എല്ലാവരും കൗണ്ടി കളിക്കാന്‍ ഇംഗ്ലണ്ടിലേക്ക് പോയപ്പോള്‍ ഇവര്‍ പറന്നത് ഓസ്‌ട്രേലിയയിലേക്ക്; രാജസ്ഥാന്‍ റോയല്‍സിന്റെ താരമടക്കം ഐ.പി.എല്‍ യുവത്വങ്ങള്‍ ഇനി ഓസീസില്‍
ഓസ്‌ട്രേലിയന്‍ ഫ്രാഞ്ചൈസി ലീഗായ കെ.എഫ്.സി ടി-20 മാക്‌സിലേക്ക് ഇന്ത്യന്‍ താരങ്ങളും. ഐ.പി.എല്ലില്‍ കഴിവ് തെളിയിച്ച രണ്ട് യുവതാരങ്ങളാണ് ഓസീസിലേക്ക് പറക്കാനൊരുങ്ങുന്നത്.
ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ പേസര്‍ ചേതന്‍ സക്കറിയയും ചെന്നൈ സൂപ്പര്‍ കിങ്‌സ് പേസര്‍ മുകേഷ് ചൗധരിയുമാണ് വിവിധ ടീമുകള്‍ക്കായി ടി-20 മാക്‌സില്‍ കളിക്കാനൊരുങ്ങുന്നത്.
രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍ താരമായിരുന്ന ചേതന്‍ സക്കറിയ നിലവില്‍ ക്യാപ്പിറ്റല്‍സിന്റെ സൂപ്പര്‍ പേസര്‍മാരില്‍ ഒരാളാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സീമര്‍ ചൗധരി ഈ വര്‍ഷമാണ് ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ചത്.
ടി-20 മാക്‌സില്‍ സണ്‍ഷൈന്‍ കോസ്റ്റിന് വേണ്ടിയാണ് സക്കറിയ ഇറങ്ങുന്നത്. വൈനം മാന്‍ലിക്ക് വേണ്ടിയാണ് ചൗധരി കരാറൊപ്പിട്ടിരിക്കുന്നത്. ബുപ നാഷണല്‍ ക്രിക്കറ്റ് സെന്ററില്‍ പരിശീലനത്തിനിറങ്ങുന്ന ഇരുവരും പ്രീ സീസണില്‍ ക്വീന്‍സ്‌ലാന്‍ഡ് ബുള്‍സിനോടൊപ്പവും സഹകരിക്കും.
എം.ആര്‍.എഫ് പേസ് ഫൗണ്ടേഷനും ക്രിക്കറ്റ് ഓസ്‌ട്രേലിയയും സംയുക്തമായി നടത്തുന്ന എക്‌സചേഞ്ച് വഴിയാണ് ഇരുവരും ടി-20 ലീഗില്‍ കളിക്കാനിറങ്ങുന്നത്.
‘കഴിഞ്ഞ 20 വര്‍ഷങ്ങളായി എം.ആര്‍.എഫ് പേസ് ഫൗണ്ടേഷനും ക്രിക്കറ്റ് ഓസ്‌ട്രേലിയയും താരങ്ങളേയും പരിശീലകരേയും ഇത്തരത്തില്‍ കൈമാറ്റം ചെയ്യാറുണ്ട്.
കൊവിഡ് കാരണം താത്കാലികമായി നിര്‍ത്തി വെച്ച ഈ കൈമാറ്റം രണ്ട് ഇന്ത്യന്‍ താരങ്ങളിലൂടെ പുനരാരംഭിക്കുകയാണ്,’ ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രസ്താവനയില്‍ പറയുന്നു.
HUGE! Two IPL quicks have signed for KFC T20 Max! 🇮🇳@Sakariya55 from @DelhiCapitals has played 41 T20s, including an ODI and T20Is for India.
Mukesh Choudhary from @ChennaiIPL has played 25 T20s and claimed 32 scalps.
അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ച താരമാണ് സക്കറിയ. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു ഏകദിനത്തിലും ടി-20യിലും സക്കറിയ അരങ്ങേറ്റം കുറിച്ചത്.
അതേസമയം, ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായും ഫസ്റ്റ് ക്ലാസില്‍ മഹാരാഷ്ട്രയ്ക്കും വേണ്ടി കളിച്ച അനുഭവസമ്പത്താണ് മുകേഷ് ചൗധരിക്കുള്ളത്. ഇന്ത്യന്‍ ടീമില്‍ ഇതുവരെ കളിക്കാന്‍ സാധിച്ചിട്ടില്ലാത്ത താരം, ഭാവിയില്‍ ടീമിലെത്താന്‍ സാധ്യത കല്‍പിക്കുന്ന ബൗളര്‍ കൂടിയാണ്.
2021ല്‍ രാജസ്ഥാന് വേണ്ടി പന്തെറിഞ്ഞുകൊണ്ടാണ് ചേതന്‍ സക്കറിയ ഐ.പി.എല്‍ അരങ്ങേറ്റം കുറിച്ചത്. 2021ല്‍ റോയല്‍സിന് വേണ്ടി 14 മത്സരം കളിച്ച താരം 14 വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു.
എന്നാല്‍ കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ സക്കറിയയെ നിലനിര്‍ത്തിയിരുന്നില്ല. തുടര്‍ന്നാണ് 4.20 കോടി രൂപയ്ക്ക് ക്യാപ്പിറ്റല്‍സ് താരത്തെ ടീമിലെത്തിക്കുന്നത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ മൂന്ന് മത്സരങ്ങള്‍ മാത്രമാണ് സക്കറിയക്ക് കളിക്കാനായത്.