Kerala News
സ്‌കൂള്‍ മാനേജര്‍ ദളിത് വിദ്യാര്‍ഥിയെ ജാതി പറഞ്ഞ് മര്‍ദ്ദിച്ചതായി പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Nov 15, 05:03 am
Friday, 15th November 2019, 10:33 am

തിരുവനന്തപുരം: ദളിത് വിദ്യാര്‍ഥിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചതായി പരാതി. നെയ്യാറ്റിന്‍കര കാരക്കോണം പി.പി.എം ഹൈസ്‌ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ സ്‌കൂള്‍ മാനേജരാണ് ജാതി പറഞ്ഞ് അധിക്ഷേപിച്ചത്.

മുടിവെട്ടിയില്ല എന്ന കാരണം പറഞ്ഞാണ് വിദ്യാര്‍ഥിക്ക് നേരെ ജാത്യധിക്ഷേപമുണ്ടായത്. മര്‍ദ്ദിച്ച ശേഷം വിദ്യാര്‍ഥിയെ ചെയര്‍മാന്റെ മുറിയിലേക്ക് കൊണ്ടുപോയി ജാതിപ്പേരു പറഞ്ഞ് അധിക്ഷേപിച്ചെന്നാണ് പരാതി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘മാനേജര്‍ ക്ലാസിലേയ്ക്ക് കയറി വന്നു എന്റെ കൂട്ടുകാരന്റെ മുടിവെട്ടാത്തതെന്താണെന്നു ചോദിച്ച് മര്‍ദ്ദിച്ചു. അവന്റെ മുടി അത്രയെന്നും വളര്‍ന്നിട്ടുണ്ടായിരുന്നില്ല.’ മര്‍ദ്ദനമേറ്റ വിദ്യാര്‍ഥിയുടെ സുഹൃത്ത് പറഞ്ഞു. മീഡിയാവണ്ണിനോടായിരുന്നു പ്രതികരണം.

സ്‌ക്കൂളില്‍ അനധികൃതമായി നിയമനം നടത്തി മാനേജര്‍ വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് നേരത്തെ പി.ടി.എ ഡി.ഇ.ഒക്കു പരാതി നല്‍കിയിട്ടുള്ളതാണ്.

പരാതി പരിഗണിച്ച് ഇവരെ മാറ്റാന്‍ ഡി.ഇ.ഒ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മാനേജ്‌മെന്റ് അതിന് തയ്യാറായില്ല എന്നും ഇവര്‍ എപ്പോഴും സ്‌കൂളിലെത്തി വിദ്യാര്‍ഥികളെ ഉപദ്രവിക്കുന്നുണ്ടെന്നും പരാതിയുണ്ട്.

അംഗപരിമിതനായ അമ്മാവന്റെ സംരക്ഷണയിലാണ് കുട്ടി കഴിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ സ്‌ക്കൂളിലേക്ക് മാര്‍ച്ച് നടത്തി.