വയറിങ്ങ് മേഖലയിലെ ലക്ഷക്കണക്കിന് വരുന്ന വയര്‍മാന്‍മാരെ തൊഴില്‍ രഹിതരാക്കുന്ന നയവുമായി കേന്ദ്ര സര്‍ക്കാര്‍. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി തയ്യാറാക്കിയ കരട് നയമാണ് വയറിങ്ങ് മേഖലയില്‍ തൊഴില്‍ നോക്കുന്ന അനേകം തൊഴിലാളികളെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.
കുത്തകകളെ സഹായിക്കാനുതകുന്ന വിധത്തില്‍ തൊഴിലാളികളുടെ യോഗ്യതയും മാനദണ്ഡങ്ങളും പുനര്‍നിശ്ചയിക്കാനുള്ള കരട് നയം പുറത്ത് വന്നതിന് പിന്നാലെയാണ് അനേകായിരം തൊഴിലാളികള്‍ വര്‍ഷങ്ങളായി തങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലി നഷ്ടമാകുമോ എന്ന ഭീഷണിയില്‍ കഴിയുന്നത്. കരട് നിയമം പ്രാബല്യത്തില്‍ വന്നാല്‍ കേരളത്തിലെ രണ്ടരലക്ഷത്തോളം വയര്‍മാന്‍മാരില്‍ ഭൂരിഭാഗവും പ്രതിസന്ധിയിലാകും
വയര്‍മാന്‍മാരെ തൊഴില്‍രഹിതരാക്കുന്ന കരട് നിയമം
കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി കരട് നയത്തില്‍ നിലവില്‍ ജോലി ചെയ്യുന്ന വയറിങ്ങ് കോണ്‍ട്രാക്ടര്‍മാരെ പുനര്‍നിര്‍ണയം നടത്തണമെന്നാണ് പ്രധാന നിര്‍ദേശമായി മുന്നോട്ട് വെച്ചിരിക്കുന്നത്.
നിലവില്‍ കണക്ട് ലോഡിനെ അടിസ്ഥാനമാക്കി എ, ബി, സി ക്ലാസ് കോണ്‍ട്രാക്ടര്‍മാരാണ് ഉള്ളത്. പുതിയ കരട് നിയമ പ്രകാരം ഈ വ്യവസ്ഥ മാറ്റി വോള്‍ട്ടേജിന്റെ അടിസ്ഥാനത്തില്‍ കോണ്‍ട്രാക്റ്റ് നല്‍കാനാണ് തീരുമാനം.
ഇതിനു പുറമെ വയര്‍മാന്‍മാരുടെ വിദ്യാഭ്യാസ യോഗ്യത ഉയര്‍ത്താനും കരട് നിയമം നിര്‍ദേശിക്കുന്നു. ഐ.ടി.ഐ, പോളിടെക്നിക്ക്, എന്‍ജിനിയറിങ്ങ് യോഗ്യതയാണ് വിവിധ ക്ലാസുകാര്‍ക്ക് പുതിയ കരട് നിയമത്തില്‍ യോഗ്യതയായി നിര്‍ദേശിക്കുന്നത്.
നിലവിലെ നിയമ പ്രകാരം പത്താം ക്ലാസ് യോഗ്യത പൂര്‍ത്തിയാക്കിയവര്‍ക്ക് ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍മാരുടെ കീഴില്‍ ലൈസന്‍സിങ്ങ് ബോര്‍ഡിന്റെ അംഗീകാരത്തോടെ രജിസ്റ്റര്‍ ചെയ്യുകയും സൂപ്പര്‍വൈസറുടെ മേല്‍നോട്ടത്തില്‍ ജോലി ചെയ്ത് അപ്രന്റിഷിപ്പ് പൂര്‍ത്തിയാക്കുയും വേണം. ഇതിന് പുറമെ വയര്‍മാന്‍ പെര്‍മിറ്റ് ലഭിക്കാന്‍ ഇലക്ട്രിസിറ്റി ലൈസന്‍സിങ്ങ് ബോര്‍ഡ് നടത്തുന്ന തിയറി പ്രാക്റ്റിക്കല്‍ പരീക്ഷ പാസാകുകയും വേണം.
ഇത്തരത്തില്‍ പത്താം ക്ലാസിനു ശേഷം അപ്രന്റിഷിപ്പ് പൂര്‍ത്തിയാക്കി പതിനായിരക്കണക്കിന് വയര്‍മാന്‍മാര്‍ കേരളത്തില്‍ മാത്രമുണ്ട്. പുതിയ കരട് നിയമം പ്രാബല്യത്തില്‍ വന്നാല്‍ ഇവര്‍ക്ക് വര്‍ഷങ്ങളായി തങ്ങള്‍ തുടര്‍ന്നിരുന്ന ജോലി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാതെ വരും.
അതുകൊണ്ട് ഇരുപത് വര്‍ഷം വരെ നിലവിലുള്ള വയറിങ് രീതികള്‍ തുടരാന്‍ അനുവദിക്കണമെന്നാണ് തങ്ങള്‍ മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യമെന്ന് ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍വൈസര്‍ അസോസിയേഷന്‍ ഓഫ് കേരള (സി.ഐ.ടി.യു) വിന്റെ സംസ്ഥാന പ്രസിഡന്റ് ടി.കെ സിദ്ദിഖ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
”കേരളത്തില്‍ ഇപ്പോള്‍ നിലവിലുള്ള വയര്‍മാന്‍ തൊഴിലാളികള്‍ ഒരു വര്‍ഷത്തെ അപ്രന്റിഷിപ്പ് പൂര്‍ത്തിയാക്കിയ ശേഷം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ്ങ് ബോര്‍ഡ് നടത്തുന്ന തിയറി പരീക്ഷയും പ്രാക്ടിക്കല്‍ പരീക്ഷയും പാസായി വരുന്നവരാണ്.
