ധവാന്‍ ശുഭ്മന്‍ ഗില്ലിനെ ഒരു പാഠം പഠിപ്പിച്ചേ മതിയാവൂ, അല്ലാതെ അവന്‍ നന്നാവില്ല: അജിത് അഗാര്‍കര്‍
Sports News
ധവാന്‍ ശുഭ്മന്‍ ഗില്ലിനെ ഒരു പാഠം പഠിപ്പിച്ചേ മതിയാവൂ, അല്ലാതെ അവന്‍ നന്നാവില്ല: അജിത് അഗാര്‍കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 23rd July 2022, 11:48 pm

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇപ്പോള്‍ വെസ്റ്റ് ഇന്‍ഡീസില്‍ പര്യടനം നടത്തുകയാണ്. മൂന്ന് ഏകദിനവും അഞ്ച് ടി-20യുമാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലുള്ളത്.

ഏകദിന പരമ്പരയാണ് ആദ്യം നടക്കുന്നത്. ശിഖര്‍ ധവാന്റെ നേതൃത്വത്തില്‍ സന്ദര്‍ശകര്‍ ആദ്യ മത്സരത്തില്‍ വിന്‍ഡീസിനെ പരാജയപ്പെടുത്തിയിരുന്നു. അവസാന ഓവര്‍ വരെ ആവേശം അലതല്ലിയ മത്സരത്തില്‍ മൂന്ന് റണ്‍സിനായിരുന്നു ഇന്ത്യ വിജയം പിടിച്ചടക്കിയത്.

ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് നായകന്‍ നിക്കോളാസ് പൂരന്‍ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മികച്ച ഓപ്പണിങ് കൂട്ടുകെട്ടുണ്ടാക്കിയാണ് ഇന്ത്യ മത്സരം ആരംഭിച്ചത്.

119 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടായിരുന്നു ക്യാപ്റ്റന്‍ ശിഖര്‍ ധവാനും യുവതാരം ശുഭ്മന്‍ ഗില്ലും പടുത്തുയര്‍ത്തിയത്. 53 പന്തില്‍ നിന്നും 64 റണ്‍സുമായി നില്‍ക്കവെ ഗില്ലിന്റെ വിക്കറ്റായിരുന്നു ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്.

ക്യാപ്റ്റന്‍ നിക്കോളാസ് പൂരനായിരുന്നു ധവാന്‍ – ഗില്‍ കൂട്ടുകെട്ട് പൊളിച്ചത്. മികച്ച ഒരു ത്രോയിലൂടെ പൂരന്‍ ഗില്ലിനെ റണ്‍ ഔട്ടാക്കുകയായിരുന്നു.

എന്നാല്‍ ഗില്ലിന്റെ അശ്രദ്ധയാണ് വിക്കറ്റ് വലിച്ചെറിയാന്‍ കാരണമായത്. നിക്കോളാസ് പൂരന്‍ എന്ന 5D താരത്തെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്തതാണ് താരത്തിന് വിനയായത്.

ഇപ്പോഴിതാ, ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ ഗില്ലിനെ ഒരു പാഠം പഠിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ അജിത് അഗാര്‍കര്‍.

 

‘റണ്ണിനായി ഓടുമ്പോള്‍ അവന്‍ വളരെ കാഷ്വലായാണ് കാണപ്പെട്ടത്. അവന്‍ റണ്ണിങ്ങിനെ എളുപ്പമായി കണ്ടു. റണ്ണെടുക്കാനോടുമ്പോള്‍ അതാണ് ചെയ്യാന്‍ പാടില്ലാത്തത്.

ശിഖര്‍ ധവാന്‍ എന്തുതന്നെയായാലും അവനെ ഒരു പാഠം പഠിപ്പിക്കണം. ഓടിത്തുടങ്ങിയാല്‍ ഒരിക്കലും അതിനെ കാഷ്വലായി കാണരുതെന്നും വിക്കറ്റ് കളയരുതെന്നും അവനെ പഠിപ്പിക്കണം.

ആ റണ്‍ ഔട്ട് വളരെ സില്ലിയായിരുന്നു. നിങ്ങള്‍ സാഹചര്യം മനസിലാക്കണമായിരുന്നു. കാലം കഴിയുമ്പോള്‍ അവനത് പഠിക്കും,’ അഗാര്‍കര്‍ പറയുന്നു.

അതേസമയം, പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചിരുന്നു.

ധവാനും ഗില്ലിനും പുറമെ ശ്രേയസ് അയ്യരും തകര്‍ത്തടിച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ന്നത്. ആറാമന്‍ ദീപക് ഹൂഡയും ഏഴാമനായി ഇറങ്ങിയ അക്‌സര്‍ പട്ടേലും ചെറുത്തുനിന്നതോടെ ഇന്ത്യ മികച്ച നിലയിലെത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് ഓപ്പണര്‍ ഷായ് ഹോപ്പിനെ തുടക്കത്തിലേ നഷ്ടമായിരുന്നു. എന്നാല്‍ കൈല്‍ മയേഴ്‌സും ഷമാര്‍ ബ്രൂക്സും ചേര്‍ന്ന് വിന്‍ഡീസ് ഇന്നിങ്സിന് വേഗം കൂട്ടി.

പിന്നാലെയെത്തിയ ബ്രാന്‍ഡന്‍ കിങ്ങും അടിച്ച് കളിച്ചതോടെ വിന്‍ഡീസ് സ്‌കോര്‍ ഉയര്‍ന്നു. എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്തിയതോടെ വിന്‍ഡീസ് ഇന്നിങ്സിന്റെ വേഗത കുറയുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.

അകീല്‍ ഹൊസൈനും റൊമാരിയോ ഷെപ്പേര്‍ഡും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം വിന്‍ഡീസിനെ ജയിപ്പിച്ചു എന്ന് തോന്നിച്ചെങ്കിലും ജയിക്കാനായില്ല. അവസാനം മൂന്ന് റണ്‍സിന് ഇന്ത്യ മത്സരം സ്വന്തമാക്കുകയായിരുന്നു.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലാണ്. 24നാണ് പരമ്പരയിലെ രണ്ടാം മത്സരം. ഓവല്‍ തന്നെയാണ് വേദി.

Content Highlight: Captain Dhawan should teach Shubman Gill a lesson – Ajit  Agarkar slams Indian player after first ODI