യു.എസ് ബന്ധം: നിലപാടുകള്‍ കര്‍ക്കശമാക്കി ക്യൂബ
Daily News
യു.എസ് ബന്ധം: നിലപാടുകള്‍ കര്‍ക്കശമാക്കി ക്യൂബ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th January 2015, 9:13 am

cuba
ഹവാന: അര നൂറ്റാണ്ട് കാലത്തോളം നീണ്ട് നിന്ന ശത്രുത അവസാനിപ്പിച്ച് നയതന്ത്ര ബന്ധം പുനരാരംഭിക്കാന്‍ ഒരുങ്ങുന്ന അമേരിക്കക്കും ക്യൂബക്കുമിടയില്‍ പുതിയ പ്രതിസന്ധി. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം സാധാരണ നിലയില്‍ ആവണമെങ്കില്‍ തങ്ങളുടെ ഉപാധികള്‍ അംഗീകരിക്കണമെന്നാണ്  ക്യൂബ ആവശ്യപ്പെട്ടിരിക്കുന്നത്. ലാറ്റിനമേരിക്കന്‍ കരീബിയന്‍ രാഷ്ട്രങ്ങളുടെ ഉച്ചകോടിക്കിടെയാണ് ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ ഇക്കാര്യം വ്യക്തമാക്കിയത്.

ബന്ധം പുതുക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച ഉന്നതതല യു.എസ് പ്രതിനിധി സംഘം ക്യൂബ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് റൗള്‍ കാസ്‌ട്രോ നിബന്ധനകള്‍ ഉന്നയിച്ചിരിക്കുന്നത്. 35 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഉന്നത തല യു.എസ് സംഘം ക്യൂബയിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പതിനേഴിനായിരുന്നു റൗള്‍ കാസ്‌ട്രോയും ഒബാമയും സംയുക്തമായി പുതിയ തുടക്കത്തിന് ആഹ്വാനം നടത്തിയിരുന്നത്.

1 കുപ്രസിദ്ധമായ ഗ്വാണ്ടനാമോ ജയില്‍ ഉള്‍പ്പെടുന്ന ഗ്വാണ്ടനാമോ നാവിക താവളം തിരികെ നല്‍കുക

2ക്യൂബക്കെതിരായ സാമ്പത്തിക, സൈനിക ഉപരോധം അവസാനിപ്പിക്കുക

3 സാമ്പത്തിക ഉപരോധം മൂലം ക്യൂബക്ക് സംഭവിച്ച സാമ്പത്തിക നഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക

4ക്യൂബന്‍ അഭ്യന്തര കാര്യങ്ങളില്‍ അമേരിക്കന്‍ ഇടപെടല്‍ ഒഴിവാക്കുക

5 വിമതരെ ഉപയോഗിച്ച് നടത്തിയ അട്ടിമറി ശ്രമങ്ങള്‍ തുറന്ന് സമ്മതിക്കുക

6ക്യൂബയില്‍ നിന്നും അമേരിക്കന്‍ ചാരന്‍മാരെ പിന്‍വലിക്കുക

7 ഫിദല്‍ കാസ്‌ട്രോയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാര വേലകള്‍ അവസാനിപ്പിക്കുക

തുടങ്ങിയ ആവശ്യങ്ങളാണ് റൗള്‍ കാസ്‌ട്രോ അമേരിക്കയുടെ മുമ്പാകെ വെച്ചത്. ക്യൂബയുടെ ഈ ആവശ്യങ്ങളുടെ ബ്രസീല്‍, ഇക്വഡോര്‍, എല്‍ സാല്‍വദോര്‍, നിക്കരാഗ്വേ, വെനിസ്വില തുടങ്ങിയ രാജ്യങ്ങലിലെ പ്രസിഡന്റുമാര്‍ പിന്തുണച്ചിട്ടുണ്ട്. നേരത്തെ 33 അംഗ ഉച്ചകോടി ക്യൂബക്കെതിരായ സാമ്പത്തിക ഉപരോധത്തെ അപലപിച്ചിരുന്നു. അതേ സമയം ക്യൂബയുടെ ആവശ്യങ്ങളോട് അമേരിക്കന്‍ അധികൃതര്‍ ഇതു വരെ പ്രതികരിച്ചിട്ടില്ല.