'പ്രവാചകന്‍ മുഹമ്മദിന്റെ സിനിമയെടുക്കാന്‍ ആര്‍ക്കെങ്കിലും ധൈര്യമുണ്ടോ?'; പത്മാവത് വിവാദത്തില്‍ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
padmavat
'പ്രവാചകന്‍ മുഹമ്മദിന്റെ സിനിമയെടുക്കാന്‍ ആര്‍ക്കെങ്കിലും ധൈര്യമുണ്ടോ?'; പത്മാവത് വിവാദത്തില്‍ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th January 2018, 10:05 am

ബികാനീര്‍: സഞ്ജയ് ലീല ബന്‍സാലി ചിത്രം “പത്മാവതു”മായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ഈ വിഷയത്തില്‍ ഒടുവില്‍ പ്രതികരിച്ചത് കേന്ദ്രസഹമന്ത്രി ഗിരിരാജ് സിങാണ്. പ്രവാചകന്‍ മുഹമ്മദിനെ പറ്റിയുള്ള സിനിമ ഉണ്ടാക്കാനും മുഹമ്മദിന്റെ സ്വഭാവം കാണിക്കാനും ആര്‍ക്കെങ്കിലും ധൈര്യമുണ്ടോ എന്നാണ് കേന്ദ്രമന്ത്രി ചോദിച്ചത്.

മാധ്യമപ്രവര്‍ത്തകരോടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രതിഷേധങ്ങള്‍ ഉയര്‍ന്നപ്പോള്‍ തന്നെ സഞ്ജയ് ലീല ബെന്‍സാലി പത്മാവതിന്റെ ചിത്രീകരണം നിര്‍ത്തി വെയ്ക്കാത്തതിനേയും ഗിരിരാജ് ചോദ്യം ചെയ്തു. ചിത്രത്തിലെ “ഘൂമര്‍” എന്ന ഗാനത്തിനെതിരെയും മന്ത്രി രംഗത്തെത്തി.


Also Read: 203 റണ്ണിന്റെ കൂറ്റന്‍ ജയം; പാകിസ്താനെ കെട്ടുകെട്ടിച്ച് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍


“റാണി പത്മാവതിയായി അഭിനയിച്ച ദീപിക പദുക്കോണ്‍ നൃത്തം ചെയ്യുന്നതാണ് ഗാനരംഗത്തില്‍ ഉള്ളത്. ഗാന്ധിജിയെ കുറിച്ച് ആരെങ്കിലും സിനിമയെടുത്ത് അതില്‍ അദ്ദേഹം നൃത്തം ചെയ്യുന്നത് കാണിച്ചാല്‍ ഞാന്‍ അവരോട് ക്ഷമിക്കില്ല.” -ഗിരിരാജ് സിങ് പറയുന്നു.

ദീപിക പദുക്കോണിനൊപ്പം രണ്‍വീര്‍ സിങ്, ഷാഹിദ് കപൂര്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തിയ പത്മാവത് പുറത്തിറങ്ങി 100 കോടി ക്ലബ്ബില്‍ ഇടം പിടിക്കുന്ന വേളയിലാണ് മന്ത്രിയുടെ പ്രതികരണം. സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ അമ്മയെ കുറിച്ച് തങ്ങള്‍ സിനിമയെടുക്കുമെന്ന് നേരത്തേ കര്‍ണിസേന പറഞ്ഞിരുന്നു.


Don”t Miss: കാത്തിരിപ്പിന് വിരാമം; രണ്‍വീറിന്റെ കിടിലന്‍ നൃത്തച്ചുവടുകളുമായി ‘പത്മാവതി’ലെ ഖലിബലി പാട്ടിന്റെ വീഡിയോ പുറത്തിറങ്ങി (Watch Video)


കര്‍ണിസേനാ തലവന്‍ ലോകേന്ദ്ര സിങ് കല്‍വിയാണ് സിനിമയെടുക്കുന്ന കാര്യം പുറത്ത് വിട്ടത്. തങ്ങള്‍ അമ്മയ്ക്ക് തുല്യം കണക്കാക്കുന്ന പദ്മാവതിയെ അപമാനിക്കുകയാണ് സഞ്ജയ് ലീലാ ബന്‍സാലി ചെയ്തതെന്നും എന്നാല്‍ തങ്ങള്‍ എടുക്കുന്ന സിനിമയിലൂടെ ബന്‍സാലിക്ക് അഭിമാനം മാത്രമാണ് ഉണ്ടാവുകയെന്നും കല്‍വി പറഞ്ഞു.