മലയാളത്തില്‍ അടുത്ത കാലത്തിറങ്ങിയ ചിത്രങ്ങളില്‍ മേക്കിംഗില്‍ പരീക്ഷണം നടത്തി വിജയിച്ച ചിത്രമായിരുന്നു സീ യു സൂണ്‍. ചാറ്റ്‌ബോക്‌സ് സ്‌ക്രീനുകളിലൂടെ കഥ പറഞ്ഞ ചിത്രം ഒ.ടി.ടി. റിലീസിലൂടെ മലയാളി പ്രേക്ഷകരുടെ മാത്രമല്ല ഇന്ത്യയുടെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
കഴിഞ്ഞ ഒക്ടോബറില്‍ ആമസോണ്‍ പ്രൈമില്‍ റിലീസായതിന് പിന്നാലെ തന്നെ ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഈ രണ്ടാം ഭാഗത്തെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ മഹേഷ് നാരായണന്‍.
സീ യു സൂണിന്റെ രണ്ടാം ഭാഗം തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് ആലോചിക്കുന്നതെന്നും അതുവരെ എല്ലാവരും കാത്തിരിക്കണമെന്നും ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ മഹേഷ് നാരായണന്‍ പറഞ്ഞു.
ആദ്യഭാഗത്തിന്റെ തുടര്‍ച്ചയായിരിക്കില്ല രണ്ടാം ഭാഗമെന്ന് പറഞ്ഞ അദ്ദേഹം സിനിമയില്‍ താന്‍ പറയാന്‍ പോകുന്ന കഥയുടെ പശ്ചാത്തലത്തെ കുറിച്ചും സംസാരിച്ചു.
‘സീ യു സൂണിന് രണ്ടാം ഭാഗമുണ്ടാകും. അത് തീയേറ്ററിന് വേണ്ടിയുള്ളതായിരിക്കും. അതുവരെ കാത്തിരിക്കണം. എന്താണോ ആദ്യ ഭാഗത്തില്‍ കാണാതെ പോയത് അതായിരിക്കും പുതിയ സിനിമയില്‍ ഉണ്ടാവുക. അത് പിന്നീടുണ്ടാകും. ആദ്യ സിനിമ സ്‌ക്രീനിലൂടെ കഥ പറഞ്ഞതായിരുന്നു. അതില്‍ കാണാത്തതാകും രണ്ടാം ഭാഗത്തിലുണ്ടാവുക. ആദ്യത്തേതിന്റെ തുടര്‍ച്ചയായിരിക്കില്ല രണ്ടാം ഭാഗം,’ മഹേഷ് നാരായണന്‍ പറഞ്ഞു.
സീ യു സൂണിന്റെ തിരക്കഥയും എഡിറ്റിംഗും നിര്‍വഹിച്ചത് മഹേഷ് നാരായണനായിരുന്നു. ഫഹദ് ഫാസില്‍, റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഫഹദ് ഫാസിലും നസ്രിയയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
ജൂലൈ 15ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത മാലിക്കാണ് മഹേഷ് നാരായണന്റെ പുതിയ ചിത്രം. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
ഏപ്രില്‍ മാസം റിലീസ് ചെയ്യാന്‍ ഒരുങ്ങിയിരുന്ന മാലിക് കൊവിഡ് പ്രതിസന്ധി മൂലം 2021 മെയ് 13ലേക്ക് റിലീസ് മാറ്റിവെച്ചിരുന്നു. പിന്നീട് രണ്ടാം തരംഗം ശക്തമായതോടെ സിനിമ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
ഫഹദ് ഫാസിലാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അഹമ്മദലി സുലൈമാന്‍ എന്ന അലി ഇക്കയെ അവതരിപ്പിച്ചിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, സലിംകുമാര്‍, ഇന്ദ്രന്‍സ്, വിനയ് ഫോര്‍ട്ട്, രാജേഷ് ശര്‍മ, അമല്‍ രാജ്, സനല്‍ അമന്‍, പാര്‍വതി കൃഷ്ണ, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്തുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്.