കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്റെ സംഘപരിവാര്‍ പക്ഷപാതിത്വം പുതിയ കാര്യമല്ല; ഡി.വൈ.എഫ്.ഐ വാര്‍ത്താസമ്മേളനം വളച്ചൊടിച്ചതില്‍ വിമര്‍ശനവുമായി വി.കെ. സനോജ്
Kerala News
കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്റെ സംഘപരിവാര്‍ പക്ഷപാതിത്വം പുതിയ കാര്യമല്ല; ഡി.വൈ.എഫ്.ഐ വാര്‍ത്താസമ്മേളനം വളച്ചൊടിച്ചതില്‍ വിമര്‍ശനവുമായി വി.കെ. സനോജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th April 2023, 1:17 pm

തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ നടത്തിയ വാര്‍ത്താ സമ്മേളനത്തെ വളച്ചൊടിച്ച് മാതൃഭൂമി നല്‍കിയ കാര്‍ട്ടൂണില്‍ പ്രതികരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്.

കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്റെ സംഘപരിവാര്‍ പക്ഷപാതിത്വവും ആ കൂടാരത്തിനോട് അടിമപ്പെട്ട് കൊണ്ടുള്ള അദ്ദേഹത്തിന്റെ കാര്‍ട്ടൂണ്‍ നിലവാരവും പുതിയ കാര്യമല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കാകദൃഷ്ടി എന്ന കോളത്തിലാണ് ‘വന്ദേഭാരത് എക്‌സ്പ്രസ് പെട്ടെന്ന് എത്തിച്ചത് കേരളത്തോടുള്ള വിരോധത്തില്‍- ഡി.വൈ.എഫ്.ഐ’ എന്ന് വി.കെ സനോജിന്റെ ചിത്രം അടക്കം കാര്‍ട്ടൂണ്‍ വന്നിരിക്കുന്നത്.

എന്നാല്‍ ഇത്തരമൊരു കാര്യം താനോ ഡി.വൈ.എഫ്.ഐ സംസ്ഥാന അധ്യക്ഷന്‍ വി.വസീഫോ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

മാതൃഭൂമി അടക്കമുള്ള മാധ്യമങ്ങള്‍ നാളിതുവരെ നടത്തിക്കൊണ്ടിരുന്ന സില്‍വര്‍ ലൈന്‍ വിരുദ്ധ സാഹിത്യത്തിന് ഒരു കച്ചിത്തുരുമ്പായാണ് വന്ദേ ഭാരത് ട്രെയിനിനെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

‘മറ്റു പല സംസ്ഥാനങ്ങളിലും നേരത്തെ ആരംഭിച്ച വന്ദേ ഭാരത് പതിനഞ്ചാമത്തെ സര്‍വീസായാണ് കേരളത്തില്‍ എത്തിച്ചേര്‍ന്നത്.

കേരളത്തിന് എന്നോ ലഭിക്കേണ്ട വന്ദേ ഭാരത് നമുക്ക് വളരെ വൈകി ലഭിച്ചപ്പോള്‍ ബി.ജെ.പി അതിനെ വലിയ സംഭവമായി ചിത്രീകരിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്,’ തുടങ്ങിയ കാര്യങ്ങളാണ് തങ്ങള്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

‘കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്റെ സംഘപരിവാര്‍ പക്ഷപാതിത്വവും ആ കൂടാരത്തിനോട് അടിമപ്പെട്ടു കൊണ്ടുള്ള അദ്ദേഹത്തിന്റെ കാര്‍ട്ടൂണ്‍ നിലവാരവും പുതിയ കാര്യമല്ല. എന്നാല്‍ മാതൃഭൂമി അടക്കമുള്ള മാധ്യമങ്ങള്‍ നാളിതുവരെ നടത്തിക്കൊണ്ടിരുന്ന സില്‍വര്‍ ലൈന്‍ വിരുദ്ധ സാഹിത്യത്തിന് ഒരു കച്ചിത്തുരുമ്പായാണ് വന്ദേ ഭാരത് ട്രെയിനിനെ കണ്ടത്.

