ബഷീറിന്റ കേസില്‍ ഒരു വിട്ടുവീഴ്ചയും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല; ശ്രീറാമിന്റെ നിയമനം സ്വാഭാവിക നടപടി: മുഖ്യമന്ത്രി
Kerala News
ബഷീറിന്റ കേസില്‍ ഒരു വിട്ടുവീഴ്ചയും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല; ശ്രീറാമിന്റെ നിയമനം സ്വാഭാവിക നടപടി: മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th July 2022, 7:24 pm

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കി നിയമിച്ചതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വജയന്‍.

ബഷീറിന്റ കേസുമായി ബന്ധപ്പെട്ട് ഒരു വിട്ടുവീഴ്ചയും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും എന്നാല്‍ സര്‍ക്കാര്‍ സര്‍വീസിലുള്ളയാളുകള്‍ ഓരോഘട്ടത്തില്‍ ചുമതല വഹിക്കേണ്ട ചില കാര്യങ്ങളുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ബഷീര്‍ നമ്മുടെ എല്ലാവുരുടെയും നല്ല സുഹൃത്താണ്, നിങ്ങളുടെ(മധ്യമപ്രവര്‍ത്തകര്‍)യും വലിയ സുഹൃത്താണ്. ആ ഒരു കേസില്‍ വികാരമുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ സര്‍ക്കാര്‍ സര്‍വീസിലുള്ളയാളുകള്‍ ഓരോഘട്ടത്തില്‍ ചുമതല വഹിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിന്റെ ഭാഗമായാണ് ആലപ്പുഴ കളക്ടറായുള്ള ചുമതല നല്‍കിയത്.

കെ.എം. ബഷീര്‍

 

ബഷീറിന്റ കേസുമായി ബന്ധപ്പെട്ട് ഒരു വിട്ടുവീഴ്ചയും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. കൂടുതല്‍ ശക്താമായ നടപടികള്‍ മാത്രമേ സ്വീകരിച്ചിട്ടുള്ളു. ഇനിയും അത് തുടരും. മറ്റ് കാര്യങ്ങള്‍ ഔദ്യോഗിക വീഴ്ചകള്‍ വരുന്നതനുസരിച്ചാണ് നടപടിയെടുക്കുക. നിലവില്‍ ഒരു ചുമതല ഏല്‍പ്പിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ മുന്നോട്ടുപോകുമെന്നാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിത്യോപയോഗ സാധനങ്ങളുടെ മേലുള്ള ജി.എസ്.ടി നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം പുതുതായി ഏര്‍പ്പെടുത്തിയ അഞ്ച് ശതമാനം ജി.എസ്.ടിയാണ് ഒഴിവാക്കുക. ആഢംബര വസ്തുക്കളുടെ നികുതി കൂട്ടാനാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. ജി.എസ്.ടി കൗണ്‍സിലിലും സര്‍ക്കാര്‍ പറഞ്ഞത് ഇതേ നിലപാടാണ്. കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു.

സംസ്ഥാനത്തിന്റെ വായ്പ പരിധിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ്. കിഫ്ബി വായ്പ സര്‍ക്കാര്‍ കടമായി കാണുന്ന കേന്ദ്ര നയം തെറ്റാണ്. കിഫ്ബി വായ്പ സര്‍ക്കാര്‍ ഗാരന്റിയുള്ള വായ്പയാണെന്നും മുഖ്യമന്ത്രി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്തെ വ്യവസായമേഖലയില്‍ ഗണ്യമായ പുരോഗതിയെന്ന് മുഖ്യമന്ത്രി. ഉത്തരവാദനിക്ഷേപം സ്വീകരിക്കുന്ന ആദ്യസംസ്ഥാനമായി കേരളം മാറി. 7000 കോടിയുടെ നിക്ഷേപവാഗ്ദാനം ലഭിച്ചു കഴിഞ്ഞു. കാക്കനാട് 1200 കോടിയുടെ പദ്ധതി ടി.സി.എസുമായി ചേര്‍ന്ന് നടപ്പാക്കും. വായ്പ നല്‍കുന്നതില്‍ കെ.എസ്.ഐ.ഡി.സിക്ക് റെക്കോര്‍ഡ് നേട്ടം. സംരംഭകരുടെ പരാതി പരിഗണിക്കാന്‍ വൈകിയാല്‍ ഉദ്യോഗസ്ഥര്‍ക്ക് പിഴ വരും. ഓണത്തിന് 14 ഇനങ്ങളുളള സൗജന്യ ഭക്ഷ്യക്കിറ്റ് നല്‍കും. ഇതിനായി 425 കോടിയുടെ ചെലവ് വരും.

കിഫ്.ബിയുടെ വായ്പ സര്‍ക്കാരിന്റെ കടമായി കണക്കാക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. കേന്ദ്രസര്‍ക്കാര്‍ നിലപാട് തെറ്റാണ്. കേന്ദ്രം ഈ നടപടിയില്‍ നിന്ന് പിന്തിരിയണം. നിത്യോപയോഗസാധനങ്ങള്‍ക്ക് പുതിയതായി കൊണ്ടുവന്ന ജി.എസ്.ടി കേരളം നടപ്പാക്കില്ല. നിത്യോപയോഗസാധനങ്ങളുടെ ജി.എസ്.ടി വര്‍ധന പുനപരിശോധിക്കണെമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.