ന്യൂദല്‍ഹി: 2016 ഫെബ്രുവരി 9ന് ജെ.എന്‍.യുവില്‍ രാജ്യദ്രോഹ മുദ്രാവാക്യം ഉയര്‍ത്തിയെന്ന ആരോപണത്തില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാക്കളായിരുന്ന കനയ്യകുമാര്‍, ഉമര്‍ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരടക്കം 10 വിദ്യാര്‍ത്ഥികള്‍ക്കെതിരെ ദല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഏഴ് വിദ്യാര്‍ത്ഥികള്‍ കശ്മീരില്‍ നിന്നുള്ളവരാണ്.
വിദ്യാര്‍ത്ഥികള്‍ക്കെതിരായി കേസുമായി മുന്നോട്ടു പോകാന്‍ തെളിവുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. 1200 പേജുകളടങ്ങിയതാണ് കുറ്റപത്രം. കേസില്‍ ആരോപണ വിധേയരായ ഡി. രാജയുടെ മകള്‍ അപരാജിത ഉള്‍പ്പടെ 36ക്കെതിരെ പ്രത്യക്ഷ തെളിവുകളില്ലെന്നും എന്നാല്‍ അവരെ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തുമെന്നും പൊലീസ് പറഞ്ഞു.
കേസ് അവസാന ഘട്ടത്തിലാണെന്ന് ദല്‍ഹി പൊലീസ് കമ്മീഷണര്‍ അമൂല്യ പട്‌നായിക്ക് പറഞ്ഞിരുന്നു.
പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചെന്ന വാര്‍ത്ത ശരിയാണെങ്കില്‍ മോദിക്കും ദല്‍ഹി പോലീസിനും നന്ദിയുണ്ടെന്നു കനയ്യ കുമാര്‍ പറഞ്ഞു. മൂന്ന് വര്‍ഷം പഴക്കമുള്ള കേസില്‍ തെരഞ്ഞെടുപ്പിന് മുന്‍പ് കുറ്റപത്രം നല്‍കുന്നതിലൂടെ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് എല്ലാവര്‍ക്കും മനസിലാകും. രാജ്യത്തെ ജുഡീഷ്യറിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും കനയ്യ പറഞ്ഞു.