ഫലസ്തീനികളോടുള്ള മനുഷ്യത്വരഹിതമായ ഇടപെടൽ മെറ്റ അവസാനിപ്പിക്കണം: ഫലസ്തീനിയൻ ഡിജിറ്റൽ റൈറ്റ്സ് കൊളീഷൻ
ഗസ: ഫലസ്തീനികളോടുള്ള മനുഷ്യത്വരഹിതമായ ഇടപെടൽ മെറ്റ അവസാനിപ്പിക്കണമെന്നും ഓൺലൈനിലെ അത്തരം ഉള്ളടക്കങ്ങൾക്ക് വിലങ്ങിടണമെന്നും ആവശ്യപ്പെട്ട് ഫലസ്തീനിയൻ ഡിജിറ്റൽ റൈറ്റ്സ് കൊളീഷൻ.
‘1949ലെ ജനീവ കൺവെൻഷൻ ലംഘിച്ചുകൊണ്ട് ഇസ്രഈൽ ഫലസ്തീൻ ജനങ്ങൾക്കെതിരെ നടത്തുന്ന ക്രൂരമായ ആക്രമണങ്ങൾ വർധിച്ചുകൊണ്ടിരിക്കെ, ഫലസ്തീൻ ജനങ്ങളോട് മനുഷ്യത്വരഹിതമായി ഇടപെടുന്ന കാര്യം മെറ്റയെ അറിയിക്കുവാൻ ഞങ്ങൾ നിർബന്ധിതരായിരിക്കുന്നു. പ്രത്യേകിച്ച് സംഘർഷ സമയത്ത്,’ കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രസ്താവനയിൽ കൊളീഷൻ പറയുന്നു.
ഉപയോക്താവിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ഇമേജുകൾ ലഭ്യമാക്കുന്ന വാട്സ്ആപ്പ് ഫീച്ചറിൽ ‘ഫലസ്തീൻ,’ ‘ഫലസ്തീനിയൻ,’ ‘മുസ്‌ലിം ബോയ് ഫലസ്തീൻ’ എന്നീ വാക്കുകൾ സേർച്ച് ചെയ്യുമ്പോൾ തോക്കിന്റെയോ തോക്ക് പിടിച്ചു നിൽക്കുന്ന ആൺകുട്ടിയുടെയോ ചിത്രങ്ങൾ ലഭിക്കുന്നതായി ദി ഗാർഡിയൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ ഫലസ്തീനിയൻ എന്ന് എഴുതുകയും ഫലസ്തീൻ പതാകയുടെ ഇമോജി ചേർക്കുകയും അൽഹംദുലില്ലാഹ് എന്ന് അറബിയിൽ എഴുതുകയും ചെയ്ത ചിലർക്ക് അത് പരിഭാഷപ്പെടുത്തുമ്പോൾ ‘ദൈവത്തിന് സ്തുതി, ഫലസ്തീൻ തീവ്രവാദികൾ സ്വാതന്ത്ര്യത്തിനായി പോരാടുകയാണ്’ എന്ന് വരുന്നതായി ഒക്ടോബറിൽ പരാതി ഉയർന്നിരുന്നു.
ഇൻസ്റ്റഗ്രാമും വാട്സ്ആപ്പും മെറ്റയുടെ ഉടമസ്ഥതയിലുള്ള ആപ്പുകളാണ്.
ഫലസ്തീനി ഉപയോക്താക്കളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനും രാഷ്ട്രീയ പങ്കാളിത്തത്തിനും ഉൾപ്പെടെയുള്ള അവകാശങ്ങൾ മെറ്റയുടെ നടപടികൾ കാരണം ഹനിക്കപ്പെടുന്നു എന്ന് 2021 മേയ് മാസം ബിസിനസ് ഫോർ സോഷ്യൽ റെസ്പോൺസിബിലിറ്റി നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.
ഓൺലൈനിൽ ഫലസ്തീനികൾക്കെതിരെയുള്ള വംശവെറിയും വിദ്വേഷ പ്രചാരണങ്ങളും യഥാർത്ഥ ലോകത്തിലും അവർക്കെതിരെയുള്ള ആക്രമണങ്ങൾക്ക് കാരണമാകുന്നു എന്ന് ഫലസ്തീനിയൻ ഡിജിറ്റൽ റൈറ്റ്സ് കൊളീഷൻ ചൂണ്ടിക്കാട്ടി.
ഉള്ളടക്ക നിയന്ത്രണത്തിൽ എ.ഐയെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) പരിശീലിപ്പിക്കുന്ന മുഴുവൻ ഡാറ്റാ സെറ്റുകളുടെയും സമ്പൂർണ ഓഡിറ്റ് പുറത്തുവിടണമെന്ന് മെറ്റയോട് കൊളീഷൻ ആവശ്യപ്പെട്ടു.
മെറ്റയുടെ എ.ഐ മാതൃകകളുമായി ബന്ധപ്പെട്ട സമീപകാല പരിപാടികളിലും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഫലസ്തീൻ ജനങ്ങളുടെ വിശ്വാസ്യത മാത്രമല്ല, അറബ് ലോകത്തിലെ മുഴുവൻ വിശ്വാസ്യതയാണ് മെറ്റയ്ക്ക് നഷ്ടപ്പെടുകയെന്ന് ഫലസ്തീനിയൻ ഡിജിറ്റൽ റൈറ്റ്സ് കൊളീഷൻ പറഞ്ഞു.
Content highlight: Call for Meta to end dehumanisation of Palestinians on its platforms