ജീവിതമെന്നാല്‍, ആത്മാഭിമാനത്തോടെയും അന്തസോടെയുമുള്ള ജീവിതം എന്നുകൂടി അര്‍ത്ഥമുണ്ട്. 'അവിഹിത' ഗര്‍ഭധാരണത്തോട് മുഖം ചുളിക്കുന്ന സമൂഹം ആ ഗര്‍ഭത്തില്‍ നിന്ന് ജനിക്കുന്ന കുഞ്ഞിന് ആത്മാഭിമാനത്തോടെയും അന്തസോടെയും ജീവിക്കാന്‍ സാഹചര്യമൊരുക്കില്ല.
ലോകത്ത് ഒരു ദിവസം 15000 കുട്ടികള്‍ മരണപ്പെടുന്നുവെന്നാണ് ലോകാരോഗ്യ റിപ്പോര്‍ട്ട് (വേള്‍ഡ് ഹെല്‍ത്ത് മാട്രിക്‌സ് ആന്‍ഡ് ഇവാലുവേഷന്‍ റിപ്പോര്‍ട്ട്) പറയുന്നത്. 3.9 ശതമാനം എന്ന ഈ നിരക്ക് 2030 ആകുമ്പോള്‍ 2.5 ശതമാനം ആയി കുറയ്ക്കണം എന്ന് ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലെ ഭാഗം 3.2 പറയുന്നു.
ഇന്ത്യയില്‍ ശിശുമരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് സാമ്പിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം ഈയിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, 2014 ല്‍ നിന്ന് പകുതിയായി ഈ നിരക്കില്‍ കുറവുണ്ടായതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ജനിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ മരണപ്പെടുന്ന കുട്ടികളുടെ എണ്ണമാണ് ശിശു മരണ നിരക്കില്‍ ഉള്‍പ്പെടുന്നത്. 1000 കുട്ടികളില്‍ എത്രപേര്‍ മരണപ്പെടുന്നുവെന്നതാണ് ഇതിനായി പരിഗണിക്കുന്നത്. കേരളത്തില്‍ 1000നു 6 ആയിരിക്കവേ ഇന്ത്യയില്‍ ഈ നിരക്ക് 1000 നു 30 ആണ്.
രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ശിശുരണനിരക്ക് മധ്യപ്രദേശിലാണെന്നും (46) റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
ഒരു സമൂഹത്തിലെ ശിശു മരണനിരക്ക് ആ സമൂഹത്തിന്റെ പൊതു ആരോഗ്യ അവസ്ഥയെ സൂചിപ്പിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ്. അങ്ങനെ നോക്കുമ്പോള്‍ കേരളത്തിന്റെ മെച്ചപ്പെട്ട പൊതുജനാരോഗ്യ സംവിധാനത്തെയാണ് ഈ ശിശുമരണ നിരക്ക് വ്യക്തമാക്കുന്നത്, വിശേഷിച്ച്, സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം.
ഗര്‍ഭിണി ആയിരിക്കുന്ന അവസ്ഥയില്‍ ഒരു സ്ത്രീക്ക് ആവശ്യമായ പോഷകാഹാരത്തിന്റെ കുറവ്, ആരോഗ്യ പരിശോധനയുടെ അഭാവം, അവശ്യ ചികിത്സ ലഭ്യമാതിരിക്കല്‍, പ്രസവസമയത്ത് ആവശ്യമായ പരിചരണം ലഭിക്കാതിരിക്കല്‍, ജനിച്ച ഉടനെ കുഞ്ഞിന് ലഭിക്കേണ്ട പരിചരണത്തിലെ പിഴവ്, കുഞ്ഞിന്റെ തൂക്കക്കുറവ്, അമ്മയ്ക്കോ കുഞ്ഞിനോ ഉള്ള മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയവയെല്ലാം ശിശു മരണത്തിനു കാരണങ്ങളാണ്.
അതോടൊപ്പം വിവാഹപൂര്‍വ്വ ബന്ധത്തിലെയോ വിവാഹ ഇതര ബന്ധത്തിലെയോ ഗര്‍ഭധാരണം, അതിനോട് കുടുംബത്തിനും സമൂഹത്തിനുമുള്ള അവഗണനാ മനോഭാവം, അത്തരം ഗര്‍ഭം മറച്ചുവയ്ക്കാനോ ഇല്ലാതാക്കാനോ ആയി ആശ്രയിക്കുന്ന അശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍, അപമാനം ഭയന്ന് അമ്മയോ അമ്മയും ബന്ധുക്കളും ചേര്‍ന്നോ കുഞ്ഞിനെ ഉപേക്ഷിക്കുന്നത് എന്നിവയും ശിശുമരണത്തിന് കാരണമാകുന്നു.
