ഐ.പി.എല്‍ 2023ന് മുമ്പ് ചെന്നൈ സൂപ്പര്‍ കിങ്‌സിന് വമ്പന്‍ തിരിച്ചടി. ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ കൈല്‍ ജെയ്മിസണ് പരിക്കേറ്റതാണ് മുന്‍ ചാമ്പ്യന്‍മാര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്.
കഴിഞ്ഞ സീസണിലെ നാണക്കേട് മറക്കാനായാണ് സി.എസ്.കെ ഇത്തവണ ഐ.പി.എല്ലിനിറങ്ങുന്നത്. എം.എസ്. ധോണിയുടെ അവസാന ഐ.പി.എല്ലില്‍ തങ്ങളെ നയിച്ച നായകന് കിരീടത്തോടെ വിട ചൊല്ലാനൊരുങ്ങുന്ന സൂപ്പര്‍ കിങ്‌സിനും ജെയ്മിസണിന്റെ പരിക്ക് വെല്ലുവിളിയാകും.
പുറം ഭാഗത്തിനേറ്റ പരിക്കിന് പിന്നാലെ താരത്തിന് ശസ്ത്രക്രിയ ആവശ്യമായി വന്നിരുന്നു. നാല് മാസത്തോളം പൂര്‍ണമായ വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അങ്ങനെയെങ്കില്‍ താരത്തിന് ഈ സീസണ്‍ പൂര്‍ണമായും നഷ്ടമായേക്കും.
പരിക്കിന്റെ പിടിയിലകപ്പെട്ട് ഏറെ നാള്‍ ഗ്രൗണ്ടില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്ന ജെയ്മിസണ്‍ വീണ്ടും ടീമിലേക്ക് മടങ്ങിയെത്താനുള്ള ഒരുക്കത്തിനിടെയാണ് പരിക്ക് വീണ്ടും വില്ലനായിരിക്കുന്നത്.
കഴിഞ്ഞ ഡിസംബറില്‍ നടന്ന മിനി ലേലത്തിലാണ് ഒരു കോടി രൂപ നല്‍കി സി.എസ്.കെ ജെയ്മിസണെ ടീമിലെത്തിച്ചത്.
ഐ.പി.എല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം സീസണായിരുന്നു കഴിഞ്ഞ വര്‍ഷം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റേത്. കളിച്ച 14 മത്സരത്തില്‍ പത്തിലും പരാജയപ്പെട്ട് എട്ട് പേയിന്റോടെ പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തായിട്ടായിരുന്നു ചെന്നൈ സീസണ്‍ അവസാനിപ്പിച്ചത്.
എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കാനാണ് സൂപ്പര്‍ കിങ്‌സ് ഇറങ്ങുന്നത്. ധോണിയുടെ അവസാന സീസണിന് ശേഷം ടീമിനെ നയിക്കാന്‍ ഇനിയാര് എന്ന ചോദ്യത്തിനുള്ള ഉത്തരമടക്കം കഴിഞ്ഞ ഡിസംബറില്‍ മികച്ച പല താരങ്ങളെയും സൂപ്പര്‍ കിങ്‌സ് ടീമിലെത്തിച്ചിരുന്നു. ആരാധകര്‍ക്ക് വിരുന്നൊരുക്കാന്‍ ഒരുങ്ങി തന്നെയാണ് സി.എസ്.കെ പുതിയ സീസണിന് ഇറങ്ങുന്നത്.