Indian Cinema
ആര്‍ഭാടം കുറച്ച് സിനിമ എടുക്കുമോ; മറുപടിയുമായി സഞ്ജയ് ലീല ബന്‍സാലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Aug 12, 07:03 am
Thursday, 12th August 2021, 12:33 pm

 

ഇന്ത്യന്‍ സിനിമയുടെ അഭിമാനമെന്ന് വിശേഷിപ്പിക്കാവുന്ന ചലച്ചിത്ര സംവിധായകനാണ് സഞ്ജയ് ലീല ബന്‍സാലി. അറിയപ്പെടുന്ന സംഗീത സംവിധായകന്‍ കൂടിയായ ഇദ്ദേഹം തന്റെ സിനിമാ ജീവിതത്തില്‍ 25 വര്‍ഷം പിന്നിടുകയാണ്.

ടെക്നിക്കല്‍ സംവിധാനങ്ങളെ പരമാവധി ഉപയോഗപ്പെടുത്തി വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ് സഞ്ജയ് ലീല ബന്‍സാലിയുടെ പല ചിത്രങ്ങളും. ഇത്തരം സിനിമകള്‍ സംവിധാനം ചെയ്യാന്‍ താത്പര്യപ്പെടുന്ന ബന്‍സാലിയില്‍ നിന്നും ലളിതമായ സിനിമകള്‍ പ്രതീക്ഷിക്കാമോ എന്ന ചോദ്യം പ്രേക്ഷകരില്‍ നിന്നും നിരന്തരമായി ഉയരുന്നതാണ്. ആ ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് അദ്ദേഹമിപ്പോള്‍. ഇ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് 25 വര്‍ഷം പിന്നിടുന്ന തന്റെ സിനിമാ ജീവിതത്തെ കുറിച്ച് അദ്ദേഹം മനസുതുറന്നത്.

‘ഞാന്‍ സിനിമയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഈ യാത്രയില്‍ എനിക്കൊപ്പം പ്രവര്‍ത്തിച്ച ഓരോ ടെക്‌നീഷ്യന്‍മാരോടും അസിസ്റ്റന്റ് ഡയറക്ടര്‍മാരോടും ഞാന്‍ നന്ദി പറയുകയാണ്’, ബന്‍സാലി പറഞ്ഞു.

തന്റെ സിനിമകളിലൂടെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിക്കാന്‍ തയ്യാറായ സംവിധായകന്‍ കൂടിയാണ് അദ്ദേഹം. അത്തരം കഥാപാത്രങ്ങളെ താന്‍ ഇഷ്ടപ്പെടുന്നുവെന്നും അത്തരത്തിലുള്ള പല സ്ത്രീകഥാപാത്രങ്ങളിലും പ്രതിഫലിക്കുന്നത് തന്റെ അമ്മ തന്നെയാണെന്നും
അദ്ദേഹം പറയുന്നു.

വളരെ ലളിതമായ ഒരു സിനിമ താങ്കളില്‍ നിന്ന് പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് തന്നെ സംബന്ധിച്ചിടത്തോളം സംവിധാനം എന്നത് ഒരു കലയാണെന്നും ഒരു സിനിമയേക്കുറിച്ച് ആലോചിക്കുമ്പോള്‍ അതിന്റെ മുതല്‍ മുടക്ക് എത്രയെന്ന് ചിന്തിക്കാറില്ലെന്നുമായിരുന്നു ബന്‍സാലിയുടെ മറുപടി.

‘ഇതെന്റെ പാഷനാണ്. എന്റെ ചുറ്റുപാടുകളെ ഞാന്‍ മാറ്റി നോക്കാറുണ്ട്. അതില്‍ നിന്നുമാണ് എനിക്ക് പ്രചോദനം ലഭിക്കുക. അപ്പോള്‍ ഞാന്‍ എന്റെ സൃഷ്ടിയില്‍ സംതൃപ്തനാകും. അതിനെന്ത് ചെലവ് വരുമെന്ന് ഞാന്‍ ശ്രദ്ധിക്കാറില്ല. എന്റെ ഇഷ്ടങ്ങള്‍ക്ക് ഞാന്‍ എങ്ങനെ വില പറയും’, ബന്‍സാലി ചോദിച്ചു.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ ബന്‍സാലി ദേവദാസ്, ബ്ലാക്ക്, ബാജ്റാവോ മസ്താനി, സാവരിയ, ഹം ദില്‍ ദേ ചുക്കേ സനം എന്നീ മികച്ച ചിത്രങ്ങളുടെ ശില്‍പിയാണ്. ആദ്യ ചിത്രമായ ഖമോഷിയിലൂടെ തന്നെ തന്റെ കരിയറിലെ പ്രധാന ചുവടുവെപ്പ് നടത്താന്‍ ബന്‍സാലിക്ക് സാധിച്ചു.

2015ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. മുംബൈയിലെ മാഫിയ റാണി ഗംഗ ഹരിജ്വന്‍ദാസിന്റെ കഥ പറയുന്ന ‘ഗംഗുഭായ് കത്യാവാഡി’ ആണ് ബന്‍സാലിയുടെ ഏറ്റവും പുതിയ ചിത്രം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Can Sanjay Leela Bhansali make a simple, non-extravagant film — the filmmaker answers the question