Kerala News
ചെന്നിത്തല അടുത്ത മുഖ്യമന്ത്രിയാകട്ടെയെന്ന് പ്രാസംഗികന്‍; കോണ്‍ഗ്രസിനകത്ത് വലിയ പ്രശ്‌നങ്ങളുണ്ടാക്കുന്ന ബോംബാണ് പൊട്ടിച്ചതെന്ന് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 05, 04:02 pm
Wednesday, 5th February 2025, 9:32 pm

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല അടുത്ത മുഖ്യമന്ത്രിയാക്കട്ടെ എന്ന സ്വാഗത പ്രാസംഗികന്റെ പരാമര്‍ശത്തെ ട്രോളി മുഖ്യമന്ത്രി പിണറായി വിജയന്‍.

കോണ്‍ഗ്രസിനകത്ത് വലിയ പ്രശ്‌നങ്ങളുണ്ടാക്കുന്ന ഒരു ബോംബ് ആണ് അദ്ദേഹം പൊട്ടിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘രവി പ്രഭ’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരള രാഷ്ട്രീയത്തിലെ ഒരിക്കലും അവഗണിക്കാന്‍ കഴിയാത്ത വലിയ ശക്തിയാണ് രമേശ് ചെന്നിത്തലയെന്നും അദ്ദേഹം അടുത്ത മുഖ്യമന്ത്രിയാകട്ടെയെന്ന് ആശംസിക്കുന്നുവെന്നാണ് പ്രാസംഗികന്‍ പറഞ്ഞത്. വി.ഡി. സതീശന്‍ സര്‍ പോയോ എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.

രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഉള്ള വേദിയല്ല ഇതെന്നും രമേശ് ചെന്നിത്തല വളരെ സ്‌നേഹത്തോടെ പെരുമാറുന്ന സഹോദര തുല്യനായ വ്യക്തിയാണെന്നും പ്രാസംഗികന്‍ പറയുന്നുണ്ട്. ഇതിനുപിന്നാലെ സംസാരിക്കാനെത്തിയ മുഖ്യമന്ത്രി പ്രാസംഗികന്റെ പരാമര്‍ശത്തെ ട്രോളുകയായിരുന്നു.

‘നമ്മുടെ സ്വാഗത പ്രാസംഗികനെ കുറിച്ച് രണ്ട് വാക്ക് പറഞ്ഞില്ലെങ്കില്‍ മോശമാകുമെന്ന് തോന്നുന്നു. അദ്ദേഹം രാഷ്ട്രീയം ഒന്നും പറയുന്നില്ല എന്ന് പറഞ്ഞു. പക്ഷെ ഒരു പാര്‍ട്ടിക്കകത്ത് വലിയ പ്രശ്‌നങ്ങളുണ്ടാക്കുന്ന ഒരു വലിയ ബോംബാണ് അദ്ദേഹം പൊട്ടിച്ചത്.

ഞാന്‍ ആ പാര്‍ട്ടിക്കാരന്‍ അല്ല എന്നുള്ളത് നിങ്ങള്‍ക്കെല്ലാം അറിയാമല്ലോ? എന്നാലും ഇങ്ങനെയൊരു കൊടുംചതി ചെയ്യാന്‍ പാടില്ലായിരുന്നുവെന്നാണ് അദ്ദേഹത്തിനോട് എനിക്ക് സ്‌നേഹത്തോടെ പറയാനുള്ളത്,’ മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിക്കും രമേശ് ചെന്നിത്തലയ്ക്കും പുറമെ വ്യവസായി രവി പിള്ള പ്രേമചന്ദ്രന്‍ എം.പി, ഗോവ ഗവര്‍ണര്‍ ശ്രീധരന്‍ പിള്ള, മന്ത്രി ജി.ആര്‍. അനില്‍, നടന്‍ മോഹന്‍ലാല്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

അടുത്തിടെ, കോണ്‍ഗ്രസില്‍ നിന്ന് ആരാണ് മുഖ്യമന്ത്രി എന്ന വിഷയത്തില്‍ വലിയ വാദപ്രതിവാദങ്ങള്‍ ഉണ്ടായിരുന്നു. പിണക്കം മറന്ന് എന്‍.എസ്.എസ് മന്നം ജയന്തിയിലേക്ക് രമേശ് ചെന്നിത്തലയെ ക്ഷണിച്ചതോടെ ചര്‍ച്ചകള്‍ ശക്തമാകുകയായിരുന്നു. തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ ഒന്നും തന്നെ നടക്കുന്നില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

Content Highlight: Chief Minister trolled the remark that Ramesh Chennithala should be the next Chief Minister