സുരേഷ്‌ ഗോപി ബി.ജെ.പി നേതാവോ പ്രവർത്തകനോ അല്ല; ആളുകൾ ബി.ജെ.പിയിലേക്ക് ഒഴുകിയത് അധികാര സ്ഥാനം മോഹിച്ച്: സി.കെ. പത്ഭനാഭൻ
keralanews
സുരേഷ്‌ ഗോപി ബി.ജെ.പി നേതാവോ പ്രവർത്തകനോ അല്ല; ആളുകൾ ബി.ജെ.പിയിലേക്ക് ഒഴുകിയത് അധികാര സ്ഥാനം മോഹിച്ച്: സി.കെ. പത്ഭനാഭൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th July 2024, 8:45 am

കൊച്ചി: ബി.ജെ.പി നേതൃത്വത്തിനെതിരെ തുറന്നടിച്ച് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡഡന്റ് സി.കെ. പത്ഭനാഭൻ. ഹിന്ദുക്കളിലും തീവ്രവാദികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സഹ മന്ത്രി സുരേഷ്‌ ഗോപി ബി.ജെ.പി നേതാവോ പ്രവർത്തകനോ അല്ലെന്നും ബി.ജെ.പി യിലേക്ക് വരുന്നവർക്ക് പെട്ടെന്ന് സ്ഥാനം കൊടുക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലെ ഒരു പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘കോൺഗ്രസിൽ നിന്ന് ആളുകൾ ബി.ജെ.പിയിലേക്ക് ഒഴുകിയത് അധികാര സ്ഥാനം മോഹിച്ചിട്ടാണ്. ബി.ജെ.പിക്ക് അധികാരം ഇല്ലാതാകുന്ന പക്ഷം അവരെല്ലാം തിരിച്ചു പോകും. ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളകുട്ടി പാർട്ടിയിൽ വന്നതിന്റെ ഗുണം അദ്ദേഹത്തിന് മാത്രമാണ്.

കോൺഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യം ജനാധിപത്യത്തിന് യോജിച്ചതല്ല. തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തിന് കരുത്താകും. ശക്തമായ പ്രതിപക്ഷമാണ് പാർലമെന്റിൽ. രാഹുൽ ഗാന്ധി പാർലമെന്റിലെ അവസരം നന്നായി വിനിയോഗിച്ചു.

ബി.ജെ.പി ക്ക് കേരളത്തിൽ വേരോട്ടമുണ്ടാവണമെങ്കിൽ ന്യൂന പക്ഷങ്ങളുടെയും പിന്തുണ വേണം. മുസ്‌ലിം സമുദായം അകറ്റി നിർത്തപ്പെടേണ്ടവരല്ല. അവരെല്ലാം തീവ്രവാദികളല്ല. തീവ്രവാദികൾ ഹിന്ദുക്കളിലുമുണ്ട്,’ പത്ഭനാഭൻ പറഞ്ഞു.

കേരളത്തിൽ സി.പി.ഐ.എമ്മിന്റെ അടിത്തറ ശക്തമാണെന്നും പാർലമെന്റിൽ കിട്ടിയ വോട്ട് ബി.ജെ.പിക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ കിട്ടണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: C.K.Pathbhanabhan criticizes b.j.p