ന്യൂദല്‍ഹി: സ്വവര്‍ഗ വിവാഹ കേസിലെ തന്റെ വിധിയില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. ഭരണഘടന വിഷയങ്ങളില്‍ പുറപ്പെടുവിക്കുന്ന വിധികള്‍ പലപ്പോഴും മനസാക്ഷിയുടെ വോട്ടാണെന്നും അദ്ദേഹം പറഞ്ഞു.
1950ല്‍ ഇന്ത്യന്‍ സുപ്രീംകോടതിയുടെ തുടക്കം മുതല്‍ ഇന്നുവരെ പുറപ്പെടുവിച്ച ഭരണഘടന വിധികളില്‍ സി.ജെ.ഐ (ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ) 13 സന്ദര്‍ഭങ്ങളില്‍ മാത്രമേ ന്യൂനപക്ഷ സ്ഥാനത്ത് വന്നിട്ടുള്ളൂവെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.
സ്വവര്‍ഗ ദമ്പതികള്‍ക്ക് കുഞ്ഞുങ്ങളെ ദത്തെടുക്കുന്നതില്‍ തന്റെ വോട്ട് രേഖപെടുത്തിയിരുന്നെങ്കിലും മറ്റ് മൂന്ന് ജസ്റ്റിസുകളുടെ അഭിപ്രായം വ്യത്യസ്തമായിരുന്നു. കൂടാതെ ഈ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്റ് ആണെന്നും ചന്ദ്രചൂഡ് പറഞ്ഞു.
2018ലെ സുപ്രീംകോടതിയുടെ സമ്മതത്തോടെയുള്ള സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലാതാക്കാനുള്ള തീരുമാനം പിന്നീട് സ്വവര്‍ഗ വിവാഹം അംഗീകരിക്കാനുള്ള ഹരജികളിലേക്ക് നയിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഭൂരിപക്ഷ അഭിപ്രായത്തിന് പുറമെ ഭരണഘടനയുടെ സുപ്രധാന മൂല്യങ്ങളായ നീതി, സമത്വം, ആവിഷ്‌കാര സ്വാതന്ത്ര്യം, സാഹോദര്യം എന്നിങ്ങനെയുള്ളവയുടെ അടിസ്ഥാനത്തില്‍ മാത്രമേ രാജ്യത്ത് ജുഡീഷ്യറിക്ക് തീരുമാനം എടുക്കാന്‍ കഴിയുകയുള്ളൂ എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ജുഡീഷ്യറിയില്‍ അടിസ്ഥാന വര്‍ഗങ്ങളുടെ സാന്നിധ്യം ഉറപ്പ് വരുത്തണമെന്നും ചരിത്രപരമായ പിഴവുകള്‍ ഉണ്ടെങ്കില്‍ അവ തിരുത്തേണ്ടതുമാണെന്നും ഡി.വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.
‘ഇന്ത്യയുടെയും അമേരിക്കയുടെയും സുപ്രീംകോടതികളുടെ കാഴ്ചപ്പാട്’ എന്ന വിഷയത്തില്‍ ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയില്‍ ന്യൂദല്‍ഹിയിലെ സൊസൈറ്റി ഫോര്‍ ഡെമോക്രാറ്റിക് റൈറ്‌സിന്റെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഭരണഘടനകളുടെ താരതമ്യ ചര്‍ച്ച എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്
Content Highlight: Chief Justice D.Y Chandrachud stand by his stance on same-sex marriage