പണിമുടക്കി ചാറ്റ് ജി.പി.ടി.... ഉപയോക്താക്കള്‍ക്ക് തിരിച്ചടി
World News
പണിമുടക്കി ചാറ്റ് ജി.പി.ടി.... ഉപയോക്താക്കള്‍ക്ക് തിരിച്ചടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th December 2024, 8:57 am

കാലിഫോര്‍ണിയ: പ്രമുഖ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ് ബോട്ടായ ചാറ്റ് ജി.പി.ടി തകരാറില്‍. ലോകമെമ്പാടുമുള്ള ദശലക്ഷകണക്കിന് ഉപയോക്താക്കളെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്. തകരാറിലായതിന് പിന്നാലെ ചാറ്റ് ജി.പി.ടിയുടെ നിര്‍മാതാക്കളായ ഓപ്പണ്‍ എ.ഐ ക്ഷമാപണവുമായി രംഗത്തെത്തി.

‘നിലവില്‍ ഒരു തകരാര്‍ നേരിടുകയാണ്. പ്രശ്‌നം കണ്ടെത്തിയിട്ടുണ്ട്. പരിഹാരത്തിനായി ശ്രമിക്കുകയാണ്. അപ്‌ഡേറ്റുകള്‍ നിങ്ങളെ അറിയിക്കുന്നതാണ്’ ഓപ്പണ്‍ എ.ഐ അവരുടെ സമൂഹമാധ്യമ പേജുകളിലൂടെ അറിയിച്ചു. തകരാറിലായതിന് പിന്നാലെ പ്രീമിയം ഉപയോക്താക്കളുള്‍പ്പെടെ പരാതിയുമായി രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഇത് ആദ്യമായല്ല ചാറ്റ് ജി.പി.ടി പണിമുടക്കുന്നത്. കഴിഞ്ഞമാസം 30 മിനിറ്റോളം ചാറ്റ് ജി.പി.ടി പണിമുടക്കിയിരുന്നു. ഓപ്പണ്‍ എ.ഐയുടെ സി.ഇ.ഒ സാം ആള്‍ട്ട്മാന്‍ ഇതിന് പിന്നാലെ ക്ഷമാപണവുമായി അന്ന് രംഗത്തെത്തിയിരുന്നു. തകരാറുകള്‍ ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റായ ഡൗണ്‍ഡിറ്റക്ടറിന്റെ കണക്കനുസരിച്ച് 19000ത്തിലധികം ആളുകളെ ഇത് ബാധിച്ചിരുന്നു.

തകരാര്‍ സമ്മതിച്ചുകൊണ്ട് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ കമ്പനിക്ക് മുമ്പത്തെക്കാള്‍ വിശ്വാസ്യത കൂടുതലാണെന്നും ചെയ്യാനുള്ള ജോലികളും അതിനാല്‍ കൂടുതലാണെന്നും ആള്‍ട്ട്മാന്‍ പറഞ്ഞിരുന്നു.

2022 നവംബറിലാണ് ചാറ്റ് ജി.പി.ടി പ്രവര്‍ത്തനമാരംഭിച്ചത്. 250 മില്യണ്‍ ഉപയോക്താക്കളെ ഇതിനോടകം ആകര്‍ഷിക്കാന്‍ ചാറ്റ് ജി.പി.ടിക്ക് സാധിച്ചു. തുടക്കത്തില്‍ തന്നെ 3.6 ബില്യണിലെത്തിയ ഓപ്പണ്‍ എ.ഐയുടെ മൂല്യം ഇന്ന് 156 ബില്യണിലെത്തി നില്‍ക്കുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. ആള്‍ട്ട്മാന്‍ തുടക്കത്തില്‍ പറഞ്ഞിരുന്ന കണക്കുകളെക്കാള്‍ കൂടുതലാണ് ഈ മൂല്യം.

എന്നാല്‍ ചാറ്റ് ജി.പി.ടി മാത്രമല്ല, മെറ്റയുടെ സേവനങ്ങളും കഴിഞ്ഞദിവസം തകരാറിലായിരുന്നു. വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ മെറ്റ പ്ലാറ്റ്‌ഫോമുകളുടെ സേവനങ്ങള്‍ തടസ്സപ്പെട്ടു. ഉപയോക്താക്കള്‍ക്ക് മെസ്സേജ് അയക്കാന്‍ സാധിക്കാത്തതുമുതല്‍ ആപ്പ് ഉപയോഗിക്കാന്‍ പോലും കഴിയാതെ വന്നിരുന്നു.

Content Highlight: ChatGPT reported outrage all over the world