തിരുവനന്തപുരം: പ്രളയമേഖലയില്‍ കേരളം നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളെയും മുഖ്യമന്ത്രി പിണറായി വിജയനെയും അധിക്ഷേപിച്ചുകൊണ്ട് വീഡിയോയില്‍ സൈനിക വേഷത്തിലെത്തിയ ആളെ തിരിച്ചറിഞ്ഞു. ഉണ്ണി എസ്. നായര്‍ എന്നയാളാണ് സൈനികനായി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.
അതേസമയം സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വൈറലാവുന്നതിന് മുമ്പ് വീഡിയോ വാട്‌സ്ആപ്പില്‍ പ്രചരിപ്പിച്ചത് രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായ ഹബീബ് ഖാനാണെന്ന് കൈരളി പീപ്പിള്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.
പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഈ വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടത്. ഇന്നലെ രാവിലെ 9:47 നാണ് ഹബീബ് ഖാന്‍ വീഡിയോ ഈ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യുന്നത്. അതിന് ശേഷമാണ് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പരക്കെ പ്രചരിച്ചതെന്ന് ചാനല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
വീഡിയോയെ തള്ളി കഴിഞ്ഞ ദിവസം സൈന്യം രംഗത്തെത്തിയിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നയാള്‍ സൈനികനല്ലെന്ന് കരസേനാ അഡീഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഒഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആണ് അറിയിച്ചിരുന്നത്.
സംസ്ഥാന ഭരണം നഷ്ടമാകുമെന്ന് ഭയന്നാണ് പിണറായി വിജയനും കൂട്ടരും സൈന്യത്തെ വിളിക്കാത്തതെന്നും സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി സര്‍ക്കാരിന് ഒന്നുമറിയില്ലെന്നും ഇയാള്‍ പറഞ്ഞിരുന്നു. രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും സൈനികരെ ഏല്‍പ്പിക്കാനാവില്ലെന്ന് പറഞ്ഞ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വ്യക്തിപരമായി അധിക്ഷേപിച്ച ഇയാള്‍ സര്‍ക്കാരിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.