ക്രൂസിന് പകരമാകാന്‍ അവന് കഴിയും, അവന് ഒരു സ്‌പെഷ്യല്‍ പവറുണ്ട്; സൂപ്പര്‍ താരത്തെക്കുറിച്ച് കാര്‍ലോ അന്‍സലോട്ടി
Sports News
ക്രൂസിന് പകരമാകാന്‍ അവന് കഴിയും, അവന് ഒരു സ്‌പെഷ്യല്‍ പവറുണ്ട്; സൂപ്പര്‍ താരത്തെക്കുറിച്ച് കാര്‍ലോ അന്‍സലോട്ടി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 26th August 2024, 3:01 pm

ലാ ലിഗയിലെ പുതിയ സീസണില്‍ റയല്‍ മാഡ്രിഡിന് ആദ്യ ജയം സ്വന്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ വല്ലാഡോലിഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് കാര്‍ലോ ആന്‍സലോട്ടിയും കൂട്ടരും തകര്‍ത്തു വിട്ടത്. സീസണിലെ ആദ്യ മത്സരത്തില്‍ സമനിലയില്‍ കുടുങ്ങിയ റയല്‍ ഈ മത്സരത്തില്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരികയായിരുന്നു.

മത്സരത്തില്‍ ബ്രസീലിയന്‍ യുവതാരം എന്‍ഡ്രിക് ഗോള്‍ നേടി മിന്നും പ്രകടനമാണ് നടത്തിയത്. റയല്‍ ജേഴ്സിയില്‍ ബ്രസീല്‍ താരത്തിന്റെ ആദ്യ ഗോളായിരുന്നു ഇത്. രണ്ടാം പകുതിയില്‍ പകരക്കാരനായിറങ്ങി ഇഞ്ചുറി ടൈമിലാണ് താരം ഗോള്‍ നേടിയത്.

എതിര്‍ ടീമിന്റെ പെനാല്‍ട്ടി ബോക്സില്‍ നിന്നും എന്‍ഡ്രിക് ഒരു തകര്‍പ്പന്‍ ഷോട്ടിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു. താരത്തിന് പുറമെ ബ്രാഹിം ഡയസ്, ഫെഡറിക്കോ വാല്‍വര്‍ദെയുമാണ് ടീമിന് വേണ്ടി ഗോള്‍ നേടിയത്.

വാല്‍വെര്‍ദെ ഡയറക്ട് ആയ ഫ്രീകിക്കിലൂടെയാണ് ഗോള്‍ നേടിയത്. പരിശീലകനായ കാര്‍ലോ അന്‍സലോട്ടയുടെ നിര്‍ദേശപ്രകാരമാണ് അദ്ദേഹം റിസ്‌ക്ക് എടുത്ത് ഗോള്‍ നേടിയത്. മത്സര ശേഷം കാര്‍ലോ താരത്തിനെ പ്രശംസിച്ച് സംസാരിച്ചതാണ് ഇപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത്.

‘വളരെ കരുത്തുറ്റ ഷോട്ടുകളാണ് വാല്‍വെര്‍ദെയുടേത്. അത് ഞങ്ങള്‍ മുതലെടുത്തു. ഡയറക്റ്റ് ഫ്രീകിക്ക് ഗോള്‍ നേടുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതാണ് അദ്ദേഹം ചെയ്തു കാണിച്ചിട്ടുള്ളത്. ഓരോ ദിവസം കഴിയുമ്പോഴും അവന്‍ മെച്ചപ്പെടുന്നുണ്ട്.

തന്റെ ഉത്തരവാദിത്വം കൂടുതല്‍ മനസ്സിലാക്കുന്നു. ഇന്ന് പകരക്കാരില്ലാത്ത താരമാണ് വാല്‍വെര്‍ദെ. ക്രൂസ് വളരെ പെര്‍ഫക്റ്റ് ആയ ഒരു പകരക്കാരനെ തന്നെയാണ് ക്ലബ്ബില്‍ നിയമിച്ചിട്ടുള്ളത്. താരത്തിന്റെ മെന്റാലിറ്റി അങ്ങനെയാണ്,’ കാര്‍ലോ പറഞ്ഞു.

 

Content Highlight: Carlo Ancelotti Talking About Federico Valverde