രാജ്പഥ് ഇനി കര്‍ത്തവ്യപഥാകും; പേര് മാറ്റി കേന്ദ്ര സര്‍ക്കാര്‍
national news
രാജ്പഥ് ഇനി കര്‍ത്തവ്യപഥാകും; പേര് മാറ്റി കേന്ദ്ര സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th September 2022, 10:29 pm

ന്യൂദല്‍ഹി: രാജ്യ തലസ്ഥാനത്തെ സുപ്രധാന പാതയായ രാജ്പഥിന്റെ പേര് കര്‍ത്തവ്യപഥ് എന്ന് പുനര്‍നാമകരണം ചെയ്യാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. രാഷ്ട്രപതിഭവന്‍ മുതല്‍ നേതാജി പ്രതിമ വരെയുള്ള മുഴുവന്‍ ഭാഗത്തിന്റെയും പേരാണ് മാറ്റുന്നത്.

രാജ്പഥും സെന്‍ട്രല്‍ വിസ്ത പുല്‍ത്തകിടിയും ഉള്‍പ്പടെ രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാ ഗേറ്റ് വരെയുള്ള ഭാഗമാണ് ഇനി മുതല്‍ കര്‍ത്തവ്യപഥ് എന്ന് അറിയപ്പെടുക.

കൊളോണിയല്‍ സ്വാധീനം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കര്‍ത്തവ്യമാര്‍ഗ് എന്ന പേര് നല്‍കിയത് എന്നതാണ് കേന്ദ്ര വാദം. കൊളോണിയല്‍ കാലത്തിന്റെ അവസാന ശേഷിപ്പും ഇല്ലാതാക്കുമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.

സെപ്റ്റംബര്‍ ഏഴിന് ന്യൂദല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍ പ്രത്യേക യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

നവീകരിച്ച രാജ്പഥിന്റെയും സെന്‍ട്രല്‍ വിസ്തപുല്‍ത്തകിടിയുടെയും ഉദ്ഘാടനം വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കാനിരിക്കെയാണ് പേരുമാറ്റം.

റിപ്പബ്ലിക് ദിന പരേഡ് കടന്നുപോകുന്ന പാതയാണിത്. ബ്രിട്ടീഷ് ഭരണാധികാരിയായിരുന്ന ജോര്‍ജ് അഞ്ചാമന്‍ രാജാവിനോടുള്ള ബഹുമാന സൂചകമായാണ് കിങ്സ് വേ എന്ന പേര് ഉപയോഗിച്ചിരുന്നത്. സ്വാതന്ത്ര്യത്തിന് ശേഷം കിങ്സ് വേ അതിന്റെ ഹിന്ദി മൊഴിമാറ്റമായ രാജ്പഥായി മാറുകയായിരുന്നു.