അതിന്റെ മുനയൊടിക്കുന്ന വാക്കുകള്‍ ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ നിന്ന് കേട്ടപ്പോഴുള്ള അസ്വസ്ഥതയാണ് ഈ വ്യാജ വാര്‍ത്ത നല്‍കലും, വന്ദേ ഭാരത് ട്രെയിനിനെതിരെ ഡി.വൈ.എഫ്.ഐ നിലപാട് കൈക്കൊണ്ടു എന്ന പ്രതീതി സൃഷ്ടിക്കലും.

ഡി.വൈ.എഫ്.ഐ യുടെ ഈ വിഷയത്തിലുള്ള നിലപാടില്‍ എന്തെങ്കിലും വ്യക്തത കുറവില്ല. റെയില്‍ പാത വികസനം സാധ്യമാകാത്ത കേരളത്തിന്റെ റെയില്‍വേ ലൈനില്‍ കൂടി ഉയര്‍ന്ന യാത്ര ചെലവില്‍ 8 മണിക്കൂര്‍ എടുത്ത് യാത്ര ചെയ്യേണ്ടുന്ന വന്ദേ ഭാരത് സില്‍വര്‍ ലൈനിനിന് പകരമാണെന്ന് സ്ഥാപിക്കേണ്ട വ്യഗ്രതയുള്ള മാധ്യമങ്ങള്‍ ഇത്തരം വ്യാജ പ്രചാരണങ്ങള്‍ നടത്തിയും വ്യാജ കാര്‍ട്ടൂണുകള്‍ വരച്ചും സായൂജ്യമടയുക,’ സനോജ് കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നാളിതുവരെ ചോദ്യങ്ങളെ അഭിമുഖീകരിക്കാതെ സെറ്റിട്ട അഭിമുഖങ്ങളില്‍ ഉത്തരങ്ങള്‍ മാത്രം നല്‍കി കൊണ്ട് ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയോട് രാജ്യത്തെ യുവജനങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കുകയാണ്.

‘Young India, Ask India’ എന്ന പേരില്‍ നടക്കുന്ന പരിപാടിയില്‍ വരുന്ന ഏപ്രില്‍ 23 – ന് ജില്ലാ കേന്ദ്രങ്ങളില്‍ കാല്‍ ലക്ഷം പേര്‍ പങ്കെടുക്കും.

ഈ പരിപാടിയെ കുറിച്ച് സംസാരിക്കാനായി സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, കോഴിക്കോട് ഡി.വൈ.എഫ്.ഐ ജില്ലാ നേതൃത്വം എന്നിവര്‍ക്കൊപ്പം കോഴിക്കോട് വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിന്റെ ഒടുവിലാണ് ഇന്നലെ കേരളത്തില്‍ എത്തിയ വന്ദേ ഭാരത് എക്‌സ്പ്രസിനേയും കെ റെയിലിനേയും ബന്ധപ്പെടുത്തിയ ചോദ്യങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിച്ചത്.

അതില്‍ ചോദ്യം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകന്റെ ‘കെ റെയില്‍ വലിയ ചര്‍ച്ചയൊക്കെ നടന്ന ഘട്ടത്തിലാണ് വന്ദേ ഭാരത് ട്രയിന്‍ ഒക്കെ വരുന്നത് പെട്ടന്ന് ഇങ്ങനെ ഉള്ള ടെയിനിന്റെ വരവേല്‍പില്‍ രാഷ്ട്രീയം എന്തെങ്കിലും ഉണ്ടോ ? കെ റെയിലിനെ തീര്‍ത്തും അപ്രസക്തമാക്കിയോ ? എന്താണ് ഡി.വൈ.എഫ്.ഐയുടെ അഭിപ്രായം?’

ഞാന്‍ പറഞ്ഞ മറുപടിയുടെ ചുരുക്കം ഇങ്ങനെയാണ്. ഈ വരവേല്‍പിനും പ്രചരണത്തിനും തികച്ചും രാഷ്ട്രീയം ഉണ്ട്.
കേരളത്തില്‍ വന്ദേ ഭാരത് ട്രയിനിന്റെ വേഗത ഒക്കെ നമ്മള്‍ ചര്‍ച്ച ചെയ്യതാണ്. നാളിതുവരെ അധികാരത്തില്‍ വന്നത് മുതല്‍ കേരളത്തിന്റെ എല്ലാ റെയില്‍വേ വികസനത്തെയും അട്ടിമറിച്ചവരാണ് ബിജെപി.

