റാമിലൂടെയാണ് താൻ മോഹൻലാലിനോട് കൂടുതൽ അടുക്കുന്നതെന്ന് നടൻ ചന്തുനാഥ്. റാം ലാലേട്ടനുമൊത്തുള്ള തന്റെ ആദ്യ പടമാണെന്നും അദ്ദേഹത്തിന്റെ വീട്ടിലൊക്കെ പോയിട്ടുണ്ടെന്നും ചന്തുനാഥ് പറഞ്ഞു. തൃഷയുമായി കോമ്പിനേഷൻ സീനുകൾ ഉണ്ടെന്നും റാം തനിക്ക് പ്രേമമുള്ള പടമാണെന്നും ചന്തുനാഥ് കൂട്ടിച്ചേർത്തു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘റാം എന്റെ ഫസ്റ്റ് ലാലേട്ടൻ പടമാണ്. ഞങ്ങൾ അതിൽ വെച്ചാണ് ക്ലോസ് ആവുന്നത്, ലാലേട്ടന്റെ വീട്ടിലൊക്കെ പോകുന്നത്. എനിക്ക് നല്ല പ്രേമമുള്ള പടമാണത്. തൃഷ മാമിന്റെ കൂടെ കോമ്പിനേഷൻ സീനുകൾ ഒക്കെയുണ്ട്. അത് കരിയറിന്റെ തുടക്കമാണ്. കൊവിഡിന് മുന്നേ കരിയറിന്റെ തുടക്കത്തിലാണ് അത് കിട്ടുന്നത്. ഇപ്പോൾ അത് രണ്ട് പാർട്ടാണ്.
എന്റെ ഏറ്റവും വലിയ പ്രശ്നം ഞാൻ രണ്ടാം പാർട്ടിൽ മാത്രമേയുള്ളൂ. ഫസ്റ്റ് പാർട്ട് വേറെ രീതിയിലാണ് ഷൂട്ട് ചെയ്തിട്ടുള്ളത്. എന്റെ പാർട്ടാണ് ആദ്യം ഷൂട്ട് ചെയ്തത്. ഞാൻ ലാലേട്ടന്റെ കൂടെ ട്രാവൽ ചെയ്യുന്നതൊക്കെയുണ്ട്. അത് സെക്കന്റിലേക്ക് മാറിയിട്ട് വേറൊരു സാധനം ആണ് ഇപ്പോൾ വരുന്നത്. റാം ഇറങ്ങുമോ എന്ന് ചോദിക്കുന്ന ആളുകളോട് ഇറങ്ങും, ഫസ്റ്റ് പാർട്ട് ഇറങ്ങും എന്നാണ് പറയുക.
ഇതൊക്കെ കഴിഞ്ഞ് എപ്പോഴായിരിക്കും വരുക. എത്ര കഴിഞ്ഞിട്ടായിരിക്കും സെക്കൻഡ് പാർട്ട്, അതിനിടയിൽ ഞാൻ എത്ര പടം ചെയ്തു കഴിയും. ഇങ്ങനെ ഒരു ആകുലത റാമിനെ പറ്റിയുണ്ട്. പക്ഷേ എന്നിറങ്ങിയാലും അതെനിക്ക് അത്രയും സന്തോഷമുള്ള ഒരു കാര്യമാണ്. ലാലേട്ടന്റെ കൂടെയുള്ള ആദ്യത്തെ മൂവി, ജീത്തു സാറുടെ കൂടെയുള്ള ആദ്യ പടം, തൃഷ മാമിന്റെ കൂടെയുള്ള പടം,’ ചന്തുനാഥ് പറഞ്ഞു.
ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത 18ാം പടിയിലൂടെ സിനിമാരംഗത്തേക്കെത്തിയ നടനാണ് ചന്തുനാഥ്. ചുരുങ്ങിയ കാലം കൊണ്ട് മികച്ച സിനിമകളുടെ ഭാഗമാവാന്‍ താരത്തിന് കഴിഞ്ഞു. വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന അന്ധകാരയാണ് താരത്തിന്റെ പുതിയ ചിത്രം
Content Highlight: Chandunadh about relationship with mohanlal