കാനഡയിൽ ഖലിസ്ഥാനി നേതാവിന്റെ മരണത്തിന് പിന്നിൽ ഇന്ത്യയെന്ന് ആരോപണം; ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി
ഒട്ടാവ: ജൂണിൽ കാനഡയിൽ കൊല്ലപ്പെട്ട സിഖ് നേതാവിന്റെ മരണത്തിന് പിന്നിൽ ഇന്ത്യയാണെന്ന കാനഡയുടെ ആരോപണത്തിന് പിന്നാലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി. കനേഡിയൻ പൗരന്റെ കൊലപാതകത്തിൽ വിദേശ സർക്കാരിൽ നിന്ന് എന്ത് തരത്തിലുള്ള ഇടപെടലുകൾ ഉണ്ടായാലും അത് അംഗീകരിക്കാനാവില്ലെന്നും തങ്ങളുടെ പരമാധികാരത്തെ ഹനിക്കുന്നതാണെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അടിയന്തര പ്രസ്താവനയിൽ അറിയിച്ചു.
കൊലപാതകത്തിൽ ഇന്ത്യയുടെ ഇടപെടൽ ആരോപിച്ചതിന് പിന്നാലെ കാനഡയിലെ വിദേശകാര്യമന്ത്രി മെലാനി ജോളി ഉയർന്ന പദവിയിലുള്ള ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥൻ പവൻ കുമാർ റായിയെ പുറത്താക്കിയതായി അറിയിച്ചു.
‘കാനഡയിലെ ഇന്ത്യൻ ഇന്റലിജൻസ് മേധാവിയെ പുറത്താക്കിയിരിക്കുന്നു. ആരോപണങ്ങൾ സത്യമെന്ന് തെളിഞ്ഞാൽ, ഞങ്ങളുടെ പരമാധികാരത്തെയും രാജ്യങ്ങൾ തമ്മിൽ എങ്ങനെ ഇടപെടണമെന്നുള്ള ഏറ്റവും അടിസ്ഥാനപരമായ നിയമങ്ങളെയും ഹനിക്കുന്നതായിരിക്കും അത്,’ മെലാനി പറഞ്ഞു.
സംഭവത്തിൽ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. കാനഡയിലെ ഖലിസ്ഥാനി പ്രവർത്തനങ്ങൾ കൂടുന്നതിനെ ചൊല്ലി ഇടഞ്ഞു നിൽക്കുന്ന ഇരുരാജ്യങ്ങളുടെയും നയതന്ത്ര ബന്ധം കൂടുതൽ വഷളാകുമെന്നാണ് റിപ്പോർട്ടുകൾ.
ജൂൺ 18ന് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ സിഖ് ക്ഷേത്രത്തിന്റെ മുമ്പിൽ വച്ചാണ് ഹർദീപ് സിങ് നജ്ജാർ വെടിയേറ്റ് കൊല്ലപ്പെട്ടത്. സിഖ് വംശജർക്ക് മാത്രമായി ഖലിസ്ഥാനി രാഷ്ട്രം വേണം എന്ന വാദത്തിനെ പിന്തുണക്കുന്ന നജ്ജാറിനെ 2020ൽ ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു.
‘നജ്ജാറിന്റെ മരണത്തിൽ ഇന്ത്യൻ സർക്കാരിന്റെ ഏജന്റുകളുടെ പങ്കിനെ കുറിച്ചുള്ള അന്വേഷണം നടത്തുകയാണ് കനേഡിയൻ സുരക്ഷാ ഏജൻസികൾ,’ ട്രൂഡോ പറഞ്ഞു.
ജി20 ഉച്ചകോടിയിൽ കാനഡയിലെ ഖലിസ്ഥാനി പ്രവർത്തനങ്ങൾക്ക് കാനഡ തടയിടുന്നില്ലെന്ന് ആരോപിച്ച് ഇന്ത്യ താക്കീതുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ഇന്ത്യ തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ടതില്ല എന്ന നിലപാടിൽ ട്രൂഡോ ഉറച്ചുനിന്നു. ഇന്ത്യയൊഴികെ ജി20യിലെ സഖ്യരാജ്യങ്ങൾ കാനഡയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തിയിരുന്നില്ല.
Content Highlight: Canada says it suspects India involved in Sikh leader murder