ഇത്തരം പ്രസവങ്ങളില്‍ അമ്മമാര്‍ തന്നെ ചില സന്ദര്‍ഭങ്ങളില്‍ കുഞ്ഞിനെ കൊലപ്പെടുത്തുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്.
സൂര്യനില്‍ നിന്ന് ഗര്‍ഭം ധരിച്ച അവിവാഹിതയായ കുന്തി പ്രസവിച്ച ഉടന്‍ കുഞ്ഞിനെ നദിയില്‍ ഉപേക്ഷിച്ച മഹാഭാരത സന്ദര്‍ഭം ഓര്‍ക്കാവുന്നതാണ്. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഇതിഹാസത്തിലെയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെയും ഇന്ത്യന്‍ സ്ത്രീയുടെ അനുഭവങ്ങളിലെ സമാനനില ശ്രദ്ധേയമാകുന്നു.
ആരോഗ്യരംഗത്തെ അനാസ്ഥയായാലും ഗര്‍ഭധാരണത്തോടുള്ള സമൂഹത്തിന്റെ മനോഭാവമായാലും ഭ്രൂണാവസ്ഥ മുതല്‍ കുഞ്ഞിന്റെ സുരക്ഷിതത്വം അവന്റെ / അവളുടെ അവകാശമാണ്. ഭ്രൂണത്തിന്റെ ലിംഗപരിശോധനാ നിരോധനം ഉള്‍പ്പെടെയുള്ള നിയമപരമായ നിയന്ത്രണങ്ങളുടെ ലക്ഷ്യം ഈ അവകാശ സംരക്ഷണമാണ്.
ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിക്കാന്‍ സ്ത്രീക്കും ആരോഗ്യത്തോടെ വളരാന്‍ കുഞ്ഞിനും സാഹചര്യമൊരുക്കേണ്ടത് ഭരണകൂട(State)മാണ്.
അതേസമയം, ദുര്‍ബലമായ ആരോഗ്യ സംവിധാനവും അവഗണിക്കപ്പെടുന്ന സ്ത്രീ ജീവിതവും സമൂഹത്തിന്റെ യാഥാസ്ഥിതിക മനോഭാവവും ആഘാതമാവുന്നത് സ്ത്രീക്കുമേല്‍ മാത്രമല്ല, പിറന്നുവീഴുന്ന കുഞ്ഞിനുമേല്‍ കൂടിയാണ്.
സ്വാഭാവിക മരണത്തിനോ കൊലപാതകത്തിനോ ആ കുഞ്ഞ് വിധേയയാ/നാവേണ്ടി വരുന്നത് പൗരാവകാശ ലംഘനവും അനീതിയുമാണ്.
ഇതിനു പരിഹാരം കാണേണ്ടത് മെച്ചപ്പെട്ട ആരോഗ്യ സംവിധാനം ഉറപ്പാക്കിക്കൊണ്ടും സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം വരുത്തിക്കൊണ്ടുമാണ്. എളുപ്പത്തില്‍ സാധ്യമാവുന്നവയല്ല ഇവ രണ്ടും. ഓക്‌സിജന്‍ ലഭിക്കാതെ കുഞ്ഞുങ്ങള്‍ മരണപ്പെടുന്ന ഉത്തര്‍പ്രദേശു പോലെയുള്ള സംസ്ഥാനങ്ങളുള്ള ഇന്ത്യ രാജ്യം സ്ത്രീയുടെ ആരോഗ്യത്തില്‍ ശ്രദ്ധവെക്കുമെന്ന് കരുതാന്‍ വയ്യ.
പ്രസവിച്ചാലുടനെ മരണപ്പെട്ടുപോകുന്ന അമ്മമാരുടെ എണ്ണം ഏറ്റവും അധികമുള്ള രാജ്യമാണ് ഇന്ത്യ എന്നതും ഓര്‍ക്കണമല്ലോ. സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം വരണമെങ്കില്‍ ലിംഗസമത്വം സംസ്‌കാരമായി മാറണം. അതും ഇന്ത്യന്‍ സാഹചര്യത്തില്‍ അനായാസമല്ല തന്നെ. ഇവിടെയാണ് ദത്തെടുക്കലിന്റെ പ്രസക്തി.
