Advertisement
KERALA BYPOLL
'ജാതി പറയാതെ വോട്ടു കിട്ടില്ല'; കേരളത്തിലെ ബി.ജെ.പി നേതൃപാടവമില്ലാത്ത പാര്‍ട്ടിയെന്നും തുഷാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 17, 06:11 pm
Thursday, 17th October 2019, 11:41 pm

ആലപ്പുഴ: അരൂര്‍ ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ബി.ജെ.പിയെ വിമര്‍ശിച്ച് ബി.ഡി.ജെ.എസ് നേതാക്കള്‍. കേരളത്തിലെ ബി.ജെ. പിക്ക് നേതൃപാടവമില്ലെന്നും ഇവിടുത്തെ മുന്നണി സംവിധാനം ദുര്‍ബലമാണെന്നും തുഷാര്‍ വെള്ളാപ്പള്ളി കണ്‍വെന്‍ഷനില്‍ പറഞ്ഞു. കേന്ദ്രത്തിലെ ബി.ജെ.പിയുടെ പ്രവര്‍ത്തനങ്ങളോടാണ് ബി.ഡി.ജെ.എസിന് യോജിപ്പെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജാതി ചോദിച്ചാണ് വോട്ടു ചോദിക്കുന്നതെന്നും ജാതി പറയാതെ വോട്ടു ലഭിക്കില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എന്‍.ഡി.പിയുടെ വോട്ടുകള്‍ ഒരു പാര്‍ട്ടിക്ക് മാത്രം ലഭിക്കില്ലെന്നും തുഷാര്‍ പറഞ്ഞു. കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാതി പിടിച്ച് വോട്ടുപിടിക്കാന്‍ കേരളത്തില്‍ നടക്കില്ലെന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെയും വിമര്‍ശനത്തിന് പിന്നാലെയാണ് ജാതി ചോദിക്കാതെ തരമില്ലെന്ന തുഷാറിന്റെ പ്രതികരണം.

പ്രസംഗത്തിനിടെ പാലയിലടക്കം ബി.ഡി.ജെ.എസ് നേരിട്ട ആക്ഷേപങ്ങളും തുഷാര്‍ നിരത്തി. പാലയില്‍ ബി.ഡി.ജെ.എസിന്റെ വോട്ട് ചോര്‍ന്നിട്ടില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി ആവര്‍ത്തിച്ചു. ബി.ഡി.ജെ.എസ് നേതാക്കക്കള്‍ക്കിടയില്‍ തന്നെ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മത്സരരംഗത്ത് ഇറങ്ങുന്നത് അപകടം ആയിരുന്നെന്നും തുഷാര്‍ പറഞ്ഞു.

പാലാ തെരഞ്ഞെടുപ്പിലെ തോല്‍വി നേരിട്ട സമയത്തും തുഷാര്‍ ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. വോട്ടു കച്ചവടം നടത്തി തോറ്റപ്പോള്‍ അത് ബി.ഡി.ജെ.എസിന്റെ തലയില്‍ കെട്ടിവെക്കുകയണെന്നായിരുന്നു തുഷാറിന്റെ പ്രതികരണം.

ബി.ഡി.ജെ.എസ് തുടക്കം മുതല്‍ സജീവമാണെന്നും വോട്ടുകള്‍ ചോരില്ലെന്നും അരൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി പ്രകാശ് ബാബു പ്രതികരിച്ചു. മറ്റു മുന്നണികളിലെ വോട്ടുകള്‍ ബി.ജെ.പിക്ക് മറിയുമെന്നും പ്രകാശ് ബാബു പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഉപതെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുന്ന സമയത്ത് എന്‍.ഡി.എയ്ക്കകത്ത് ഉണ്ടാവുന്ന തര്‍ക്കങ്ങള്‍ വോട്ടുകള്‍ വിഭജിക്കാന്‍ കാരണമാവുമെന്നും അത് ഒരേ പോലെ ഇടതുമുന്നണിക്കും വലതു മുന്നണിക്കും ഗുണം ചെയ്യുമെന്നുമാണ് മുന്നണികളുടെ പ്രതീക്ഷ.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