പുരോഹിതന്മാര്‍ക്കിടയിലും ചിലപ്പോള്‍ ചില വിവരദോഷികള്‍ ഉണ്ടാകും; മാര്‍ കൂറിലോസിനെതിരെ മുഖ്യമന്ത്രി
national news
പുരോഹിതന്മാര്‍ക്കിടയിലും ചിലപ്പോള്‍ ചില വിവരദോഷികള്‍ ഉണ്ടാകും; മാര്‍ കൂറിലോസിനെതിരെ മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th June 2024, 6:30 pm

തിരുവനന്തപുരം: മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം മാര്‍ കൂറിലോസിനെതിരെ വിമര്‍ശനമുന്നയിച്ചത്.

ജനങ്ങളില്‍ നിന്നും ലഭിക്കുന്ന തുടര്‍ച്ചയായ തിരിച്ചടികളില്‍ നിന്നും പാഠം പഠിച്ചില്ലെങ്കില്‍ കേരളത്തില്‍ നിന്നും ഇടതുപക്ഷം ഇല്ലാതാവുമെന്ന് മെത്രാപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ്തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചിരുന്നു.

എപ്പോഴും പ്രളയവും മഹാമാരികളും രക്ഷയ്ക്ക് എത്തണമെന്നില്ലെന്നും ‘കിറ്റ് രാഷ്ട്രീയത്തില്‍’ ഒന്നിലധികം പ്രാവശ്യം ജനങ്ങള്‍ വീഴില്ലെന്നുമായിരുന്നു ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി എഫിന്റെ പരാജയത്തെ മുന്‍നിര്‍ത്തി മാര്‍ കൂറിലോസ് പറഞ്ഞത്.

എന്നാല്‍ ഇതിനു മറുപടിയായി പുരോഹിതന്മാര്‍ക്കിടയിലും ചിലപ്പോള്‍ ചില വിവരദോഷികള്‍ ഉണ്ടാകും എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

‘ഇന്നത്തെ ഒരു മാധ്യമത്തില്‍ പഴയ ഒരു പുരോഹിതന്റെ വാക്കുകള്‍ കാണാന്‍ കഴിഞ്ഞു. പ്രളയമാണ് അന്ന് ഈ സര്‍ക്കാരിനെ വീണ്ടും അധികാരത്തിലേറ്റാന്‍ ഇടയാക്കിയത്. ഇനിയൊരു പ്രളയം ഉണ്ടാകുമെന്നു ധരിക്കേണ്ടെന്നാണ് ആ പുരോഹിതന്‍ പറഞ്ഞതായി കണ്ടത്. പുരോഹിതന്മാര്‍ക്കിടയിലും ചിലപ്പോള്‍ ചില വിവരദോഷികള്‍ ഉണ്ടാകും എന്നതാണ് ആ വാചകത്തിലൂടെ വ്യക്തമാകുന്നത്,’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

300 പേജുള്ള പ്രോഗ്രെസ്സ് കാര്‍ഡ് ആണ് സര്‍ക്കാര്‍ പുറത്തിറക്കിയത്. ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച വാഗ്ദാനങ്ങള്‍ എത്ര കണ്ട് നിറവേറ്റി എന്നറിയാനുള്ള അവകാശം ജനങ്ങള്‍ക്കുള്ളതാണ്.

ആ അവകാശമാണ് ഇവിടെ പ്രോഗ്രസ്സ് റിപ്പോര്‍ട്ടിലൂടെ സ്ഥാപിക്കപ്പെടുന്നതെന്നും, 2016നു ശേഷം 17 മുതല്‍ ആ സര്‍ക്കാരിന്റെ അഞ്ചു വര്‍ഷ കാലവും കൃത്യമായി ഈ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് അവതരിപ്പിക്കുകയുണ്ടായെന്നും അദ്ദേഹം പറഞ്ഞു. അത് വഴി ജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ കൃത്യമായി വിലയിരുത്താനുള്ള അവസരമാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരുപാട് ബുദ്ധിമുട്ടുകള്‍ക്കും പ്രയാസങ്ങള്‍ക്കും ഇടയിലാണ് അഞ്ചു വര്‍ഷം എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭരിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രളയവും, മഹാമാരിയും നേരിടേണ്ടി വന്ന ഘട്ടത്തില്‍ സര്‍ക്കാരിനെ സഹായിക്കാത്ത കേന്ദ്രത്തിന്റെ നിലപാടിനെയും അദ്ദേഹം വിമര്‍ശിച്ചു.

600 വാഗ്ദാനങ്ങളില്‍ വിരലിലെണ്ണാവുന്നതൊഴിച്ച് ബാക്കിയുള്ളതെല്ലാം പൂര്‍ത്തിയാക്കിയ സര്‍ക്കാരായി 2016 ലെ സര്‍ക്കാര്‍ മാറിയെന്നതാണ് ജങ്ങള്‍ക്ക് ഇതിലൂടെ അനുഭവപ്പെട്ടതെന്നും മറ്റു പല കാര്യങ്ങളും ചിലരെല്ലാം ചാര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വീണ്ടും എല്‍.ഡി.എഫിനെ ജനങ്ങള്‍ തെരഞ്ഞെടുത്തെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: chief minister criticizes mar kourilose