ജീവിതമെന്നാല്‍, ആത്മാഭിമാനത്തോടെയും അന്തസോടെയുമുള്ള ജീവിതം എന്നുകൂടി അര്‍ത്ഥമുണ്ട്. ‘അവിഹിത’ ഗര്‍ഭധാരണത്തോട് മുഖം ചുളിക്കുന്ന സമൂഹം ആ ഗര്‍ഭത്തില്‍ നിന്ന് ജനിക്കുന്ന കുഞ്ഞിന് ആത്മാഭിമാനത്തോടെയും അന്തസോടെയും ജീവിക്കാന്‍ സാഹചര്യമൊരുക്കില്ല.
അതുകൊണ്ട്, ശിശുമരണനിരക്ക് കുറയ്ക്കുന്നതില്‍ മാത്രമല്ല, അന്തസോടെ ജീവിക്കുക എന്ന മനുഷ്യാവകാശത്തിനും ദത്തെടുക്കല്‍ പ്രധാനമാണ്.
രാജ്യത്ത് കൊവിഡ് കാലത്ത് മാത്രം 30,071 കുട്ടികള്‍ അനാഥരായതായി നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. മാത്രമല്ല, ഇന്ത്യയില്‍ ഒരു വര്‍ഷം ശരാശരി 60000 കുട്ടികള്‍ ഉപേക്ഷിക്കപ്പെടുന്നു.
ഇവരില്‍ വലിയൊരു ഭാഗം ലൈംഗിക ചൂഷണത്തിനും മറ്റ് പീഡനങ്ങള്‍ക്കും വിധേയരാകേണ്ടിവരുന്നു. ചെറിയൊരു ഭാഗമാണ് അംഗീകൃത ദത്തെടുക്കല്‍ ഏജന്‍സികളില്‍ എത്തിപ്പെടുന്നത്. തുടര്‍ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷയാണ് അവര്‍ക്ക് ലഭിക്കുക.
ഒരു വ്യക്തിയുടെയോ ദമ്പതിയുടെയോ മാതൃപരമോ പിതൃപരമോ ആയ അവകാശങ്ങള്‍ മറ്റൊരു വ്യക്തിക്കോ ദമ്പതിക്കോ കൈമാറുന്നതാണ് ദത്തെടുക്കലില്‍ സംഭവിക്കുന്നത്. ജീവശാസ്ത്രപരമായ മാതാപിതാക്കളുടെ എല്ലാ അവകാശവും ദത്തെടുക്കുന്ന ദമ്പതിക്കുണ്ട്.
നിയമവിധേയമായ നടപടിക്രമങ്ങളിലൂടെ പൂര്‍ത്തിയായ ഒരു ദത്തെടുക്കല്‍ റദ്ദാക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും ദത്തെടുക്കപ്പെട്ട കുട്ടിയുടെ മേല്‍ ജീവശാസ്ത്രപരമായ മാതാപിതാക്കള്‍ക്ക് ഒരാവകാശവും ഇല്ലെന്നും നിയമം വ്യക്തമാക്കുന്നു.
സാമൂഹികവും നിയമപരവും വൈകാരികവും അനന്തരാവകാശപരവുമായ എല്ലാ അവകാശങ്ങളും ദത്തെടുത്ത മാതാപിതാക്കളില്‍ നിന്ന് അനുഭവിക്കാന്‍ കുട്ടിക്ക് അര്‍ഹതയുമുണ്ട്.
അനാഥനോ അനാഥയോ ആയ കുട്ടി, അംഗീകൃത ദത്തെടുക്കല്‍ ഏജന്‍സിയില്‍ ഏല്പിക്കപ്പെട്ടതോ ഉപേക്ഷിക്കപ്പെട്ടതോ ആയ കുട്ടി തുടങ്ങിയവരെ ദത്തെടുക്കലിന് പരിഗണിക്കാം. നിയമപരമായി അച്ഛനമ്മമാരോ രക്ഷിതാവോ ഇല്ലാത്തതോ അച്ഛനമ്മമാരോ രക്ഷിതാവോ ഉപേക്ഷിച്ചതോ ആയ കുഞ്ഞ് അനാഥനോ അനാഥയോ ആയി കണക്കാക്കപ്പെടും.
കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്തെ അംഗീകൃത ഏജന്‍സികള്‍ നടപടിക്രമങ്ങള്‍ നിര്‍വഹിക്കുന്നത്. മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ദത്തെടുക്കല്‍ തോത് ഇന്ത്യയില്‍ കുറവാണ്.
