ജാതി, മത ഭേദമെന്യേ മലയാളികളാകെ ഒന്നുചേര്‍ന്ന് നേരിട്ട ദുരന്തമാണ് 2018ലെ പ്രളയം. ലോകത്തിന് മുന്നില്‍ തന്നെ മാതൃകയായി കാഴ്ച വെക്കാവുന്ന രക്ഷാപ്രവര്‍ത്തനമാണ് അന്ന് കേരളത്തില്‍ നടന്നത്. സര്‍ക്കാരും പൊലീസ് സംവിധാനങ്ങളും യുവജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും കണ്‍ട്രോള്‍ റൂമുകളുമെല്ലാം കൈകോര്‍ത്ത് കേരളത്തെ രക്ഷിക്കാനിറങ്ങുന്നതിനടിയില്‍ അപ്രതീക്ഷിതമായി കേരളത്തിന് കിട്ടിയ സൈന്യമാണ് മത്സ്യത്തൊഴിലാളികള്‍. എല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ 2018 മലയാളികള്‍ക്ക് വെറുമൊരു സിനിമ മാത്രമല്ല, വികാരം കൂടിയാണ്.
സിനിമയുടെ ട്രെയ്‌ലര്‍ കാണുമ്പോള്‍ തന്നെ പ്രെഡിക്ട് ചെയ്യാവുന്ന രീതിയിലാണ് ടൊവിനോയുടെ ക്യാരക്ടര്‍ എങ്ങനെയാവുമെന്ന്. എന്നാല്‍ ആ പ്രെഡിക്ടബിളിറ്റി പ്രേക്ഷകരുടെ ആസ്വദനത്തെ ബാധിക്കുകയേയില്ല. ഈ കഥാപാത്രത്തിന്റെ ആര്‍ക്ക് ആവട്ടെ ടൊവിനോയുടെ സ്‌ട്രോങ് ഏരിയയും.
നിഷ്‌കളങ്കനായ, നന്മയുള്ള, നാട്ടിന്‍പുറത്തെ യുവാവിനെ, തീവണ്ടിയിലൂടെയും കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സിലൂടെയുമൊക്കെ ചെയ്ത് തെളിഞ്ഞ നടനാണ് ടൊവിനോ. അനൂപിനെ അനായാസം ടൊവിനോ പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുണ്ട്. അനൂപ് പ്രേക്ഷകര്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടതാവുന്നത് റിയല്‍ ലൈഫിലും ആ കഥാപാത്രം ടൊവിനോയോട് അത്രത്തോളം ചേര്‍ന്ന് നില്‍ക്കുന്നത് കൊണ്ടാണ്. പ്രളയ കാലത്ത് ആളുകള്‍ക്കിടയിലേക്ക് അത്രത്തോളം ഇറങ്ങിച്ചെന്ന് സഹായിച്ച ടൊവിനോയെ പോലെ മറ്റൊരു നടനുണ്ടോ എന്ന് സംശയമാണ്. പ്രളയകാലത്തെ ടൊവിനോയെ അടയാളപ്പെടുത്തതായിരുന്നു 2018ലെ അനൂപ്.
പ്രളയത്തില്‍ ഇത്രയും സഹായങ്ങള്‍ ചെയ്തിട്ടും അദ്ദേഹം ‘പ്രളയം സ്റ്റാര്‍’ എന്ന പരിഹാസത്തിന് ഇരയായി. കേരളത്തില്‍ സംഭവിക്കുന്ന ദുരന്തങ്ങളേയും ടൊവിനോ ചിത്രങ്ങളേയും കൂട്ടിയിണക്കി ട്രോളുകളുണ്ടായി. 2018ലൂടെ പരിഹസിച്ചവര്‍ക്ക് മറുപടി നല്‍കുകയാണ് ടൊവിനോ. 2018ലൂടെ ടൊവിനോ സ്റ്റാറാകുമ്പോഴും ഏറ്റവുമധികം പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ കഥാപാത്രമാവുമ്പോഴും അതിനെ കാലത്തിന്റെ കാവ്യനീതി എന്ന് വിളിക്കാം.
Content Highlight: character of tovino thomas in 2018 movie