ബാഴ്‌സലോണയുടെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായിരുന്നു ലയണല്‍ മെസി. എന്നാല്‍ കഴിഞ്ഞ സീസണില്‍ അദ്ദേഹം ബാഴ്‌സയില്‍ നിന്നും ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയിലേക്ക് ചേക്കേറിയിരുന്നു. കഴിഞ്ഞ സീസണില്‍ പി.എസ്.ജിക്കൊപ്പം മികച്ച പ്രകടനം നടത്താന്‍ അദ്ദേഹത്തിന് സാധിച്ചില്ലായിരുന്നു.
2023വരെയാണ് പി.എസ്.ജിയില്‍ മെസിയുടെ കരാര്‍. അതിന് ശേഷം അദ്ദേഹം ബാഴ്‌സയിലേക്ക് തന്നെ തിരിച്ചുവരുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബാഴ്‌സയുടെ ഉടമ ലാപോര്‍ട്ടെയും ഈ റിപ്പോര്‍ട്ടുകള്‍ക്ക് പോസീറ്റിവായ മറുപടിയായിരുന്നു നല്‍കിയത്.
മെസിയുടെ ബാഴ്‌സയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ചു തുറന്നു പറഞ്ഞിരിക്കുകയാണ് ബാഴ്‌സയിലെ മെസിയുടെ ടീം മേറ്റായിരുന്ന ഫാബ്രിഗസ്.
ബാഴ്‌സ ഇക്കാര്യത്തില്‍ ഓപ്പണാണെങ്കില്‍ അതൊരു ചോയ്‌സാണെന്നും അല്ലെങ്കില്‍ അത് നടക്കില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. മെസിയില്‍ മാത്രം ആശ്രയിച്ചല്ല അതിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘മെസിയെ ടീമിലെത്തിക്കാന്‍ ബാഴ്‌സക്ക് സമ്മതമാണെങ്കില്‍ അത് ഒരു ഓപ്ഷനായിരിക്കും. അത് മെസിയെ സംബന്ധിച്ച് മാത്രം ആശ്രയിക്കുന്നതല്ല, ക്ലബ്ബിനെയും അവരുടെയും തീരുമാനത്തെയും ആശ്രയിച്ചിരിക്കുന്നു മെസിയുടെ തിരിച്ചുവരവ്,’ ഫാബ്രിക്കാസ് പറഞ്ഞു.
നിലവില്‍ മികച്ച സ്‌ക്വാഡുള്ള ബാഴ്‌സയിലേക്ക് മെസി കൂടെ എത്തുമ്പോള്‍ ടീം ഒന്നുകൂടി മെച്ചപ്പെടും. കഴിഞ്ഞ സീസണില്‍ എല്ലാ ലീഗിലുമായി വെറും 11 ഗോളായിരുന്നു മെസി നേടിയിരുന്നത്. കരിയറിലെ തന്നെ മോശം സീസണുകളിലൊന്നായിരുന്നു അത്.
എന്നാല്‍ പി.എസ്.ജിയിലെ രണ്ടാം സീസണില്‍ മെസി അക്ഷരാര്‍ത്ഥത്തില്‍ ആറാടുകയാണ്. മെസിയുടെ കരാര്‍ നീട്ടാന്‍ പി.എസ്.ജി ആഗ്രഹിക്കുന്നതായി ഫാബ്രീസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്തായാലും മെസി ലോകകപ്പ് കഴിയുന്നതുവരെ ഇതിലൊന്നും ശ്രദ്ധ കൊടുക്കുന്നില്ല.