കേന്ദ്രസർവകലാശയിൽ ഒ.ബി.സിയിൽ നിന്ന് നാല് ശതമാനം മാത്രം പ്രൊഫസർമാർ; 85 ശതമാനം പ്രൊഫസർമാരും സവർണവിഭാഗത്തിൽ നിന്ന്
ന്യൂദൽഹി: ബീഹാർ സർക്കാർ ജാതി സർവേ പുറത്തുവിട്ടതിന് ശേഷം സംവരണത്തെകുറിച്ചുള്ള ചർച്ചകൾ കൂടുതൽ സജീവമാകുന്നു. ഇന്ത്യയിലെ കേന്ദ്ര സർവകലാശാലകളിൽ ഒ.ബി.സി പ്രൊഫസർമാർ നാല് ശതമാനവും അസോസിയേറ്റ് പ്രൊഫസർമാർ ആറ് ശതമാനവും മാത്രമാണുള്ളത് എന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ കൂടിയാണ് ഇപ്പോൾ ചർച്ചയിലുള്ളത്.
സർവകലാശാലകളിലെ ഒ.ബി.സി പ്രാതിനിധ്യം വ്യക്തമാക്കുന്ന പൈ ചാർട്ടുകൾ കോൺഗ്രസ് ഇന്നലെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ന്യായമായ അവസരങ്ങൾ ലഭിക്കുന്നുണ്ടെന്ന് ജാതി സെൻസസ് ഉറപ്പാക്കുമെന്നും കോൺഗ്രസ് പോസ്റ്റിൽ പറയുന്നു.
ജൂലൈയിൽ കേന്ദ്ര സർവകലാശാലകളിൽ സംവരണ വിഭാഗങ്ങളിൽ നിന്നുള്ള പ്രാതിനിധ്യം സംബന്ധിച്ച് ആന്ധ്രാപ്രദേശ് എം.പി ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തെ തുടർന്നായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സുഭാഷ് സർക്കാർ കണക്കുകൾ വെളിപ്പെടുത്തിയത്.
ഒ.ബി.സി വിഭാഗത്തിലെ പ്രൊഫസർമാരുടെയും അസോസിയേറ്റ് പ്രൊഫസർമാരുടെയും പ്രാതിനിധ്യം എസ്.സി വിഭാഗത്തേക്കാൾ കുറവാണ്. അതേസമയം 85 ശതമാനം പ്രൊഫസർമാരും 82 ശതമാനം അസോസിയേറ്റ് പ്രൊഫസർമാരും സവർണ വിഭാഗത്തിൽ നിന്നുള്ളവരാണ്.
45 കേന്ദ്ര സർവകലാശാലകളിൽ അഞ്ച് വൈസ് ചാൻസിലർമാർ മാത്രമാണ് ഒ.ബി.സിയിൽ നിന്നുള്ളത്.
ബീഹാർ സർക്കാർ നടത്തിയ ജാതി സർവേയിൽ ബീഹാറിലെ 13 കോടി ജനങ്ങളിൽ 63 ശതമാനവും ഒ.ബി.സിയാണെന്ന് കണ്ടെത്തിയിരുന്നു. ജനസംഖ്യയുടെ 15.52 ശതമാനം മാത്രമാണ് സവർണ വിഭാഗം.
ജനസംഖ്യയുടെ ചെറിയ ശതമാനം മാത്രം വരുന്ന സവർണ വിഭാഗമാണ് എല്ലാ മേഖലകളിലും സ്ഥാനങ്ങൾ കൈയടക്കിയിട്ടുള്ളതെന്നും ജാതി സെൻസസ് നടപ്പാക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും പ്രതിപക്ഷം പറയുന്നു.
ബീഹാറിലെ കണക്കുകൾ പുറത്തുവന്നതിന് പിന്നാലെ ജാതി സെൻസസ് ഉടൻ നടപ്പാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
ജാതി സെൻസസ് എന്ന ആവശ്യമാണ് തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ ഇന്ത്യ മുന്നണിയിലെ കക്ഷികളും ഉന്നയിക്കുന്നത്. ജാതി സെൻസസ് നടപ്പാക്കി വനിതാ സംവരണ നിയമത്തിൽ ഒ.ബി.സിക്ക് ഉപസംവരണം വേണമെന്നും കോൺഗ്രസ് ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു.
Content Highlight: Only 4% of professors in 45 central univs are OBCs; 85% from Savarnas