national news
ലക്ഷദ്വീപില്‍ പ്രതിഷേധം പുകയുമ്പോഴും അന്വേഷണം പുരോഗമിക്കാതെ ദാദ്ര- ഹവേലിയില്‍ പ്രഫുല്‍ പട്ടേലിനെതിരായ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 May 30, 06:34 am
Sunday, 30th May 2021, 12:04 pm

മുംബൈ: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. എന്നാല്‍ ഇതിനിടയില്‍ ചര്‍ച്ചയാകുന്നത് പ്രഫുല്‍ പട്ടേല്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ കുറ്റാരോപിതരായ മോഹന്‍ ദേല്‍ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസാണ്.

ഈ കേസിന്റെ അന്വേഷണം എങ്ങുമെത്തിയിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ പുറത്ത് വിടുന്ന വിവരമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫെബ്രുവരി 22നാണ് മുംബൈയിലെ മറൈന്‍ ഡ്രൈവിലെ ഹോട്ടലില്‍ എം. പി ആയിരുന്ന മോഹന്‍ ദേല്‍ക്കറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 15 പേജുള്ള ആത്മഹത്യാ കുറിപ്പില്‍ അന്നത്തെ ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്ന പ്രഫുല്‍ പട്ടേല്‍ ഉള്‍പ്പെടെ എട്ടുപേരെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.

പ്രഫുല്‍ പട്ടേലും അദ്ദേഹത്തിന്റെ ഓഫീസും വേട്ടയാടിയെന്നായിരുന്നു ഗുജറാത്തി ഭാഷയിലെഴുതിയ ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്.

എന്നാല്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ട് തവണ അന്വേഷണ ഉദ്യോഗസ്ഥര്‍ ദാദ്ര നഗര്‍ ഹവേലിയില്‍ എത്തി എം.പിയുടെ മകന്റെ മൊഴിയെടുത്തിരുന്നു. എന്നാല്‍ മറ്റുള്ളവരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല.

കേസിലെ സാക്ഷികളില്‍ പലര്‍ക്കും കൊവിഡ് ബാധിച്ചുവെന്നും പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥനും കൊവിഡ് ബാധിച്ചുവെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.

അഭിനവിന്റെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ ആരോപണവിധേയരെ ചോദ്യം ചെയ്യൂ എന്നും പൊലീസ് അറിയിച്ചു. ആത്മഹത്യാ പ്രേരണ, ഭീഷണിപ്പെടുത്തല്‍, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രഫുല്‍ പട്ടേല്‍ ഉള്‍പ്പെടെയുള്ള ഒന്‍പത് പേര്‍ക്കെതിരെ ചുമത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Case against Praful Ghoda patel on debate in Lakshadweep issue on air