ബെയ്ജിങ്: അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഇടപെടുമെന്ന് ചൈന. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതിനെ എതിര്‍ക്കുമെന്നും ചൈനീസ് വിദേശകാര്യമന്ത്രി ക്വിന്‍ ഗാങ് (Qin Gang) പറഞ്ഞു.
താലിബാന്‍ ഭരണത്തിന് കീഴില്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയുമുള്‍പ്പെടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നതായുള്ള റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ക്വിന്‍ ഗാങിന്റെ പ്രതികരണം. പാകിസ്ഥാനും അഫ്ഗാനിസ്ഥാനുമായി നടത്തിയ ചര്‍ച്ചയിലായിരുന്നു ക്വിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പാകിസ്ഥാന്‍ വിദേശമന്ത്രി ബിലാവല്‍ ബുട്ടോ സര്‍ദാരി, അഫ്ഗാനിസ്ഥാനിലെ ഇടകാല ചുമതലയുളള വിദേശകാര്യമന്ത്രി അമിര്‍ഖാന്‍ മുത്താഖി എന്നിവരുമായി ക്വിന്‍ കൂടിക്കാഴ്ച നടത്തി.
അഫ്ഗാനിസ്ഥാനിലെ തീവ്രവാദത്തിനെതിരെ ആത്മാര്‍ഥമായി പോരാടണമെന്ന് ക്വിന്‍ മുത്താഖിയോട് ആവശ്യപ്പെട്ടതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഈസ്റ്റ് തുര്‍ക്കിസ്ഥാന്‍ ഇസ്‌ലാമിക് മൂവ്‌മെന്റിനെ തകര്‍ക്കണമെന്നും അഫ്ഗാനിസ്ഥാനിലെ ചൈനീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ക്വിന്‍ പറഞ്ഞു.
അഫ്ഗാനിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടല്‍, അഫ്ഗാനിസ്ഥാനെതിരെയുള്ള നിയമവിരുദ്ധ ഉപരോധം എന്നിവയെ എതിര്‍ക്കുമെന്ന് ചര്‍ച്ചയില്‍ മന്ത്രിമാര്‍ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലെ സമാധാനം തകര്‍ക്കുന്ന പ്രവര്‍ത്തികളെയും എതിര്‍ക്കുമെന്ന് ക്വിന്‍ അറിയിച്ചു.
ചൈനയും അഫ്ഗാനിസ്ഥാനും തമ്മില്‍ പരസ്പരം പിന്തുണയ്ക്കുകയും മനസിലാക്കുകയും ചെയ്യുന്നു. എന്തൊക്കെ സംഭവിച്ചാലും ചൈന അഫഗാന്‍ ജനതക്കൊപ്പം അടിയുറച്ച് നില്‍ക്കുമെന്നും അഫ്ഗാന്റെ വികസനത്തിനായി പിന്തുണ നല്‍കുമെന്നും ക്വിന്‍ പറഞ്ഞു.
റിച്ചാര്‍ഡ് ബെന്നറ്റ് മാര്‍ച്ചില്‍ പുറത്ത് വിട്ട യു.എന്‍ സ്‌പെഷ്യല്‍ റിപ്പോര്‍ട്ടില്‍ അഫ്ഗാനിസ്ഥാനില്‍ വ്യാപകമായ അവകാശ ലംഘനങ്ങള്‍ നടക്കുന്നതായി വെളിപ്പെടുത്തുന്നു.