ആറില്‍ നിന്നും ഇരുപതിലേക്ക്; ഇംഗ്ലണ്ട് ഇതിഹാസം റൂണിയെ പുറത്താക്കി
Football
ആറില്‍ നിന്നും ഇരുപതിലേക്ക്; ഇംഗ്ലണ്ട് ഇതിഹാസം റൂണിയെ പുറത്താക്കി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 3rd January 2024, 8:36 am

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇംഗ്ലണ്ട് ഇതിഹാസം വെയ്ന്‍ റൂണിയെ പരിശീലകസ്ഥാനത്തുനിന്നും പുറത്താക്കി ബര്‍മിങ്ഹാം സിറ്റി. 2023 ഒക്ടോബറില്‍ ജോണ്‍ യൂസ്റ്റസിന് പകരക്കാരനായാണ് റൂണി ബര്‍മിങ്ഹാം സിറ്റിയുടെ പരിശീലകസ്ഥാനം ഏറ്റെടുത്തത്.

റൂണിയുടെ ഇംഗ്ലീഷ് ഫുട്‌ബോളിലേക്കുള്ള മടങ്ങിവരവ് ആരാധകന്‍ വലിയ ആവേശവും പ്രതീക്ഷയുമാണ് നല്‍കിയത്. എന്നാല്‍ ബര്‍മിങ്ഹാം സിറ്റിക്കൊപ്പം മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ സാധിക്കാതെ പോയതാണ് ഇംഗ്ലണ്ട് ഇതിഹാസത്തിന് തിരിച്ചടിയായത്.

റൂണിയുടെ കീഴില്‍ ബര്‍മിങ്ഹാം സിറ്റി 15 മത്സരങ്ങളില്‍ നിന്നും വെറും രണ്ടു മത്സരം മാത്രമാണ് വിജയിച്ചത്. റൂണി മാനേജര്‍ സ്ഥാനം ഏറ്റെടുക്കുന്ന സമയത്ത് ബര്‍മിങ്ഹാം സിറ്റി പോയിന്റ് ടേബിള്‍ ആറാം സ്ഥാനത്തായിരുന്നു എന്നാല്‍ റൂണിയുടെ വരവോടെ ബര്‍മിങ്ഹാം സിറ്റിയുടെ തുടര്‍ തോല്‍വികളുടെ ഫലമായി ടീം 20ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

2024 ആദ്യ മത്സരത്തില്‍ തന്നെ ബര്‍മിങ്ഹാം സിറ്റി ലീഡ്‌സ് യുണൈറ്റഡിനോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് റൂണിയെ ബര്‍മിങ്ഹാം സിറ്റി പുറത്താക്കിയത്.

കോച്ചിങ് സ്ഥാനത്ത് നിന്നും പിന്നാലെ പ്രതികരണവുമായി റൂണി രംഗത്തെത്തിയിരുന്നു.

‘ബര്‍മിങ്ഹാം സിറ്റിയെ മുന്നില്‍ നിന്നും പരിശീലകനായി നയിക്കാന്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ എനിക്ക് വലിയ പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി. ഒരു മാനേജര്‍ക്ക് ഏറ്റവും ആവശ്യമായി വരുന്നത് വലിയ സമയങ്ങളാണ്. ടീമില്‍ വലിയ മാറ്റങ്ങള്‍ വരാന്‍ 13 ആഴ്ച മാത്രം മതിയെന്ന് ഞാന്‍ കരുതുന്നുമില്ല.

വ്യക്തിപരമായി ഈ തിരിച്ചടി മറികടക്കാന്‍ എനിക്ക് കുറച്ച് അധികം സമയമെടുക്കും. ഇപ്പോള്‍ ഒരു മാനേജര്‍ എന്ന നിലയില്‍ പുതിയൊരു അവസരത്തിനു വേണ്ടി തയ്യാറെടുക്കുന്ന ഈ സമയങ്ങളില്‍ ഞാന്‍ എന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നു,’ റൂണി പറഞ്ഞു.

Content Highlight: Burmingham city sacked Wayne Rooney.