എലത്തൂര്‍ സംഭവം അടക്കം ചൂണ്ടി കാണിച്ച് തീവണ്ടിയിലെ സുരക്ഷ, റെയില്‍ പാതാ വികസനം, കോച്ച് ഫാക്ട്ടറി, പാലക്കാട് സോണ്‍, തുടങ്ങി കേരളത്തിന്റെ എല്ലാ റെയില്‍വേ വികസന ആവശ്യങ്ങളോടും പുറം തിരിഞ്ഞു നിന്നവരാണ് യൂണിയന്‍ ഗവണ്മെന്റ്.

ഈ ഗവണ്മെന്റ് വന്നതിന് ശേഷം റെയില്‍വേ ബജറ്റ് തന്നെ എടുത്തു കളയുകയും, കേരളത്തെ ഇന്ത്യന്‍ റെയില്‍വേയുടെ ഒരു പുറമ്പോക്കായാണ് പരിഗണിക്കുന്നതെന്നും ഗുണ നിലവാരമുള്ള കോച്ചുകള്‍ പോലും നമുക്ക് ലഭിക്കാറില്ല. കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് കെ. റെയില്‍, ദേശീയ പാതാ വികസനം അടക്കമുള്ള പദ്ധതികള്‍ ഇടതു സര്‍ക്കാര്‍ മുന്നോട്ട് വച്ചപ്പോള്‍ അതിനോടൊക്കെ അങ്ങേയറ്റം നിഷേധാത്മക സമീപനമാണ് ബി.ജെ.പിയും കോണ്‍ഗ്രസ്സും അടക്കമുള്ള കക്ഷികള്‍ സ്വീകരിച്ചത്.

സില്‍വര്‍ ലൈനിന് ബദലാണ് വന്ദേ ഭാരത് എന്ന് പ്രചരിപ്പിച്ച് കേരളത്തിന്റെ അത്തരം വികസന കാര്യങ്ങള്‍ ഇനി ചര്‍ച്ച ചെയ്യേണ്ടതില്ല എന്ന് സ്ഥാപിക്കുന്നതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയം ഉണ്ട്. അത് കേരളത്തോടുള്ള വിരോധത്തില്‍ നിന്ന് ഉള്‍പ്പെടെ രൂപപ്പെടുന്ന ഒരു രാഷ്ട്രീയമാണ്.

തൊട്ടപ്പുറം കര്‍ണ്ണാടകയില്‍ വന്ന് അപ്പുറം കേരളമാണ് എന്ന് വിദ്വേഷം പ്രസംഗിക്കുന്ന യൂണിയന്‍ അഭ്യന്തര മന്ത്രിയുള്ള ബി.ജെ.പി ഗവണ്‍മെന്റിന്റെ കേരളത്തോടുള്ള വിരോധം കൂടി ഇത്തരം പ്രചരണങ്ങളുടെ പുറകിലുണ്ട്. മറ്റു പല സംസ്ഥാനങ്ങളിലും നേരത്തെ ആരംഭിച്ച വന്ദേ ഭാരത് പതിനഞ്ചാമത്തെ സര്‍വീസായാണ് കേരളത്തില്‍ എത്തിച്ചേര്‍ന്നത്.

കേരളത്തിന് എന്നോ ലഭിക്കേണ്ട വന്ദേ ഭാരത് നമുക്ക് വളരെ വൈകി ലഭിച്ചപ്പോള്‍ ബി.ജെ.പി അതിനെ വലിയ സംഭവമായി ചിത്രീകരിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്.

അതായത് 21 മിനിറ്റ് നീണ്ട വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ച സംസ്ഥാന സെക്രട്ടറിയായ ഞാനോ സംസ്ഥാന അധ്യക്ഷന്‍ വി. വസീഫോ ഒരിടത്തും താഴെ കാര്‍ട്ടൂണില്‍ കാണുന്ന

‘ …..വന്ദേ ഭാരത് എക്‌സ്പ്രസ് കേരളത്തില്‍ എത്തിച്ചത് കേരളത്തോടുള്ള വിരോധത്തില്‍’ എന്ന് പറഞ്ഞിട്ടില്ല. എന്ന് മാത്രമല്ല എന്താണോ പറഞ്ഞത് അതിന്റെ നേരെ വിപരീത അര്‍ത്ഥത്തിലുള്ള ആശയമായാണ് ബോധപൂര്‍വ്വം റിപ്പോര്‍ട്ട് ചെയ്തത്.

