ന്യൂദല്‍ഹി: ക്രിക്കറ്റര്‍ അര്‍ഷ്ദീപ് സിങ്ങിനെതിയിരേയും സിഖ് വിഭാഗത്തിനെതിരേയും വിദ്വേഷം പ്രചചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കേസ്. ബി.ജെ.പി നേതാവായ മന്‍ജിന്ദര്‍ സിങ് സിര്‍സയാണ് സുബൈറിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
ഞായറാഴ്ച ദുബൈയില്‍ നടന്ന ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാകിസ്ഥാന്‍ ബാറ്ററായ ആസിഫ് അലി നല്‍കിയ ക്യാച്ച് അവസരം അര്‍ഷ്ദീപ് സിങ് പാഴാക്കിയിരുന്നു. ഇതിന് പിന്നാലെ അര്‍ഷ്ദീപ് സിങ്ങിനെതിരെ സൈബര്‍ അറ്റാക്കും ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമാകുകയാണ്.
ഒരു ക്യാച്ച് പാഴായതിന്റെ പേരില്‍ മാത്രം അര്‍ഷ്ദീപ് സിങ്ങിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരായാണ് സുബൈര്‍ ട്വീറ്റ് പങ്കുവെച്ചത്. വിവിധ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വന്ന വിദ്വേഷ പ്രചരണങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ചേര്‍ത്തായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
One drop catch and….. 🤮🤮🤢🤢#INDvsPAK pic.twitter.com/6lhFjkQ6wf
— Mohammed Zubair (@zoo_bear) September 4, 2022
എന്നാല്‍ ഇതിനെ വളച്ചൊടിച്ചാണ് ബി.ജെ.പി പ്രവര്‍ത്തകന്റെ പരാതി.അര്‍ഷ്ദീപ് സിങ്ങിനെതിരെ അപകീര്‍ത്തികരമായ പോസ്റ്റ് പങ്കുവെച്ചുവെന്ന് വാദിച്ചാണ് ബി.ജെ.പി പ്രവര്‍ത്തകന്‍ സുബൈറിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. സുബൈര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അര്‍ഷ്ദീപിനെതിരെ പങ്കുവെച്ച ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്.
ഇതില്‍ മിക്ക പോസ്റ്റുകളും പാകിസ്ഥാനി അക്കൗണ്ടുകളില്‍ നിന്നുള്ളതാണെന്നും ദേശദ്രോഹികളുടെ നിര്‍ദേശപ്രകാരമാണ് സുബൈര്‍ പ്രവര്‍ത്തിച്ചതെന്നും ബി.ജെ.പി നേതാവ് പരാതിയില്‍ ആരോപിച്ചു.
സുബൈര്‍ പങ്കുവെച്ച ട്വീറ്റിലെ പേജുകളെല്ലാം പാകിസ്ഥാനി അക്കൗണ്ടുകളാണെന്നും ദേശവിരുദ്ധരോട് ചേര്‍ന്നാണ് സുബൈര്‍ പ്രവര്‍ത്തിക്കുന്നതെന്നും സിര്‍സ ആരോപിച്ചു.
സിഖ് സമുദായത്തെ അപകീര്‍ത്തിപ്പെടുത്താനും തന്റെ മനസും ഹൃദയവും സിഖ് സമുദായത്തിന് വേണ്ടി നല്‍കിയ ദേശീയ തലത്തിലുള്ള കളിക്കാരനെ മനപ്പൂര്‍വം തേജോവധം ചെയ്യുക എന്നതുമാണ് ഇത്തരം പോസ്റ്റുകള്‍ക്ക് പിന്നിലെ പ്രധാന ഉദ്ദേശമെന്നും സിര്‍സ ആരോപിച്ചു.
We are going to file a police complaint agnst @zoo_bear who worked in tandem with Pak agencies to set “Khalistani” narrative against #ArshdeepSingh in India. Zubair cleverly took screenshots with the search word “Khalistani” even when some of tweets in these SS are from Pakistan pic.twitter.com/6Y9plwH8Yv
— Manjinder Singh Sirsa (@mssirsa) September 5, 2022
2018ല്‍ തീവ്ര ഹിന്ദുത്വ നേതാക്കള്‍ക്കെതിരെ ട്വീറ്റ് ചെയ്തതിന് ദല്‍ഹി പൊലീസാണ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്. 2020ലെ കേസിലായിരുന്നു അറസ്റ്റ് ചെയ്തത്.
അറസ്റ്റിനെതിരായ പരിരക്ഷ മുഹമ്മദ് സുബൈറിന് ഹൈക്കോടതി അനുവദിച്ചിരുന്നതാണെന്ന് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനായ പ്രതീക് സിന്‍ഹ ട്വീറ്റ് ചെയ്തു. സുബൈറിനെ അന്വേഷണ സംഘം വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നെന്നും അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചു.
രാഷ്ട്രീയ ഹിന്ദു ഷേര്‍ സേനയുടെ ജില്ലാ തലവനായ ഭഗവാന്‍ ശരണ്‍ എന്നയാളുടെ പരാതിയിലായിരുന്നു നടപടി. മാധ്യമപ്രവര്‍ത്തകരെ അവര്‍ പറയുന്നതിന്റെയും എഴുതുന്നതിന്റെയും പേരില്‍ വിചാരണ ചെയ്യുകയോ ജയിലിലടക്കുകയോ ചെയ്യരുതെന്ന് ജര്‍മനി പ്രതികരിച്ചിരുന്നു. ലോകത്തിന്റെ വിവിധ കോണുകളില്‍ സുബൈറിനെ അറസ്റ്റ് ചെയ്തതിനെതിരെ ഇന്ത്യ വിമര്‍ശനം നേരിട്ടിരുന്നു.
പ്രവാചകന് എതിരായ ബി.ജെ.പി നേതാവ് നുപൂര്‍ ശര്‍മയുടെ പരാമര്‍ശം പുറം ലോകത്തെത്തിച്ച മാധ്യമപ്രവര്‍ത്തകനും മുഹമ്മദ് സുബൈറായിരുന്നു.
2014ന് ശേഷം ഹണിമൂണ്‍ ഹോട്ടലില്‍ നിന്ന് ഹനുമാന്‍ ഹോട്ടലിലേക്ക് പേരുമാറ്റുന്ന ഹോട്ടലിന്റെ ചിത്രം ട്വീറ്റ് ചെയ്തതിനാണ് മുഹമ്മദ് സുബൈറിന്റെ അറസ്റ്റെന്ന് ദല്‍ഹി പൊലീസ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
Content Highlight: Case filed against mohammed zubair for his tweet against arshdeep singh