ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ യു.പി പൊലീസിന്റെ വീഴ്ചകള്‍ അക്കമിട്ട് നിരത്തി സി.ബി.ഐ കുറ്റപത്രം.
താന്‍ ബലാത്സംഗം ചെയ്യപ്പെട്ട കാര്യം പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞെങ്കിലും അത് രേഖപ്പെടുത്താനോ മെഡിക്കല്‍ പരിശോധന നടത്താനോ പൊലീസ് ആദ്യ ഘട്ടത്തില്‍ തയ്യാറായില്ലെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
കൃത്യസമയത്ത് വൈദ്യപരിശോധന നടത്താത്തത് ഫോറന്‍സിക് തെളിവുകള്‍ നഷ്ടപ്പെടുന്നതിന് കാരണമായെന്നും സി.ബി.ഐ പറഞ്ഞു.
സെപ്റ്റംബര്‍ 14 ന് പെണ്‍കുട്ടി പരാതിയുമായി ചാന്ദ്പ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു.എന്നാല്‍ വാക്കാലുള്ള മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടില്ല. അഞ്ച് ദിവസത്തിന് ശേഷം രേഖാമൂലം പെണ്‍കുട്ടി പരാതി നല്‍കി. അതു കഴിഞ്ഞ് എട്ട് ദിവസത്തിന് ശേഷം, സെപ്റ്റംബര്‍ 22 നാണ് പൊലീസ് ലൈംഗിക പീഡനത്തിന് വൈദ്യപരിശോധന നടത്തിയത്. ഈ കാലതാമസമാണ് ഫോറന്‍സിക് തെളിവുകള്‍ നഷ്ടപ്പെടാന്‍ കാരണം, എന്നായിരുന്നു സി.ബി.ഐ പറഞ്ഞത്.
രണ്ടാമത്തേത്, സെപ്റ്റംബര്‍ 14ന് പെണ്‍കുട്ടി തനിക്ക് നേരെ ബലപ്രയോഗം നടന്നതായി പൊലീസിന് മൊഴി നല്‍കിയിരുന്നുവെങ്കിലും ഇത് രേഖപ്പടുത്തിയിരുന്നില്ല. ലൈംഗികാതിക്രമത്തിന് എതിരെയുള്ള വകുപ്പുകളും പരാതിയില്‍ എഴുതി ചേര്‍ത്തില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു.
മൂന്നാമതായി, സെപ്റ്റംബര്‍ 19ന് തനിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി പൊലീസിനോട് പറഞ്ഞു. അപ്പോള്‍ മാത്രമാണ് 354 വകുപ്പ് പരാതിയില്‍ ചേര്‍ത്തത്. എന്നാല്‍ പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും സി.ബി.ഐ വ്യക്തമാക്കി.
നാലാമതായി, സെപ്റ്റംബര്‍ 22 നാണ് താന്‍ ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് പെണ്‍കുട്ടി പറഞ്ഞത്. നാലുപ്രതികളെപ്പറ്റിയും വിവരം നല്‍കി. അപ്പോള്‍ മാത്രമാണ് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
യു.പി പൊലീസിന്റെ അന്വേഷണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നായിരുന്നു അന്വേഷണം സി.ബി.ഐയ്ക്ക് വിടാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്.
പൊലീസ് പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ധരാത്രി വീട്ടുകാരുടെ സമ്മതം കൂടാതെ സംസ്‌കരിച്ചതും, ഹാത്രാസില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ പെണ്‍കുട്ടിയുടെ കുടുംബത്തെ വീട്ടുതടങ്കിലാക്കിയതുമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലുള്‍പ്പെടെ ചര്‍ച്ചയായിരുന്നു. ഇതോടെ ഒക്ടോബര്‍ 11ന് അന്വേഷണം സി.ബി.ഐയ്ക്ക് വിടാന്‍ തീരുമാനമാകുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക