പിറവം: സി.പി.ഐ.എം നേതാക്കളായ കോലിയക്കോട് കൃഷ്ണന്‍ നായര്‍ക്കും സുരേഷ് കുറുപ്പിനുമെതിരെ കേസ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം ലംഘിച്ച് പോളിംഗ് ബൂത്തില്‍ പ്രവേശിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.
പിറവം തിരഞ്ഞെടുപ്പിന്റെ പ്രചരണം അവാസാനിച്ച ദിവസം മണ്ഡലത്തിന് പുറത്തുള്ള നേതാക്കള്‍ അവിടം വിട്ട് പോകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശം അവഗണിച്ച് കൃഷ്ണന്‍ നായരും സുരേഷ് കുറുപ്പും പോളിംഗ് ബൂത്തുകളില്‍ പ്രവേശിച്ചതാണ് നടപടിക്ക് കാരണം.
കോലിയക്കോട് കൃഷ്ണന്‍ നായര്‍ ഇന്ന് രാവിലെ കൂത്താട്ടുകുളം ഹൈസ്‌കൂളിലെ 127ാം നമ്പര്‍ ബൂത്തില്‍ പ്രവേശിച്ചുവെന്നാണ് കേസ്. മംഗലത്തുതാഴ യു.പി സ്‌കൂളിലെ 125ാം ബൂത്തില്‍ പ്രവേശിച്ചതിനാണ് സുരേഷ് കുറുപ്പിനെതിരെ കേസെടുത്തത്. പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
എന്നാല്‍ താനൊരു ബൂത്തിലും കയറിയിട്ടില്ലെന്നാണ് കോലിയക്കോട് കൃഷ്ണന്‍ നായര്‍ പറഞ്ഞത്. കൂത്താട്ടുകുളത്ത് താന്‍ പോയി എന്നുള്ളത് സത്യമാണ്. എന്നാല്‍ ബൂത്തില്‍ പ്രവേശിച്ചിട്ടില്ല. തനിക്കെതിരെ കേസെടുത്തതായി വിവരം ലഭിച്ചിട്ടില്ലെന്നും കൃഷ്ണന്‍ നായര്‍ വ്യക്തമാക്കി. എം.എല്‍.എ മണ്ഡലത്തില്‍ കയറരുതെന്ന് പറയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് എന്തധികാരമാണുള്ളതെന്നും കൃഷ്ണന്‍ നായര്‍ ചോദിച്ചു.