മുഴുവന്‍ വാര്‍ത്താ സമ്മേളനവും ഡി.വൈ.എഫ്.ഐ കേരള എന്ന ഒഫീഷ്യല്‍ പേജില്‍ ലഭ്യമാണ്. ആര്‍ക്കും അത് കേട്ട് സ്വയം ബോധ്യപ്പെടാം. നുണയുടെ ചളിയില്‍ അഭിരമിക്കേണ്ടവര്‍ക്ക് അങ്ങനെ തന്നെ തുടരാം.

കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്റെ സംഘപരിവാര്‍ പക്ഷപാതിത്വം ആ കൂടാരത്തിനോട് അടിമപ്പെട്ടു കൊണ്ടുള്ള അദ്ദേഹത്തിന്റെ കാര്‍ട്ടൂണ്‍ നിലവാരവും പുതിയ കാര്യമല്ല. എന്നാല്‍ മാതൃഭൂമി അടക്കമുള്ള മാധ്യമങ്ങള്‍ നാളിതുവരെ അവര്‍ നടത്തിക്കൊണ്ടിരുന്ന സില്‍വര്‍ ലൈന്‍ വിരുദ്ധ സാഹിത്യത്തിന് ഒരു കച്ചിത്തുരുമ്പായാണ് വന്ദേ ഭാരത് ട്രെയിനിനെ കണ്ടത്.

അതിന്റെ മുനയൊടിക്കുന്ന വാക്കുകള്‍ ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ നിന്ന് കേട്ടപ്പോഴുള്ള അസ്വസ്ഥതയാണ് ഈ വ്യാജ വാര്‍ത്ത നല്‍കലും, വന്ദേ ഭാരത് ട്രെയിനിനെതിരെ ഡി.വൈ.എഫ്.ഐ നിലപാട് കൈക്കൊണ്ടു എന്ന പ്രതീതി സൃഷ്ടിക്കലും.

ഡി.വൈ.എഫ്.ഐ യുടെ ഈ വിഷയത്തിലുള്ള നിലപാടില്‍ എന്തെങ്കിലും വ്യക്തത കുറവില്ല. റെയില്‍ പാത വികസനം സാധ്യമാകാത്ത കേരളത്തിന്റെ റെയില്‍വേ ലൈനില്‍ കൂടി ഉയര്‍ന്ന യാത്ര ചെലവില്‍ 8 മണിക്കൂര്‍ എടുത്ത് യാത്ര ചെയ്യേണ്ടുന്ന വന്ദേ ഭാരത് സില്‍വര്‍ ലൈനിനിന് പകരമാണെന്ന് സ്ഥാപിക്കേണ്ട വ്യഗ്രതയുള്ള മാധ്യമങ്ങള്‍ ഇത്തരം വ്യാജ പ്രചാരണങ്ങള്‍ നടത്തിയും വ്യാജ കാര്‍ട്ടൂണുകള്‍ വരച്ചും സായൂജ്യമടയുക.

വന്ദേ ഭാരത് അടക്കമുള്ള എല്ലാ റെയില്‍വേ പദ്ധതികളും ഇന്ത്യന്‍ യൂണിയനില്‍ പെട്ട ഒരു സംസ്ഥാനമെന്ന നിലയില്‍ കേരളത്തിന്റെ കൂടി നികുതി പണത്തിന്റെ ഉല്‍പ്പന്നമാണ്, അത് കേരളത്തിന്റെ അവകാശവുമാണ്. അത് ഇനിയും ഞങ്ങള്‍ പറയുക തന്നെ ചെയ്യും.

വി.കെ.സനോജ്

content highlight: Cartoonist Gopikrishnan’s Sangh Parivar bias is not new; VK reacts to distortion of DYFI press conference Sanoj