Advertisement
Entertainment
സിനിമയിൽ ചിലരെ കാണുമ്പോൾ എഴുന്നേറ്റ് നിൽക്കണം, അന്ന് അതൊന്നും അറിയില്ലായിരുന്നു: ചെമ്പൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Mar 12, 02:30 am
Tuesday, 12th March 2024, 8:00 am

തന്റെ വ്യത്യസ്തമായ അഭിനയ ശൈലി കൊണ്ട് മലയാളികൾക്കിടയിൽ വളരെ പെട്ടെന്ന് ശ്രദ്ധ നേടിയ നടനാണ് ചെമ്പൻ വിനോദ് ജോസ്.

ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ നായകൻ എന്ന ചിത്രത്തിലൂടെയാണ് ചെമ്പൻ മലയാള സിനിമയിൽ അരങ്ങേറുന്നത്. ശേഷം ലിജോയടക്കമുള്ള സംവിധായകരുടെ സിനിമകളിൽ വേറിട്ട വേഷ പകർച്ചകളിൽ താരം ബിഗ് സ്‌ക്രീനിൽ എത്തി.

 

 

എന്നാൽ ആദ്യമായി അഭിനയിക്കുമ്പോൾ സിനിമാ മേഖല തനിക്ക് ചേരുമോയെന്ന ടെൻഷൻ മാത്രമേ ഉണ്ടായിരുന്നുവുള്ളൂവെന്ന് ചെമ്പൻ പറയുന്നു. അഭിനയത്തെ കുറിച്ച് താൻ കൂടുതൽ ആലോചിച്ചില്ലായിരുന്നുവെന്നും നായകനിലെ കഥാപാത്രം മുന്നൊരുക്കങ്ങൾ ഇല്ലാതെ ചെയ്തതാണെന്നും താരം പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു ചെമ്പൻ.

‘ഞാൻ ആദ്യമായി അഭിനയിക്കുന്നത് നായകനിലാണ്. ലിജോ എന്റെ സുഹൃത്തായത് കൊണ്ട് എനിക്ക് അഭിനയിക്കാൻ കഴിയുമോ ഇല്ലയോ എന്ന് ഞാൻ അവനോട് ചോദിച്ചിരുന്നു. എന്റെ സ്വഭാവവും സിനിമ മേഖലയും തമ്മിൽ സെറ്റ് ആകുമോ എന്നായിരുന്നു എന്റെ ടെൻഷൻ. കാരണം ഞാൻ മറ്റൊരു സ്റ്റൈലിൽ ജീവിച്ചിരുന്ന ആളാണ്. എനിക്ക് സിനിമയിലെ വലിപ്പ ചെറുപ്പങ്ങളെ കുറിച്ച് അറിയില്ല.

ചില ആളുകളെ കാണുമ്പോൾ എഴുന്നേറ്റ് നിൽക്കണം. ചിലപ്പോൾ സീനിയർ നടനാണെങ്കിൽ നമുക്ക് അറിയാൻ പറ്റുമായിരിക്കും. മറ്റൊരു വലിയ ടെക്നീഷ്യൻ വന്നാൽ നമുക്ക് അറിയണമെന്നില്ല. അത് ചിലപ്പോൾ പ്രശ്നമാവാം. കാരണം അങ്ങനെയൊക്കെയാണ് നമ്മൾ കേട്ടിട്ടുള്ളത്. പക്ഷെ സിനിമയിൽ വന്നപ്പോൾ അങ്ങനെയൊന്നും ആയിരുന്നില്ല.

അതുകൊണ്ട് തന്നെ സിനിമ എനിക്ക് പറ്റിയതല്ല എന്നായിരുന്നു ഞാൻ വിചാരിച്ചിരുന്നത്. എന്റെ മുഖവും ഭാവവും അതിന് പറ്റിയതല്ല. മാക്സിമം പോയാൽ ഒരു ഗുണ്ടയുടെ വേഷമോ കള്ളന്റെ വേഷമോ ഒക്കെയാണ് എനിക്ക് പറ്റുള്ളൂ എന്നാണ് കരുതിയത്.

ലിജോ എന്നോട് നായകനിൽ അഭിനയിക്കുമ്പോൾ അത് വർക്ക്‌ ആയില്ലെങ്കിൽ കുഴപ്പമില്ല എന്ന് കരുതിയാണ് ചെയ്യുന്നത്. പക്ഷെ പ്രാക്ടീസ് ഒന്നും ഇല്ലാഞ്ഞിട്ടും ആദ്യ ടേക്ക് തന്നെ ഓക്കെ ആയിരുന്നു.

ലിജോ എന്റെ സുഹൃത്തായത് കൊണ്ട് എനിക്ക് അഭിനയിക്കാൻ കഴിയുമോയെന്ന ചിന്ത അലട്ടിയിരുന്നില്ല. സിനിമാ മേഖലയിൽ ഫിറ്റ്‌ ആവുമോ എന്ന് മാത്രമേ ഞാൻ ചിന്തിച്ചുള്ളൂ,’ചെമ്പൻ വിനോദ് പറയുന്നു.

Content Highlight: Chemban Vinodh Talk About His Film Entry