പുതിയ നിയമം ഇതൊന്നും യോഗ്യതയായി കണക്കാക്കാന്‍ പറ്റില്ലെന്നാണ് പറയുന്നത്. ഐ.ടി.ഐ, പോളിടെക്നിക്ക്, എന്‍ജിനിയറിങ്ങ് ബിരുദം മാത്രമേ യോഗ്യതയായി പരിഗണിക്കാന്‍ സാധിക്കൂ എന്നായാല്‍ ഇവര്‍ക്കെല്ലാം തൊഴില്‍ നഷ്ടമാകും. മാത്രവുമല്ല പോളിടെക്നിക്ക്, എന്‍ജിനിയറിങ്ങ്, ഐ.ടി.ഐ ബിരുദം പൂര്‍ത്തിയായവരുടെ അനുപാതം കൊണ്ട് മാത്രം കേരളത്തിന്റെ വയറിങ്ങ് ആവശ്യം പൂര്‍ത്തീകരിക്കാന്‍ കഴിയില്ല” ടി.സിദ്ദിഖ് പറഞ്ഞു.
ഈസി ഡൂയിങ്ങ് ബിസിനസ് എന്ന പേരിട്ട് വയറിങ്ങ് മേഖലയിലെ തൊഴിലും സാധാരണക്കാര്‍ക്ക് അപ്രാപ്യമാക്കുകയാണ് കേന്ദ്രസര്‍ക്കാരെന്ന് വയറിങ്ങ് മേഖലയിലെ തൊഴിലാളികള്‍ പറയുന്നു.
വൈദ്യുതി ലഭിക്കാനും പ്രയാസം നേരിടും
പുതിയ നിയമപ്രകാരം സി ക്ലാസ് കോണ്‍ട്രാക്ടര്‍ക്ക് 1000 വോള്‍ട്ട് പരിധിയുള്ളതിനാല്‍ ചെറിയ ജോലിക്ക് ആളെ കിട്ടില്ലെന്നും അതുകൊണ്ട് തന്നെ വീടുകളില്‍ കുറഞ്ഞ കണക്ടിവിറ്റി ലോഡുള്ള ആദിവാസി ദളിത് കുടുംബങ്ങള്‍ക്ക് വൈദ്യുതി ലഭിക്കാന്‍ തടസ്സം നേരിടുമെന്നും വയറിങ്ങ് തൊഴിലാളികളുടെ സംസ്ഥാന പ്രസിഡന്റ് ടി.കെ സിദ്ദിഖ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
”ആയിരം വോള്‍ട്ടേജ് വരുന്ന സി. ക്ലാസ് കോണ്‍ട്രാക്റ്റര്‍ ചെറിയ വര്‍ക്ക് ഏറ്റെടുക്കില്ല. നിലവില്‍ സി. ക്ലാസ് കോണ്‍ട്രാക്ടര്‍ക്ക് ഏറ്റവും കുറഞ്ഞത് പത്ത് കിലോ വാള്‍ട്ട് മാത്രമേ ഉള്ളൂ. അതുകൊണ്ട് തന്നെ വലിയ വീടുകള്‍ കിട്ടിയില്ലെങ്കില്‍ ചെറിയ വര്‍ക്കുകളെല്ലാം സി. ക്ലാസ് കോണ്‍ട്രാക്ടര്‍മാര്‍ ചെയ്യും. സി ക്ലാസ് കോണ്‍ട്രാക്ടര്‍മാരുടേത് ആയിരം വോള്‍ട്ടാകുന്നതോടെ ഈ സ്ഥിതി മാറുകയും ചെറിയ വര്‍ക്കുകള്‍ ഏറ്റെടുക്കാന്‍ ആളില്ലാതാകുകയും ചെയ്യും.’ ടി സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.
പുതിയ നിയമപ്രകാരം സൂപ്പര്‍വൈസര്‍ പെര്‍മിറ്റ് സൂപ്പര്‍വൈസറി കോംപീറ്റന്‍സി സര്‍ട്ടിഫിക്കറ്റ് എന്നാക്കുന്നതോടെ സാങ്കേതിക യോഗ്യത എല്ലാവര്‍ക്കും നിര്‍ബന്ധമാകും. സാങ്കേതിക സ്ഥാപനങ്ങളില്‍ ഇതിനുള്ള സംവിധാനമേര്‍പ്പെടുത്താതെയാണ് നിയമം നടപ്പാക്കാനുള്ള നീക്കം.
വയറിങ്ങ് മേഖലയിലെ തൊഴിലാളികളെ തൊഴില്‍രഹിതരാക്കുന്ന കേന്ദ്ര നയത്തിനെതിരെ ഡിസംബര്‍ രണ്ടിന് എല്ലാ ജില്ലകളിലും സൂചനാ സമരം നടത്തുമെന്ന് ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന്‍ ഓഫ് കേരള (സി.ഐ.ടി.യു) സംസ്ഥാന ഭാരവാഹികള്‍ പറഞ്ഞു. ഡിസംബര്‍ 23ന് സംസ്ഥാനത്തെ എല്ലാ കേന്ദ്ര സ്ഥാപനങ്ങള്‍ക്കു മുന്‍പിലും വയറിങ്ങ് മേഖലയിലെ തൊഴിലാളികള്‍ പ്രതിഷേധിക്കും.