ബാലഭാസ്‌ക്കറിന്റെ മരണം സി.ബി.ഐയ്ക്ക്; സര്‍ക്കാര്‍ ഉത്തരവിറങ്ങി
Kerala
ബാലഭാസ്‌ക്കറിന്റെ മരണം സി.ബി.ഐയ്ക്ക്; സര്‍ക്കാര്‍ ഉത്തരവിറങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th December 2019, 11:37 am

 

തിരുവനന്തപുരം: വയലിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അപകട മരണം സി.ബി.ഐ അന്വേഷിക്കും. അന്വേഷണം സി.ബി.ഐ.ക്ക് കൈമാറി സര്‍ക്കാര്‍ ഉത്തരവിറങ്ങി. കേസിലെ ദുരൂഹത നീക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു

ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ബാലഭാസ്‌കറിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പിതാവ് ഉണ്ണിയായിരുന്നു ആദ്യം രംഗത്തെത്തിയത്. വിഷയം ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ അപകടത്തില്‍ ദുരൂഹതയില്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് നിലപാട്. പൊതുസമൂഹത്തില്‍ ചര്‍ച്ചയായ കേസായതിനാല്‍ സി.ബി.ഐ അന്വേഷണം വേണമോ എന്ന് സര്‍ക്കാര്‍ നിലപാടെടുക്കട്ടെ എന്ന അഭിപ്രായമായിരുന്നു ഡി.ജി.പിയുടേത്. ഇതിന് പിന്നാലെയാണ് സി.ബി.ഐക്ക് കേസ് കൈമാറി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വിനി ബാല സംഭവസത്ഥലത്തുവെച്ചും ബാലഭാസ്‌ക്കര്‍ പിന്നീട് ആശുപത്രിയില്‍വെച്ചുമാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഭാര്യ ലക്ഷ്മി ഏറെനാള്‍ ചികിത്സയിലായിരുന്നു

ബാലഭാസ്‌ക്കറിന്റെ സുഹൃത്തുക്കളും പരിപാടിയുടെ കോഡിനേറ്റര്‍മാരുമായിരുന്ന പ്രകാശ് തമ്പി, വിഷ്ണു എന്നിവര്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായതോടെയാണ് അപകടത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ ആദ്യം ക്രൈംബ്രാഞ്ചിനെ നിയോഗിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അപകടം നടന്ന സ്ഥലത്ത് അസ്വഭാവികമായ രീതിയില്‍ രണ്ടുപേരെ കണ്ടെന്ന കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലും മരണത്തിലെ ദുരൂഹതയിലേയ്ക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു.

ബാലഭാസ്‌ക്കറിന്റെ മരണത്തിനിടയാക്കിയ അപകടം നടന്നതിനു ശേഷം അതുവഴി കടന്നു പോയ കലാഭവന്‍ സോബി അപകട സ്ഥലത്ത് അസ്വാഭിവകമായ രീതിയില്‍ രണ്ടു പേരെ കണ്ടുവെന്നും ഇക്കാര്യം പ്രകാശ് തമ്പിയെ അറിയിച്ചിരുന്നെന്നും എന്നാല്‍ അദ്ദേഹം അത് പൊലീസിനോട് പറയാതെ മറച്ചുവെച്ചുവെന്നും മാധ്യമങ്ങളോടു വെളിപ്പെടുത്തിയിരുന്നു.