ദുബായ്: ചാര്‍ട്ടേഡ് വിമാനങ്ങളില്‍ എത്തുന്ന പ്രവാസികള്‍ കൊവിഡ് ഇല്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്ന വ്യവസ്ഥ കര്‍ശനമാക്കാനൊരുങ്ങി കേരളം. യാത്ര നടത്തുന്നതിന് 48 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടാണ് വേണ്ടത്. ഈ വ്യവസ്ഥ ജൂണ്‍ 20 ഓടെ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.
വിദേശത്തുനിന്നും എത്തുന്നവരില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് സംസ്ഥാനം കര്‍ശന നിബന്ധനകളിലേക്ക് കടക്കുന്നത്. കൊവിഡുമായി എത്തുന്ന പ്രവാസികള്‍ മൂന്ന് ശതമാനമായെന്നാണ് സംസ്ഥാനത്തിന്റെ വിലയിരുത്തല്‍. ഇത് കേരളത്തില്‍ രോഗവ്യാപനത്തിലേക്ക് നയിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ പരിശോധന കര്‍ശനമായി നടപ്പാക്കാനാണ് തീരുമാനമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ഇളങ്കോവന്‍ വിവിധ സംഘടനകള്‍ക്ക് അയച്ച നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി.
നിലവില്‍ വിമാനത്താവളങ്ങളില്‍ റാപ്പിഡ് ടെസ്റ്റും ശരീരോഷ്മാവും പരിശോധിക്കുന്നുണ്ട്. എന്നാല്‍, ഇതിന് പുറമേ അംഗീകൃത ലാബുകളില്‍നിന്ന് യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനകം ലഭിച്ച സര്‍ട്ടിഫിക്കറ്റാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്. ഇതില്‍ പരിശോധനാ ഫലം നെഗറ്റീവായിരിക്കണം.
ചില ഗള്‍ഫ് രാജ്യങ്ങളില്‍ ജനസംഖ്യയുടെ ആറു ശതമാനത്തിനുവരെ കൊവിഡ് സ്ഥിരീകരിച്ചു എന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കേരളം കര്‍ശനകളിലേക്ക് നീങ്ങുന്നത്.