ബുറേവി ചുഴലിക്കാറ്റെത്തുന്നു; തെക്കന്‍ ജില്ലകളിലെ ഡാമുകള്‍ക്ക് കനത്ത ജാഗ്രത നിര്‍ദേശം; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യത
Kerala News
ബുറേവി ചുഴലിക്കാറ്റെത്തുന്നു; തെക്കന്‍ ജില്ലകളിലെ ഡാമുകള്‍ക്ക് കനത്ത ജാഗ്രത നിര്‍ദേശം; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st December 2020, 8:16 am

തിരുവനന്തപുരം: തമിഴ്‌നാട് തീരത്തെത്തുന്ന ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ഡാമുകളിലും റിസര്‍വോയറുകളിലും ജാഗ്രതാ നിര്‍ദേശം. അതിതീവ്ര മഴ കണക്കിലെടുത്ത് കേന്ദ്ര ജല കമ്മീഷനാണ് സംസ്ഥാനത്തെ തെക്കന്‍ ജില്ലകളിലെ ഡാമുകളില്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയത്.

തിരുവനന്തപുരത്തെ നെയ്യാര്‍ ഡാം, കൊല്ലം ജില്ലയിലെ കല്ലട റിസര്‍വോയര്‍, പത്തനംതിട്ടയിലെ കക്കി ഡാം തുടങ്ങിയ സ്ഥലങ്ങള്‍ക്കാണ് പ്രത്യേക നിര്‍ദേശം നല്‍കിയത്. ഡാമുകളിലെയും റിസര്‍വോയറുകളിലെയും ജലനിരപ്പ് നിയന്ത്രിച്ചില്ലെങ്കില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ടെന്നും ജല കമ്മീഷന്റെ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

ശബരിമല തീര്‍ത്ഥാടനം നടക്കുന്നതിനാല്‍ പമ്പ, മണിമല, അച്ചന്‍കോവില്‍ എന്നിവിടങ്ങളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും കമ്മിഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം തന്നെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് വന്നിരുന്നു.ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറി തെക്കന്‍ തമിഴ്നാട് തീരത്ത് കരയില്‍ പ്രവേശിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

അടുത്ത മൂന്ന് ദിവസത്തേക്ക് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചത്. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശിയേക്കും.

മലയോര മേഖലകളിലും തീരദേശ പ്രദേശങ്ങളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. മത്സ്യ ബന്ധനത്തിന് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്ക് പ്രഖ്യാപിച്ചു. തെക്കന്‍ കേരളത്തില്‍ കൂടുതല്‍ ശക്തമായ മഴ രേഖപ്പെടുത്തിയേക്കാം. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Burevi Cyclone, Alert to Dams in south districts in Kerala