തലശ്ശേരിയില്‍ വോട്ട് മറിക്കാന്‍ ബി.ജെ.പി പദ്ധതിയിട്ടു; നേതാക്കള്‍ നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ ഉടന്‍ പുറത്തുവിടുമെന്ന് സി.ഒ.ടി നസീര്‍
Kerala Election 2021
തലശ്ശേരിയില്‍ വോട്ട് മറിക്കാന്‍ ബി.ജെ.പി പദ്ധതിയിട്ടു; നേതാക്കള്‍ നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ ഉടന്‍ പുറത്തുവിടുമെന്ന് സി.ഒ.ടി നസീര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd April 2021, 6:26 pm

തലശ്ശേരി: തലശ്ശേരിയില്‍ ബി.ജെ.പി വോട്ട് മറിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി നസീര്‍. ഇത് തെളിയിക്കുന്ന ശബ്ദരേഖ നാളെ പുറത്തുവിടുമെന്നും നസീര്‍ പറഞ്ഞു.

തലശ്ശേരിയില്‍ വന്‍തോതില്‍ വോട്ടു മറിക്കാന്‍ ബി.ജെ.പി പദ്ധതിയിട്ടിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് ചില നേതാക്കള്‍ തമ്മില്‍ നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ കൈവശമുണ്ടെന്നും നസീര്‍ പറഞ്ഞു. ആര്‍ക്കുവേണ്ടിയാണ് വോട്ടുമറിക്കുന്നതെന്നുള്‍പ്പെടെ വിവരങ്ങള്‍ ഈ ശബ്ദരേഖയിലൂടെ നാളെ വെളിപ്പെടുത്തുമെന്നും നസീര്‍ കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍ സി.ഒ.ടി നസീറിനെ പിന്തുണയ്ക്കാന്‍ ബി.ജെ.പി ആദ്യം തീരുമാനിച്ചിരുന്നു. എന്നാല്‍
തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പിന്തുണ വേണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം സി.ഒ.ടി നസീര്‍ പറഞ്ഞത്. പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞതല്ലാതെ ബി.ജെ.പി തങ്ങളുമായി സഹകരിക്കുന്നില്ലെന്നും നസീര്‍ പറഞ്ഞിരുന്നു.

‘ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ എന്നെ പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞതല്ലാതെ യാതൊരു സഹകരണവും ഇതുവരെയുണ്ടായില്ല. തലശ്ശേരിയിലെ ബി.ജെ.പി നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് യാതൊരു പിന്തുണയുമില്ല. പേരിന് മാത്രം പിന്തുണ എന്നുപറയുന്നതില്‍ കാര്യമില്ല. മറ്റുള്ള കാര്യങ്ങള്‍ സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് ആലോചിച്ച് തീരുമാനിക്കും’, എന്നായിരുന്നു സി.ഒ.ടി നസീര്‍ പറഞ്ഞത്.

മാര്‍ച്ച് 29നാണ് തലശ്ശേരിയില്‍ സി.ഒ.ടി നസീറിനെ പിന്തുണയ്ക്കാന്‍ ബി.ജെ.പി നേതൃത്വം തീരുമാനിച്ചത്.

സി.ഒ.ടി നസീര്‍ ബി.ജെ.പി പിന്തുണനല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നായിരുന്നു തീരുമാനം. തലശ്ശേരിയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍. ഹരിദാസിന്റെ പത്രിക തള്ളിപോയിരുന്നു. നിലവില്‍ എന്‍.ഡി.എയ്ക്ക് തലശ്ശേരിയില്‍ സ്ഥാനാര്‍ത്ഥിയില്ല.

ബി.ജെ.പിയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലാത്തതിനാല്‍ വോട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി സി.ഒ.ടി നസീര്‍ നേരത്തെ പറഞ്ഞിരുന്നു. തുടര്‍ നടപടി ബി.ജെ.പി നേതാക്കളുമായി സംസാരിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു

തലശ്ശേരിയില്‍ ബി.ജെ.പിയുമായി സഖ്യത്തിനില്ലെന്ന് നേരത്തെ സി.ഒ.ടി നസീര്‍ അറിയിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിച്ചതിന് ആക്രമിക്കപ്പെട്ടയാളാണ് നസീര്‍. ആക്രമണത്തിന് പിന്നില്‍ തലശ്ശേരി എം.എല്‍.എ ഷംസീറാണെന്ന് നസീര്‍ പറഞ്ഞിരുന്നു.

സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗവും, നഗരസഭാ കൗണ്‍സിലറും ആയിരുന്നു നസീര്‍.

2016ല്‍ കണ്ണൂര്‍ ജില്ലയില്‍ ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയ മണ്ഡലമാണ് തലശേരി. 22,125 വോട്ടുകളാണ് ബി.ജെ.പിക്ക് വേണ്ടി മത്സരിച്ച സജീവന്‍ അന്ന് ഇവിടെ നേടിയത്. ഇവിടെയാണ് ജില്ലാ പ്രസിഡന്റ് കൂടിയായ എന്‍. ഹരിദാസിന്റെ പത്രിക തളളിയത്.

ബി.ജെ.പി ഇത്തവണ ഏറെ പ്രതീക്ഷ വെച്ചിരുന്ന മണ്ഡലം കൂടിയായതിനാലാണ് ബി.ജെ.പി ജില്ലാ പ്രസിഡന്റിനെ തന്നെ രംഗത്തിറക്കാന്‍ തീരുമാനിച്ചിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; C.O.T Nazir Allegation Aganist Bjp