ലാലേട്ടനൊപ്പമുള്ള ത്രൂ ഔട്ട്‌ കഥാപാത്രം, എന്നാൽ സിനിമ രണ്ട് പാർട്ട്‌ ആക്കിയപ്പോൾ ഞാൻ രണ്ടാംഭാഗത്തിൽ മാത്രമായി: ചന്തുനാഥ്
Entertainment
ലാലേട്ടനൊപ്പമുള്ള ത്രൂ ഔട്ട്‌ കഥാപാത്രം, എന്നാൽ സിനിമ രണ്ട് പാർട്ട്‌ ആക്കിയപ്പോൾ ഞാൻ രണ്ടാംഭാഗത്തിൽ മാത്രമായി: ചന്തുനാഥ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 28th June 2024, 11:48 am

ശങ്കർ രാമകൃഷ്ണൻ ഒരുക്കിയ പതിനെട്ടാം പടിയെന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് ചന്തുനാഥ്‌. ചുരുങ്ങിയ കാലങ്ങൾക്കിടയിലെ മലയാളത്തിലെ സൂപ്പർ സ്റ്റാറുകൾക്കൊപ്പമെല്ലാം താരം അഭിനയിച്ചു കഴിഞ്ഞു.

എന്നാൽ ചന്തു മോഹൻലാലിനൊപ്പം ആദ്യമായി അഭിനയിച്ച ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല. ജീത്തു ജോസഫ് സംവിധാനം ചെയ്ത റാം ആയിരുന്നു ആ സിനിമ. മോഹൻലാൽ ആരാധകരടക്കം വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റാം.

ചിത്രം റിലീസ് ആവാത്തത്തിൽ ജീത്തു ജോസഫിന് ആകുലതകൾ ഉണ്ടെന്നും താനും ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് റാമിന് വേണ്ടിയാണെന്നും ചന്തു പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു താരം.

‘റാം എന്ന സിനിമ നീണ്ടു പോകുന്നതില്‍ ജിത്തു സാറിന് ആകുലതയുണ്ട്. അതിനെക്കാള്‍ ആകുലത എനിക്കുണ്ട്. കാരണം ഞാന്‍ ലാലേട്ടന്റെ കൂടെ അഭിനയിച്ച ആദ്യത്തെ സിനിമയാണത്. ആ സമയത്ത് റാം ഒറ്റ പാര്‍ട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ.


അതില്‍ ലാലേട്ടന്റെ കൂടെ ത്രൂ ഔട്ട് ഉള്ള കഥാപാത്രമാണ് എന്റേത്. പക്ഷേ രണ്ട് പാര്‍ട്ട് ആക്കിയപ്പോള്‍ എന്റെ കഥാപാത്രം സെക്കന്‍ഡ് പാര്‍ട്ടില്‍ മാത്രമായി. ഫസ്റ്റ് പാര്‍ട്ടില്‍ എന്തൊക്കെയാണ് ഉള്ളതെന്ന് എനിക്കറിയില്ല.

ലാലേട്ടനുമായി അഭിനയിച്ച ആദ്യ സിനിമ റിലീസാവുന്നതിന് മുന്നേ രണ്ടാമത്തെ സിനിമ റിലീസായി. ട്വല്‍ത്ത് മാനില്‍ ലാലേട്ടനുമായി കോമ്പിനേഷന്‍ സീനുകള്‍ കുറേയുണ്ട്. അത് നല്ലൊരു എക്‌സ്പീരിയന്‍സ് ആയിരുന്നു. പക്ഷേ ഞാന്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്നത് റാമിന് വേണ്ടിയാണ്. ലാലേട്ടന്റെ കൂടെ ആദ്യമായി അഭിനയിച്ച പടം, തൃഷാ മാമിന്റെ കൂടെ ആദ്യമായി അഭിനയിച്ച പടം, ഇന്ദ്രേട്ടന്റെ (ഇന്ദ്രജിത്) കൂടെ ആദ്യമായി അഭിനയിച്ച പടം, അങ്ങനെ കുറേ പ്രത്യേകതകളുള്ള സിനിമയാണ് അത് എനിക്ക്.


കരിയറിന്റെ തുടക്കകാലത്ത് കിട്ടിയ റോള്‍, അതും അത്രയും വലിയൊരു ക്രൂവിന്റെ കൂടെയുള്ള പടം. അതിനെപ്പറ്റി ആരെങ്കിലും ചോദിക്കുമ്പോള്‍ ഞാന്‍ പറയും, അത് വരുമെന്ന്. എല്ലാവരെയും പോലെ ഞാനും റാമിന് വേണ്ടി കാത്തിരിക്കുകയാണ്,’ ചന്തുനാഥ് പറഞ്ഞു.

 

Content Highlight: Chandu Nath Talk About Mohanlal And Ram