'ഞങ്ങള്‍ വിതരണം ചെയ്യുന്ന വാക്‌സിനുകള്‍ 45 വയസിന് താഴെയുള്ളവര്‍ക്ക് നല്‍കരുത്'; സംസ്ഥാനങ്ങളോട് കേന്ദ്രം
Covid Vaccine
'ഞങ്ങള്‍ വിതരണം ചെയ്യുന്ന വാക്‌സിനുകള്‍ 45 വയസിന് താഴെയുള്ളവര്‍ക്ക് നല്‍കരുത്'; സംസ്ഥാനങ്ങളോട് കേന്ദ്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th April 2021, 10:19 am

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്യുന്ന വാക്‌സിനുകള്‍ 45 വയസിന് താഴെയുള്ളവര്‍ക്ക് നല്‍കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം. കേന്ദ്രസര്‍ക്കാരാണ് ഇത് സംബന്ധിച്ച നിര്‍ദേശം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്.

സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

നേരത്തെ രാജ്യത്തെ 18-നും 45-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ നല്‍കുക സ്വകാര്യ കേന്ദ്രങ്ങളിലൂടെ മാത്രമായിരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.

സ്വകാര്യ ആശുപത്രികള്‍ വഴിയാണ് വാക്സിന്‍ സ്വീകരിക്കേണ്ടത് എന്നതിനാല്‍ ഇതിനായി ആളുകള്‍ സ്വന്തം കൈയില്‍നിന്നും പണം ചെലവഴിക്കേണ്ടി വന്നേക്കും.

കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

സ്വകാര്യ മേഖലയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷില്‍ഡ് വാക്സിന്‍ 600 രൂപയ്ക്കും ഭാരത് ബയോടെക്കിന്റെ കൊവാക്സിന്‍ 1200 രൂപയ്ക്കുമാണ് കൊടുക്കുക എന്നാണ് കമ്പനികള്‍ അറിയിച്ചത്.

45 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ വാക്സിനേഷന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ തുടരാനാണ് സാധ്യത.

അതേസമയം സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വാക്‌സിന്‍ അനുവദിക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. 8,64,000 ഡോസ് സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് കേന്ദ്രം അറിയിച്ചു.

മൂന്ന് ദിവസത്തിനുള്ളില്‍ ഡോസ് ലഭ്യമാക്കുമെന്നാണ് അറിയിപ്പ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Centre Says States Cannot Use Vaccine Given By Govt of India for Those Under 45