national news
സി.എ.എ, എന്‍.ആര്‍.സി, ഏക സിവില്‍കോഡ് നടപ്പാക്കില്ല; പ്രകടനപത്രിക പുറത്തിറക്കി തൃണമൂല്‍ കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Apr 17, 12:25 pm
Wednesday, 17th April 2024, 5:55 pm

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കി. പത്ത് വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിലൂടെ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നോട്ട് വെച്ചത്. സി.എ.എ, എന്‍.ആര്‍.സി, ഏക സിവില്‍കോഡ് എന്നിവ നടപ്പിലാക്കില്ലെന്ന് പത്രികയില്‍ പറയുന്നു.

 ഒന്നാംഘട്ട വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയത്.

പ്രധാനമായി സി.എ.എ, എന്‍.ആര്‍.സി, ഏക സിവില്‍കോഡ് എന്നിവ തന്നെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്ന വാഗ്ദാനങ്ങള്‍. പാവപ്പെട്ട കുടുംബംങ്ങള്‍ക്ക് വര്‍ഷം പത്ത് എല്‍.പി.ജി സിലിണ്ടറുകള്‍ സൗജന്യമായി നല്‍കുമെന്നും പ്രകടന പത്രികയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വാഗ്ദാനം നല്‍കി.

പെണ്‍കുട്ടികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പ്, സ്ത്രീകള്‍ക്ക് വേണ്ടിയുള്ള മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയും പ്രകടന പത്രികയില്‍ ഇടംപിടിച്ചു. അതോടൊപ്പം തന്നെ കര്‍ഷകര്‍ക്ക് പ്രത്യേക പരിഗണനയും പ്രകടനപത്രികയില്‍ ലഭിക്കുന്നുണ്ട്. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് വിളകള്‍ക്ക് മിനിമം താങ്ങുവില നിയമപരമാക്കുമെന്നും പത്രികയില്‍ ഉറപ്പ് നല്‍കുന്നു.

വാര്‍ധക്യകാല പെന്‍ഷന്‍ 1000 രൂപയായി വര്‍ധിപ്പിക്കും, ആരോഗ്യ ഇന്‍ഷുറന്‍സ് പത്ത് ലക്ഷം രൂപയാക്കും, ബിരുദം ലഭിച്ച 25 വയസ്സ് പൂര്‍ത്തിയാക്കിയ ജോലി ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തെ സ്‌ടൈപ്‌മെന്റ് നല്‍കും തുടങ്ങിയ വാഗ്ദാനങ്ങാണ് പ്രകടന പത്രികയിലൂടെ തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയത്.

Content Highlight: CAA, NRC, will not be implemented; Trinamool Congress released its manifesto