ബെംഗളൂരു: ദീപാവലി ആഘോഷം അടുത്തിരിക്കെ വിദ്വേഷ ക്യാമ്പെയ്‌നുമായി വീണ്ടും ഹിന്ദുത്വ സംഘടനകള്‍ രംഗത്ത്. ഹലാല്‍ ഉല്‍പന്ന വിരുദ്ധ ക്യാമ്പെയിനുമായാണ് ശ്രീരാമസേന, ഹിന്ദു ജനജാഗ്രതി സമിതി തുടങ്ങിയ ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്.
ക്യാമ്പെയ്‌നുമായി ബന്ധപ്പെട്ട് ഹിന്ദുത്വ സംഘടന പ്രവര്‍ത്തകര്‍ ബഹുരാഷ്ട്ര കമ്പനികളുടെ ഭക്ഷ്യ ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ ‘ഹലാല്‍ മാംസം’ വില്‍ക്കരുത് എന്ന ആഹ്വാനവുമായി ധര്‍ണയും നടത്തി. ഷിമോഗയിലെ കെ.എഫ്.സി, പിസ്സ ഹട്ട്, മക്‌ഡൊണാള്‍ഡ് സ്ഥാപനങ്ങള്‍ക്ക് മുന്നിലാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
അമുസ്‌ലിംകള്‍ക്ക് ഹലാല്‍ സര്‍ട്ടിഫൈഡ് ഇറച്ചി ഉല്‍പന്നങ്ങള്‍ വില്‍ക്കരുതെന്നാവശ്യപ്പെട്ടാണ് ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം. സംസ്ഥാനത്ത് ‘ഹലാല്‍ ജിഹാദ്’ നടക്കുന്നുവെന്ന് ഹിന്ദുജന ജാഗ്രതി സമിതി ആരോപിക്കുന്നത്.
കെ.എഫ്.സി, മക്‌ഡൊണാള്‍ഡ് കമ്പനികളുടെ മാനേജ്‌മെന്റിന് ഇതുസംബന്ധിച്ച് കത്ത് നല്‍കിയതായും കര്‍ണാടകയിലെ മിക്ക ജില്ലകളിലും ക്യാമ്പെയ്ന്‍ ആരംഭിച്ചതായും ഹിന്ദു ജനജാഗ്രതി സമിതി വക്താവ് മോഹന്‍ ഗൗഡ പറഞ്ഞു.
കര്‍ണാടകക്ക് പുറമെ, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ഹലാല്‍ വിരുദ്ധ ക്യാമ്പെയ്ന്‍ നടത്തുമെന്നും, ശ്രീരാമസേനയും ക്യാമ്പെയ്‌ന് പിന്തുണ നല്‍കിയിട്ടുണ്ടെന്നും മോഹന്‍ ചൂണ്ടിക്കാട്ടി.
ഹലാല്‍ നിരോധനം ആവശ്യപ്പെട്ട് ശ്രീരാമസേന കര്‍ണാടക സര്‍ക്കാരിന് കത്തയച്ചിട്ടുണ്ട്. ‘ഹലാല്‍ ഫ്രീ ദീപാവലി’ പോസ്റ്ററുകളും ശ്രീരാമസേന വിവിധയിടങ്ങളില്‍ പതിച്ചിട്ടുണ്ട്.