Advertisement
Kerala
കവിയൂര്‍ കേസ്: സി.ബി.ഐ അതിസമര്‍ത്ഥരാകാന്‍ നോക്കേണ്ടെന്ന് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 Jul 25, 08:55 am
Thursday, 25th July 2013, 2:25 pm

[]തിരുവനന്തപുരം: ##കവിയൂര്‍ പീഡനക്കേസില്‍ സി.ബി.ഐയ്ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം. പ്രത്യേക സി.ബി.ഐ കോടതിയാണ് അന്വേഷണ സംഘത്തിനെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയത്.

പീഡനത്തിനിരയായ അനഘയെ പീഡിപ്പിച്ചത് പിതാവ് നാരായണന്‍ നമ്പൂതിരിയാണെന്ന നിഗമനത്തില്‍ സി.ബി.ഐ എങ്ങനെയെത്തിയെന്ന് കോടതി ചോദിച്ചു.[]

അനഘയുടെ പരിചയക്കാരായ മൂന്ന് ചെറുപ്പക്കാരെ കുറിച്ച് എന്തുകൊണ്ട് സി.ബി.ഐ അന്വേഷിച്ചില്ല. അനഘ മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് വീട്ടില്‍ അന്യരാരും വന്നില്ലെന്ന് എങ്ങനെ മനസ്സിലായി.

സി.ബി.ഐ അതിസമര്‍ത്ഥന്മാരാകേണ്ട. കോടതിക്ക് നിരവധി സംശയങ്ങളുണ്ട്. കൂടുതല്‍ തുടര്‍ പരിശോധനകള്‍ ആവശ്യമാണെന്നും കോടതി പറഞ്ഞു.

പിതാവാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെങ്കില്‍ ആത്മഹത്യാ കുറിപ്പില്‍ അച്ഛന്റെ പേര് കാണേണ്ടതല്ലേയെന്നും കോടതി ചോദിച്ചു.

കവിയൂര്‍ കേസില്‍ മൂന്നാം തുടരന്വേഷണത്തിലും പെണ്‍കുട്ടിയെ പീഡിപ്പിച്ചത് പിതാവാണെന്ന കണ്ടെത്തലിലായിരുന്നു സി.ബി.ഐ. അനഘയെ പിതാവ് നാരായണന്‍ നമ്പൂതിരി പീഡിപ്പിച്ചുവെന്ന് സി.ബി.ഐ റിപ്പോര്‍ട്ട് തളളിക്കൊണ്ടായിരുന്നു നേരത്തെ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

കേസില്‍ രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ ഉന്നതരുടെ പങ്ക് അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉന്നതരുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഇല്ലെന്നുമായിരുന്നു സിബിഐയുടെ നാലാം തുടരന്വേഷണ റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നത്.

2004 സപ്തംബര്‍ 27നാണ് ക്ഷേത്രപൂജാരിയായ നാരായണന്‍ നമ്പൂതിരിയും കുടുംബവും ആത്മഹത്യ ചെയ്തത്.