Film News
അന്ന് ഞാന്‍ യഥാര്‍ത്ഥ മഞ്ഞുമ്മല്‍ ബോയ്‌സിനെ കണ്ടപ്പോള്‍ ആര്‍ക്കും ഗേള്‍ഫ്രണ്ടില്ലേയെന്ന് ചോദിച്ചിരുന്നു: ചിദംബരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Mar 08, 11:12 am
Friday, 8th March 2024, 4:42 pm

താന്‍ യഥാര്‍ത്ഥ മഞ്ഞുമ്മല്‍ ബോയ്‌സിനെ ഇന്റര്‍വ്യൂ ചെയ്യുന്ന സമയത്ത് ആര്‍ക്കും ഗേള്‍ഫ്രണ്ടില്ലേയെന്ന് ചോദിച്ചിരുന്നുവെന്ന് പറയുകയാണ് സംവിധായകന്‍ ചിദംബരം. കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന കാലത്ത് തങ്ങള്‍ക്ക് ഗേള്‍ഫ്രണ്ടില്ലായിരുന്നു എന്നാണ് മഞ്ഞുമ്മല്‍ ബോയ്‌സ് മറുപടി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

എന്തുകൊണ്ടാണ് സിനിമയില്‍ സ്ത്രീ കഥാപാത്രങ്ങളെയും നായകന്മാര്‍ക്ക് ലവ് ട്രാക്കും കൊണ്ടുവരാതിരുന്നത് എന്ന ചോദത്തിന് മറുപടി പറയുന്നതിന്റെ ഇടയിലാണ് ചിദംബരം ഈ കാര്യം പറഞ്ഞത്. ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘യഥാര്‍ത്ഥ മഞ്ഞുമ്മല്‍ ബോയ്‌സിനെ ഇന്റര്‍വ്യൂ ചെയ്യുന്ന സമയത്ത് ആര്‍ക്കും ഗേള്‍ഫ്രണ്ടില്ലേയെന്ന് ഞാന്‍ ചോദിച്ചിരുന്നു. ഈ സംഭവം നടന്ന കാലത്ത് ഗേള്‍ഫ്രണ്ടില്ലായിരുന്നു എന്നാണ് അവരന്ന് മറുപടി പറഞ്ഞത്.

അതുകൊണ്ട് ഒരു നായികയെ കൊണ്ടുവരാനുള്ള സ്പേസ് മഞ്ഞുമ്മല്‍ ബോയ്സില്‍ ഉണ്ടായിരുന്നില്ല. പ്രധാന കഥാപാത്രങ്ങളായി വരുന്ന ബോയ്സ് തന്നെ പതിനൊന്ന് ആളുകളുണ്ട്. അവരെയൊക്കെ കാണിച്ച് വരുമ്പോയേക്കും സിനിമ അവസാനിക്കും,’ ചിദംബരം പറഞ്ഞു.

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ ഇടയില്‍ ഒരു ലവ് ട്രാക്ക് കൊണ്ടുവന്നാല്‍ അത് വെറുതെ കാണിക്കുന്നത് പോലെയാകുമെന്നും ഒരു പാട്ടിനോ ഷോട്ടിനോ മാത്രമായി സ്ത്രീ കഥാപാത്രത്തെ കൊണ്ടുവരാന്‍ കഴിയില്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

‘സിനിമയുടെ ഇടയില്‍ ഒരു ലവ് ട്രാക്ക് കൊണ്ടുവന്നാല്‍ അത് വെറുതെ കാണിക്കുന്നത് പോലെയാകും. അങ്ങനെയൊരു സ്ത്രീ കഥാപാത്രം വന്നാല്‍ ആ കഥാപാത്രത്തോട് നമുക്ക് ഒരു ജസ്റ്റിസ് ഉണ്ടാകും.

വെറുതെ ഒരു പാട്ടിനോ ഷോട്ടിനോ മാത്രമായി സ്ത്രീ കഥാപാത്രത്തെ കൊണ്ടുവരാന്‍ കഴിയില്ല. അങ്ങനെ ഒരാളെ കൊണ്ടുവരുമ്പോള്‍ അത് ഒരു ഫുള്‍ ക്യാരക്ടറാകണം. പക്ഷേ അതിനുള്ള സ്പേസ് ഈ പടത്തില്‍ ഇല്ല,’ ചിദംബരം

ജാന്‍-ഏ-മനിന് ശേഷം ചിദംബരത്തിന്റെ സംവിധാനത്തില്‍ യുവതാരനിര ഒന്നിച്ച ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. പതിനൊന്ന് യുവാക്കളുടെ കഥയായിരുന്നു ചിത്രം പറഞ്ഞിരുന്നത്. ഈ സിനിമ കേരളത്തിലും തമിഴ്നാട്ടിലുമുള്ള തിയേറ്ററുകളില്‍ വന്‍ വിജയമാണ്. ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജീന്‍ പോള്‍ ലാല്‍, ഗണപതി, ബാലു വര്‍ഗീസ്, അരുണ്‍ കുര്യന്‍, ദീപക് പറമ്പോല്‍, ചന്തു സലിംകുമാര്‍, ഖാലിദ് റഹ്‌മാന്‍ തുടങ്ങിയ യുവതാരനിരയാണ് ഒന്നിച്ചത്.


Content Highlight: Chidambaram Talks About A Question That He Asked To Real Manjummel Boys