2019-20ല്‍ 3745 കുട്ടികളാണ് ഇന്ത്യയില്‍ ദത്തെടുക്കപ്പെട്ടത്. കുട്ടികളുടെ ജാതി, മതം, വംശം, നിറം, ലിംഗം തുടങ്ങിയ ഘടകങ്ങളെ കുറിച്ചുള്ള ആശങ്കയാവണം ഇന്ത്യന്‍ ദമ്പതിമാരെ ദത്തെടുക്കലില്‍ നിന്ന് വിമുഖരാക്കുന്നത്. കേരളത്തിലാവട്ടെ, 2019-20ല്‍ 124 ഉം 2020-21 ല്‍ 133 ഉം കുട്ടികള്‍ ദത്തെടുക്കപ്പെട്ടു.
കൊവിഡ് കാലത്ത് സുരക്ഷിതരല്ലാത്ത അനാഥരായ കുഞ്ഞുങ്ങള്‍ രാജ്യത്ത് വര്‍ധിക്കുന്ന സാഹചര്യമുണ്ടായല്ലോ. ഈ സാഹചര്യത്തിലും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള നിയമപരമായ നടപടിക്രമങ്ങളിലൂടെ ദത്തെടുക്കല്‍ പ്രക്രിയ കേരളത്തില്‍ നടന്നുവെന്നത് ശ്രദ്ധേയമാണ്.
ഒരു സംസ്ഥാനത്തിന് മാത്രമായി തീരുമാനമെടുക്കാനോ പൂര്‍ത്തിയാക്കാനോ കഴിയുന്ന ഒന്നല്ല ദത്തെടുക്കല്‍ നടപടിക്രമം. യുനിസെഫിന്റെ 2011ലെ പഠനമനുസരിച്ച് ഇന്ത്യയില്‍ ആകെ ഉള്ള കുട്ടികളില്‍ നാലു ശതമാനം ഉപേക്ഷിക്കപ്പെട്ടവരാണ്.
ഇവരുടെ ജീവിതം മനുഷ്യാവകാശങ്ങള്‍ അനുഭവിക്കുന്ന വിധത്തില്‍ മുന്നോട്ടുപോകണമെങ്കില്‍ ദത്തെടുക്കല്‍ പ്രോത്സാഹിപ്പിക്കപ്പെടണം.
ഉപേക്ഷിക്കപ്പെടുന്നതോ അനാഥമാകുന്നതോ ആയ ഒരു കുഞ്ഞിന് മാതാപിതാക്കളില്‍ നിന്നുള്ള സ്‌നേഹ വാത്സല്യങ്ങളാണ് ദത്തെടുക്കലിലൂടെ അനുഭവിക്കാന്‍ കഴിയുന്നത്. അവന്റെ / അവളുടെ തുടര്‍ ജീവിതത്തില്‍ പ്രകാശമായി മാറുന്ന ആ അനുഭവത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് മനുഷ്യത്വരഹിതമാണ്. സ്വന്തമായി കുഞ്ഞുങ്ങള്‍ ഇല്ലാത്ത ദമ്പതിമാരുടെ ജീവിതത്തിന് പ്രതീക്ഷയും പ്രചോദനവും ആ കുഞ്ഞായിരിക്കും.
ദത്തെടുക്കല്‍ സംബന്ധിക്കുന്ന മിഥ്യാ ബോധങ്ങളില്‍ നിന്നും അന്ധമായ ധാരണകളില്‍ നിന്നും സമൂഹം മോചിതമാവുന്നതിലൂടെ പതിനായിരക്കണക്കിന് മനുഷ്യര്‍ ആഹ്ലാദവും അന്തസും അനുഭവിക്കും.
അതുകൊണ്ടുതന്നെ, ഉദാത്തവും മാതൃകാപരവും ധാര്‍മ്മികവും മനുഷ്യത്വപരവും നിയമവിധേയവുമായ ദത്തെടുക്കല്‍ പ്രക്രിയ ശിശുമരണ നിരക്ക് കുറയ്ക്കാന്‍ മാത്രമല്ല, കുഞ്ഞിന്റെ ജീവനും ജീവിതത്തിനും സുരക്ഷയും അന്തസും ഉറപ്പാക്കുന്നതിനും ഭരണഘടനാപരമായ അവകാശം സംരക്ഷിക്കുന്നതിനും ഇന്ത്യയ്ക്ക് സഹായകമാവും.