കൊല്‍ക്കത്ത: നിരവധി വെല്ലുവിളികള്‍ ജുഡീഷ്യറി നേരിടുന്നുണ്ടെന്നും എന്നാല്‍ ഇവ ഫലപ്രദമായി കൈകാര്യം ചെയ്താണ് ഇത്രയും കാലം മുന്നോട്ട് പോയതെന്നും സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് യു.യു. ലളിത്. ഭാരത് ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച സിമ്പോസിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീതിന്യായ വ്യവസ്ഥ സ്വതന്ത്രമാകുമ്പോള്‍ മാത്രമേ ജനാധിപത്യം സാധ്യമാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
നീതി, പക്ഷപാതമില്ലായ്മ, യുക്തി തുടങ്ങിയവയില്‍ അടിസ്ഥാനമാക്കിയാവണം സ്വതന്ത്ര നീതിന്യായവ്യവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. കോട്ടകള്‍ അകത്ത് നിന്നല്ലാതെ തകര്‍ക്കാന്‍ പറ്റില്ലെന്ന ചൊല്ല് ജുഡീഷ്യറിയുടെ കാര്യത്തില്‍ ഏറെ ശരിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ജില്ലാ കോടതികള്‍ ഹൈക്കോടതിയുടെ മാത്രം നിയന്ത്രണത്തിലാണ്. മറ്റാരുടെയും നിയന്ത്രണത്തിലല്ല. അവരുടെ സ്ഥാനങ്ങള്‍, പ്രൊമോഷനുകള്‍ തുടങ്ങിയവ ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം മാത്രമേ ചെയ്യാന്‍ പാടുള്ളൂ,’ അദ്ദേഹം പറഞ്ഞു.
കോടതിയുടെ പ്രവര്‍ത്തനങ്ങളില്‍ ബാഹ്യമായ ഇടപെടല്‍ ഉണ്ടാകരുതെന്ന് പറഞ്ഞ അദ്ദേഹം നീതിന്യായ വ്യവസ്ഥയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിന് ഉത്തരവാദികളായ ആളുകള്‍ക്ക് സമ്പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്ന അന്തരീക്ഷവും ഉണ്ടായിരിക്കണമെന്ന് കൂട്ടിച്ചേര്‍ത്തു.
നീതിന്യായ വ്യവസ്ഥയുടെ സ്വതന്ത്ര പ്രവര്‍ത്തനം ധാര്‍മികമായ അനിവാര്യതയാണെന്ന് സുപ്രീം കോടതി ജഡ്ജി ഹിമ കോഹ്‌ലിയും അഭിപ്രായപ്പെട്ടു.
‘ ഭരണഘടനയില്‍ പറയുന്നത് പോലുള്ള ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്ക് രാജ്യമായ നമ്മുടെ രാജ്യത്ത് സ്വതന്ത്ര നീതി ന്യായ വ്യവസ്ഥയുടെ പ്രസക്തി പറഞ്ഞറിയിക്കാന്‍ സാധിക്കില്ല,’ ഹിമ കോഹ്‌ലി പറഞ്ഞു.