ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ക്കെതിരെ കേസെടുത്ത സംഭവം; വ്യാപക പ്രതിഷേധമുയരുന്നു
Kerala News
ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ക്കെതിരെ കേസെടുത്ത സംഭവം; വ്യാപക പ്രതിഷേധമുയരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th June 2023, 9:23 am

കൊച്ചി: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ പരാതിയില്‍ ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെ പ്രതി ചേര്‍ത്തതില്‍ വ്യാപക പ്രതിഷേധമുയരുന്നു.

സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ റിപ്പോര്‍ട്ടര്‍ക്കെതിരെ കേസെടുത്തത് അക്രമമാണെന്നും റിപ്പോര്‍ട്ടിങ് നടത്തിയതിന്റെ പേരില്‍ കേസെടുക്കാന്‍ തുടങ്ങിയാല്‍ ജേണലിസം മുന്നോട്ട് പോകില്ലെന്നും മാധ്യമ പ്രവര്‍ത്തകന്‍ ശ്രീജിത്ത് ദിവാകരന്‍ പറഞ്ഞു.

‘റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ജേണലിസ്റ്റ്, ലൈവായി ഒരു കെ.എസ്.യു പ്രവര്‍ത്തകന്‍/നേതാവ് ഉന്നയിച്ച പരാതി ആവര്‍ത്തിച്ചതില്‍, അവര്‍ പറയുന്നത് കെ.എസ്.യു രാഷ്ട്രീയ ആരോപണം ഉന്നയിച്ചിരിക്കുന്നുവെന്നാണ്. അവര്‍ക്കെതിരെ ഗൂഡാലോചന കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് അക്രമമാണ്. വലിയ തെറ്റ്. റിപ്പോര്‍ട്ടിങ് നടത്തിയതിന്റെ പേരില്‍ കേസെടുക്കാന്‍ തുടങ്ങിയാല്‍ ജേണലിസം മുന്നോട്ട് പോകില്ല,’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഒരു വിഷ്വലിന്റെ പേരില്‍ മാത്രമാണ് റിപ്പോര്‍ട്ടറെ പ്രതിചേര്‍ക്കാന്‍ കാരണമായതെങ്കില്‍ അത് അസംബന്ധമാണെന്നും മാധ്യമ പ്രവര്‍ത്തകന്‍ കെ.ജെ. ജേക്കബ് പറഞ്ഞു. പൊലീസിന്റെ ഈ നടപടി തിരുത്താന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പത്രപ്രവര്‍ത്തകയെ പ്രതിചേര്‍ക്കുന്നതിന് കാരണമായത് എന്ന മട്ടില്‍ ഒരു വിഷ്വല്‍ പ്രചരിക്കുന്നുണ്ട്. ആ റിപ്പോര്‍ട്ടിന്റെ പേരിലാണ്, അതിന്റെ മാത്രം പേരിലാണ് ഈ പ്രതിചേര്‍ക്കല്‍ എന്ന് വിശ്വസിക്കാന്‍ എനിക്ക് ബുദ്ധിമുട്ടാണ്. ഇനി അങ്ങനെ ആണ് എങ്കില്‍, ആ വിഷ്വല്‍ മാത്രമാണ് കാരണമെങ്കില്‍ അത് ശുദ്ധ അസംബന്ധമാണ്, അന്യായമാണ്, അനീതിയാണ്, അനാവശ്യമായി ഉപദ്രവിക്കലാണ്, അംഗീകരിക്കാനാവാത്തതാണ്. പൊലീസിന്റെ ഈ നടപടി തിരുത്താന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം,’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

അഖിലക്കെതിരെ നല്‍കിയ കേസ് ഭയപ്പെടുത്താനുള്ള ഉദ്ദേശത്തോടെയാണെന്നും കേസ് പിന്‍വലിക്കണമെന്നും മാധ്യമ പ്രവര്‍ത്തക ധന്യ രാജേന്ദ്രനും ആവശ്യപ്പെട്ടു. നിരവധി മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്തുകൊണ്ടാണ് ആര്‍ഷോ അഖിലക്കെതിരെ മാത്രം പരാതി നല്‍കിയതെന്നും വാര്‍ത്ത കൊടുത്ത എല്ലാവര്‍ക്കെതിരെയും അദ്ദേഹം പരാതി നല്‍കുമോയെന്നും അവര്‍ ചോദിച്ചു.

അഖിലക്കെതിരെ കേസെടുത്ത നടപടി ജനാധിപത്യ വിരുദ്ധവും മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവുമാണെന്ന് പത്രപ്രവര്‍ത്തകരുടെ സംഘടനയായ കെ.യു.ഡബ്ല്യു.ജെ പറഞ്ഞു. നടപടി അടിയന്തരമായി തിരുത്തണമെന്നും അല്ലാത്ത പക്ഷം വലിയ പ്രതിഷേധത്തിലേക്ക് കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ നീങ്ങുമെന്നും കെ.യു.ഡബ്ല്യു.ജെ. അറിയിച്ചു.

നേരത്തെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ ഗൂഡാലോചനയുണ്ടായെന്ന് ആര്‍ഷോ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്നലെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. അത് പ്രകാരം ഒന്നാം പ്രതി ഡിപ്പാര്‍ട്മെന്റ് കോര്‍ഡിനേറ്റര്‍ വിനോദ് കുമാറും രണ്ടാം പ്രതി പ്രിന്‍സിപ്പാലുമാണ്. ഇതിലാണ് അഞ്ചാം പ്രതിയായി അഖിലയെ ചേര്‍ത്തിരിക്കുന്നത്.

Content Highlights : Case against asianet news reporter: widespread protest arise