സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
Education
സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th May 2018, 3:13 pm

ന്യൂദല്‍ഹി: സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇന്ന് വൈകീട്ടാണ് ഫലം പ്രഖ്യാപിക്കുക എന്നറിയിച്ചിരുന്നെങ്കിലും നേരത്തെ പ്രഖ്യാപിക്കുകയായിരുന്നു. 86.7 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉന്നതപഠനത്തിന് അര്‍ഹരായി.

പരീക്ഷാഫലം www.cbse.nic.in/ , www.cbseresults.nic.in/ എന്നീ വെബ് സൈറ്റിലും ഗൂഗിള്‍ സെര്‍ച്ച് പേജിലും ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ റോള്‍നമ്പറും ജനനതീയതിയും ഉപയോഗിച്ച് പരീക്ഷാഫലം അറിയാം. സ്മാര്‍ട്ട് ഫോണുകളിലെ “ഉമാങ്” മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഫലം ലഭ്യമാകും.

16,24,682 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയിട്ടുണ്ട്. ഇതില്‍ 1.3 ലക്ഷം വിദ്യാര്‍ഥികള്‍ 90 ശതമാനത്തിനുമുകളില്‍ മാര്‍ക്ക് നേടിയാണ് വിജയിച്ചത്. നാല് വിദ്യാര്‍ത്ഥികള്‍ 500 ല്‍ 499 മാര്‍ക്ക് നേടി.

27,476 വിദ്യാര്‍ത്ഥികള്‍ 95 ശതമാനത്തിലധികം മാര്‍ക്ക് നേടി.

പരീക്ഷയെഴുതിയ 99.60 ശതമാനം വിദ്യാര്‍ത്ഥികളും ജയിച്ച തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ വിജയശതമാനം. ചെന്നൈ (97.37%), അജ്മീര്‍ (91.86%), ദല്‍ഹി (78.62%) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ വിജയശതമാനം.