ന്യൂദല്‍ഹി: എജ്യുടെക് സ്ഥാപകന്‍ ബൈജു രവീന്ദ്രനെതിരെ ബെംഗളൂരുവിലെ ലോ ട്രൈബ്യൂണലില്‍ പരാതി നല്‍കി ബൈജൂസ് ആപ്പിന്റെ നിക്ഷേപകര്‍. ആപ്പിന്റെ നാല് നിക്ഷേപകര്‍ ചേര്‍ന്നാണ് കേസ് ഫയല്‍ ചെയ്തത്.
ബൈജൂസ് സി.ഇ.ഒയുടെയും മാനേജ്‌മെന്റിന്റെയും അടിച്ചമര്‍ത്തലും കമ്പനി നടത്തിപ്പിലെ പിടിപ്പുകേടും നിക്ഷേപകര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എജ്യുടെക് സ്ഥാപനം നടത്താന്‍ ബൈജു രവീന്ദ്രന്‍ യോഗ്യനല്ലെന്ന് പ്രഖ്യാപിക്കണമെന്ന് പരാതിക്കാര്‍ ലോ ട്രൈബ്യൂണലിനോട് ആവശ്യപ്പെട്ടിട്ടു.
കമ്പനിയുടെ ഉടമസ്ഥാവകാശം അസാധുവാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബൈജു രവീന്ദ്രനെ സി.ഇ.ഒ സ്ഥാനത്ത് നിന്ന് പുറത്താക്കുന്നതിന് വേണ്ടി കമ്പനിയുടെ നിക്ഷേപകരുടെ ഔദ്യോഗിക യോഗം ഇന്ന് നടക്കുന്നതിന് മുന്നോടിയായാണ് സംഘം ലോ ട്രൈബ്യൂണലിനെ സമീപിച്ചത്.
ബൈജു രവീന്ദ്രനെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും കമ്പനിയുടെ നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിലെ നിക്ഷേപകര്‍ നേരത്തെ ആവശ്യമുന്നയിച്ചിരുന്നു.
എന്നാല്‍ ജനറല്‍ ബോഡി യോഗത്തില്‍ പാസായ പ്രമേയങ്ങള്‍ റദ്ദാക്കികൊണ്ട് കര്‍ണാടക ഹൈകോടതി ഉത്തരവിട്ടിരുന്നു. അതിനാല്‍ ജനറല്‍ ബോഡിയുടെ നടപടിക്രമങ്ങള്‍ അസാധുവാണെന്ന് ചൂണ്ടിക്കാട്ടി ഷെയര്‍ഹോള്‍ഡര്‍മാര്‍ക്ക് ബൈജു രവീന്ദ്രന്‍ കത്തയച്ചിരുന്നു. ജനറല്‍ ബോഡി യോഗത്തില്‍ താനും മറ്റ് ബോര്‍ഡ് അംഗങ്ങളും പങ്കെടുക്കില്ലെന്നും അദ്ദേഹം കത്തില്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ന് ഓണ്‍ലൈനിലാണ് ജനറല്‍ ബോഡി യോഗം നടക്കുക. ചാന്‍ സക്കര്‍ബര്‍ഗ് ഇനിഷ്യേറ്റീവ് അടക്കം ബൈജൂസിന്റെ മാതൃസ്ഥാപനത്തിൽ 30 ശതമാനം ഓഹരിയുള്ള നിക്ഷേപകരാണ് യോഗം വിളിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ബൈജു രവീന്ദ്രനെതിരെ ഇ.ഡി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെ അദ്ദേഹം ഇന്ത്യ വിട്ടുവെന്നാണ് സൂചന. ബൈജു രവീന്ദ്രന്‍ ഇന്ത്യ വിട്ടാല്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അദ്ദേഹം ഇന്ത്യ വിട്ട് ദുബൈയിലെത്തിയെന്നാണ് സൂചനയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Contant Highlight: ‘CEO Byju Raveendran unfit to run firm’: 4 Bjyu’s investors file suit