തിയത്. ഹോങ്കോംഗിന്റെ പ്രത്യേക അധികാരവും സ്വയം ഭരണാധികാരവും വെട്ടിച്ചുരുക്കുന്ന പുതിയ ദേശീയ സുരക്ഷാ നിയമം ചൈന കഴിഞ്ഞ വര്‍ഷം പാസാക്കിയിരുന്നു. പാശ്ചാത്യരാജ്യങ്ങള്‍ ഈ നിയമത്തിനെതിരെ രംഗത്തെത്തിയതില്‍ പ്രതികരിച്ചാണ് ചൈനയുടെ താക്കീത്.
ബ്രീട്ടീഷ് കോളനിയായ ഹോങ്കോംഗ്, 1997ല്‍ സ്വതന്ത്രമായ സമയത്ത് ചൈനയുമായി ഒപ്പുവെച്ച കരാറിലെ ധാരണകള്‍ ലംഘിച്ചുകൊണ്ട് ഹോങ്കോംഗിന്റെ അവകാശങ്ങളും അധികാരവും ഇല്ലാതാക്കുന്നതാണ് പുതിയ നിയമമെന്നായിരുന്നു വിദേശരാജ്യങ്ങള്‍ ഉയര്‍ത്തിയ വിമര്‍ശനം.
മനുഷ്യാവകാശങ്ങള്‍ ഹനിക്കുന്ന നടപടികളെടുത്ത ചൈനീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടണിലെ നൂറിലേറെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ കഴിഞ്ഞ ആഴ്ച സമീപിച്ചിരുന്നു. ഹോങ്കോംഗിലെ ചൈനീസ് നടപടികള്‍ക്കെതിരെയുള്ള ഈ നീക്കവും ചൈനയെ ചൊടിപ്പിച്ചിട്ടുണ്ട്.
ദേശീയ സുരക്ഷാ നിയമത്തിന്റെ ഭാഗമായി ഹോങ്കോംഗിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചൈന ഇടപെടലുകള്‍ നടത്തുന്നതിനെതിരെയും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ദേശീയ സുരക്ഷ വിദ്യാഭ്യാസ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമുള്ള പഠനങ്ങള്‍ ആറ് വയസ്സ് മുതല്‍ ആരംഭിക്കാനാണ് ചൈന തീരുമാനിച്ചിരിക്കുന്നത്.
വിദേശ ശക്തികളുമായി കൂട്ടുച്ചേരല്‍, തീവ്രവാദം, വിഭജനവാദം, അട്ടിമറിശ്രമങ്ങള്‍ എന്നിവയാണ് ഏറ്റവും വലിയ കുറ്റങ്ങളായി ഈ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നത്. ഹോങ്കോംഗ് പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചത് ലിബറല്‍ വിദ്യാഭ്യാസരീതികളാണെന്നും ചൈന കുറ്റപ്പെടുത്തുന്നുണ്ട്.
അതേസമയം 2019ല്‍ നടന്ന ചൈനീസ് സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളെ തുടര്‍ന്ന് ഹോങ്കോംഗില്‍ ക്രമസമാധാനം നഷ്ടപ്പെട്ടിരിക്കുകയാണെന്നും പുതിയ നിയമത്തോടെ ഇവ പുനസ്ഥാപിക്കപ്പെടുമെന്നാണ് കരുതുന്നതെന്നുമാണ് നിയമത്തെ അനുകൂലിക്കുന്നവരുടെ വാദം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക